Advertisment

പിജെ ജോസഫ് ചെയര്‍മാനും ലീഡറുമായി കേരള കോണ്‍ഗ്രസ് - ജെ ഫെബ്രുവരി 10 -നകം നിലവില്‍വരുന്നു. രണ്ടാമനെചൊല്ലി ഫ്രാന്‍സിസ് ജോര്‍ജും മോന്‍സും തമ്മില്‍ തര്‍ക്കം ! മോന്‍സിനുതന്നെ സാധ്യത. 4 വൈസ് ചെയര്‍മാന്‍മാര്‍, 25 ജനറല്‍ സെക്രട്ടറിമാര്‍ ! ഉണ്ണിയാടനും ജോണി നെല്ലൂരും തഴയപ്പെട്ടേക്കും. മാണി വിഭാഗത്തില്‍നിന്നു വന്ന 2 പേര്‍ക്കുമാത്രം നിയമസഭാ സീറ്റ്. പാര്‍ട്ടിയില്‍ പിടിമുറുക്കി പരമ്പരാഗത ജോസഫ് വിഭാഗം. ജോസ് കെ മാണിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കാനും തീരുമാനം

New Update

publive-image

Advertisment

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ഭാരവാഹി വീതംവയ്പ് വൈകുന്നതില്‍ ഫ്രാന്‍സിസ് ജോര്‍ജിന്‍റെ നേതൃത്വത്തില്‍  ഒരു വിഭാഗം പിജെ ജോസഫിനെ കണ്ട് പ്രതിഷേധം അറിയിച്ചതിനു പിന്നാലെ പഴയ ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ തകൃതിയാക്കി പിജെ ജോസഫ്.

ഫെബ്രുവരി 10 -നകം ഇലക്ഷന്‍ കമ്മീഷന്‍ അംഗീകാരത്തോടെ പഴയ 'കേരള കോണ്‍ഗ്രസ് - ജെ' പുനരുജ്ജീവിപ്പിച്ച് സംസ്ഥാന കമ്മറ്റി വിളിച്ചുചേര്‍ത്ത് ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് പുതിയ നീക്കം. ഇതിനു മുന്നോടിയായി ജോസ് കെ മാണിക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള ചിഹ്ന തര്‍ക്കത്തില്‍നിന്നും ജോസഫ് വിഭാഗം പിന്‍മാറും. ഹൈക്കോടതി ഈ കേസ് പരിഗണിക്കുന്ന 20 -ന് കേസില്‍ നിന്നും പിന്‍മാറാനുള്ള തീരുമാനം കോടതിയെ അറിയിക്കാനാണ് ജോസഫ് വിഭാഗത്തിന്‍റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

മാണി ഗ്രൂപ്പില്‍ ലയിക്കുന്നതിനു മുമ്പുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് - ജെ എന്ന പഴയ പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍ തങ്ങള്‍ക്ക് ലഭിക്കാന്‍ തടസങ്ങളില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ പേര് ലഭിക്കുന്നതിനായി കേന്ദ്ര ഇലക്ഷന്‍ കമ്മീഷനെ സമീപിക്കും. രജിസ്ട്രേഷന്‍ പൂര്‍ത്തിയായാല്‍ ഉടന്‍ സംസ്ഥാന കമ്മറ്റി വിളിച്ചു ചേര്‍ത്ത് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് തീരുമാനം. ഫെബ്രുവരി 10 -നകം ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ജോസഫിന്‍റെ പ്രതീക്ഷ.

ഫ്രാന്‍സിസ് ജോര്‍ജിനെ ഒതുക്കാന്‍ നീക്കം ! 

പുതിയ പാര്‍ട്ടിയില്‍ പിജെ ജോസഫായിരിക്കും ചെയര്‍മാനും ലീഡറും. മോന്‍സ് ജോസഫ് വര്‍ക്കിങ്ങ് ചെയര്‍മാനാകും. പാര്‍ട്ടിയില്‍ പിജെ ജോസഫ് കഴിഞ്ഞാല്‍ പ്രവര്‍ത്തക പിന്തുണ അവകാശപ്പെടാന്‍ കഴിയുന്ന ഫ്രാന്‍സിസ് ജോര്‍ജിനെ പാര്‍ട്ടിയില്‍ രണ്ടാമനാക്കണമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കമെങ്കിലും മാണി ഗ്രൂപ്പില്‍നിന്നും ജോസഫിലെത്തിയ ജോയ് എബ്രഹാം ഉള്‍പ്പെടെയുള്ള വിഭാഗത്തിന്‍റെ പിന്തുണയോടെ മോന്‍സ് ജോസഫ് രണ്ടാമനാകും എന്നാണ് സൂചന.

ജോയ് എബ്രാഹം സെക്രട്ടറി ജനറലാകും. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ജോയിയെ മാറ്റി ഫ്രാന്‍സിസ് ജോര്‍ജിനുകൂടി സ്വീകാര്യനായ നേതാവ് സെക്രട്ടറി ജനറലാകാനാണ് സാധ്യത.

പണി കിട്ടിയത് ഉണ്ണിയാടനും ജോണിക്കും ! 

നിലവിലെ സ്ഥിതിയില്‍ ടിയു കുരുവിള പാര്‍ട്ടിയില്‍ നാലാമനും ഫ്രാന്‍സിസ് ജോര്‍ജ് അഞ്ചാമനുമാകും. തോമസ് ഉണ്ണിയാടനാണ് ആറാമന്‍. ജോണി നെല്ലൂരിന് ഏഴാം സ്ഥാനമാണുണ്ടാവുക. ഇവരുള്‍പ്പെടെ 25 ജനറല്‍ സെക്രട്ടറിമാരെ പ്രഖ്യാപിക്കും.

വക്കച്ചന്‍ മറ്റത്തില്‍, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, ജോസഫ് എം പുതുശ്ശേരി, വിസി ചാണ്ടി എന്നിവരായിരിക്കും വൈസ് ചെയര്‍മാന്‍മാര്‍.

ഭാരവാഹിത്വ വീതംവയ്പ് പൂര്‍ത്തിയാകുന്നതോടെ പഴയ ജോസഫ് വിഭാഗം പാര്‍ട്ടിയില്‍ പിടിമുറുക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണി വിഭാഗത്തില്‍നിന്നും 2 പേര്‍ക്ക് മാത്രമാകും സീറ്റ് നല്‍കുക. അതിലൊന്ന് തോമസ് ഉണ്ണിയാടനും രണ്ടാമത്തേത് പ്രിന്‍സ് ലൂക്കോസിനോ ജോസഫ് എം പുതുശ്ശേരിക്കോ ആയിരിക്കും. ഏറ്റുമാനൂര്‍ ജോസഫ് വിഭാഗത്തിന് ലഭിച്ചാല്‍ പ്രിന്‍സായിരിക്കും സ്ഥാനാര്‍ഥി. ഇനി ജോസഫ് വിഭാഗം ചോദിക്കുന്ന 15 സീറ്റും ലഭിച്ചാല്‍ ജോസഫ് എം പുതുശ്ശേരിക്കും സീറ്റ് ലഭിക്കും.

മഞ്ഞക്കടമ്പനും സീറ്റുണ്ടാവില്ല !

മാത്യു സ്റ്റിഫന്‍, സജി മഞ്ഞക്കടമ്പന്‍ ഉള്‍പ്പെടെ മാണി വിഭാഗത്തില്‍നിന്ന് വന്നവര്‍ക്കും ജോസഫ് ഗ്രൂപ്പ് ചെയര്‍മാനായിരുന്ന ജോണി നെല്ലൂരിനും സീറ്റ് ലഭിക്കില്ലെന്നാണ് സൂചന.

അപ്പുവിനെതിരെ പാര്‍ട്ടി ഒറ്റക്കെട്ട് ! 

തിരുവമ്പാടിയില്‍ മകന്‍ അപ്പു ജോസഫിനെ മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടിയില്‍ ബഹുഭൂരിപക്ഷത്തിനും കടുത്ത വിയോജിപ്പുണ്ടെങ്കിലും മകനെ മത്സരിപ്പിക്കാന്‍ തന്നെയാണ് ജോസഫിന്‍റെ നീക്കം.

ഭാരവാഹികളെ തീരുമാനിക്കുന്നതിലുണ്ടായ കാലതാമസം ജോസഫ് വിഭാഗത്തില്‍ പൊട്ടിത്തെറിയുടെ വക്കിലെത്തിയിരുന്നു. 4 കേരള കോണ്‍ഗ്രസുകളില്‍നിന്നായി രണ്ട് പാര്‍ട്ടി ചെയര്‍മാന്‍മാര്‍ ഉള്‍പ്പെടെ പാര്‍ട്ടിയില്‍ എത്തിയിട്ടും ഇവര്‍ക്ക് പദവികള്‍ നല്‍കാന്‍ കഴിയാതിരുന്നത് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.

കഴി‍ഞ്ഞ ദിവസം ഫ്രാന്‍സിസ് ജോര്‍ജ്, എംപി പോളി എന്നിവരുടെ നേതൃത്വത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് വിട്ട് വന്ന 4 നേതാക്കള്‍ തിരുവനന്തപുരത്തെത്തി പിജെ ജോസഫിനെ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. ഇനിയും തീരുമാനം വൈകിയാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കിയിരുന്നു.

 

 

pj joseph kottayam news
Advertisment