Advertisment

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ഭാരവാഹി വീതംവയ്പ് തര്‍ക്കത്തിന് പരിഹാരം. 4 വൈസ് ചെയര്‍മാന്‍മാര്‍ക്ക് മുകളിലായി 4 ഡെപ്യൂട്ടി ചെയര്‍മാന്‍മാരെക്കൂടി നിയമിക്കുന്നു. മോന്‍സ് ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് തര്‍ക്കത്തിലും മോന്‍സിന് നേട്ടം. ഫ്രാന്‍സിസ് ജോര്‍ജിന് ഡെപ്യൂട്ടി ചെയര്‍മാന്‍ പദവികൊണ്ട് തൃപ്തിപ്പെടേണ്ടിവരും !

New Update

publive-image

Advertisment

ഇടുക്കി: കേരള കോണ്‍ഗ്രസ് - ജോസഫ് വിഭാഗത്തിലെ ഭാരവാഹി വീതം വയ്പ്പ് സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹാരത്തിലേയ്ക്ക്. പാര്‍ട്ടി ചെയര്‍മാനും വര്‍ക്കിംഗ് ചെയര്‍മാനും ശേഷം വൈസ് ചെയര്‍മാന്‍മാര്‍ എന്ന പദവിക്കു മുമ്പായി ഡെപ്യൂട്ടി ചെയര്‍മാന്‍മാരുടെ തസ്തിക സൃഷ്ടിച്ച് 4 മുതിര്‍ന്ന നേതാക്കളെ തൃപ്തിപ്പെടുത്താനാണ് തീരുമാനം. ഇതുപ്രകാരം ടിയു കുരുവിള, ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍ എന്നിവര്‍ ഡെപ്യൂട്ടി ചെയര്‍മാന്‍മാരാകും.

അതിനുശേഷം 4 വൈസ് ചെയര്‍മാന്‍മാര്‍ വേറെയുമുണ്ട്. വക്കച്ചന്‍ മറ്റത്തില്‍, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, ജോസഫ് എം പുതുശ്ശേരി, വിസി ചാണ്ടി എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍. ജോയ് എബ്രഹാം സെക്രട്ടറി ജനറലാകും. കൂടാതെ 25 ജനറല്‍ സെക്രട്ടറിമാരും ഉണ്ടാകും. ഫലത്തില്‍ മാണി - ജോസഫ് വിഭാഗങ്ങള്‍ ഒന്നായിരുന്ന സമയത്ത് ഒരു ഡെപ്യൂട്ടി ചെയര്‍മാനും ഒരു വൈസ് ചെയര്‍മാനും ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഈ രണ്ട് പദവികളിലും 4 പേര്‍ വീതമാകും.

ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 25-ല്‍ ഒതുക്കുമെന്നാണ് നിലവിലെ ധാരണയെങ്കിലും അതും നീണ്ടുപോയാല്‍ അത്ഭുതപ്പെടാനില്ല. വര്‍ക്കിംങ്ങ് ചെയര്‍മാന്‍ പദവിയില്‍ മോന്‍സ് ജോസഫിനൊപ്പം ഫ്രാന്‍സിസ് ജോര്‍ജിനെക്കൂടി നിയമിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

നിലവില്‍ ഇന്ത്യയില്‍ മറ്റൊരു പ്രാദേശിക പാര്‍ട്ടിക്കും ഇല്ലാത്തവിധമുള്ള ഭാരവാഹി ഘടനയാണ് ജോസഫ് വിഭാഗത്തിനായി പ്രഖ്യാപിക്കാന്‍ പോകുന്നത്. ജോസഫ് വിഭാഗത്തിന് പ്രവര്‍ത്തകരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടെന്നാണ് സംസാരമെങ്കിലും നേതാക്കളുടെ ബാഹുല്യംകൊണ്ട് സമൃദ്ധമാണ്.

പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കേരള കോണ്‍ഗ്രസ് - (ജെ) എന്ന പഴയ പാര്‍ട്ടി പുനരുജ്ജീവിപ്പിക്കാനാണ് തീരുമാനം. അതിനു മുന്‍പായി ജോസ് കെ മാണി വിഭാഗവുമായി കോടതിയില്‍ നിലനില്‍ക്കുന്ന വ്യവഹാരങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടതുണ്ട്.

തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ജോസഫ് വിഭാഗം കേസില്‍ നിന്നും പിന്‍മാറുന്നതായി കോടതിയെ അറിയിക്കും. മറ്റേതെങ്കിലും പാര്‍ട്ടിയില്‍ അംഗമാണെങ്കില്‍ പുതിയ പാര്‍ട്ടിയുടെ രജിസ്ട്രേഷനായി ഇലക്ഷന്‍ കമ്മീഷനെ സമീപിക്കാന്‍ കഴിയില്ല. ഈ സാങ്കേതിക തടസം ഒഴിവാക്കാനാണ് കേരള കോണ്‍ഗ്രസ് ചിഹ്ന തര്‍ക്കം സംബന്ധിച്ച കേസില്‍ നിന്നും ജോസഫ് വിഭാഗം പിന്‍മാറുന്നത്. ഫെബ്രുവരി 15 -നകം സ്വന്തം പാര്‍ട്ടി എന്ന തീരുമാനത്തിലാണ് പിജെ ജോസഫ്.

 

kerala congress joseph group
Advertisment