Advertisment

ബാര്‍ കോഴ കേസില്‍ കെ.എം മാണിയെ ഉപദ്രവിച്ചതും പിന്നില്‍ നിന്നും കുത്തിയതും കോണ്‍ഗ്രസും യുഡിഎഫും ! ഇടതുപക്ഷം ചെയ്തത് രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്തുക മാത്രം ! 50 വര്‍ഷത്തെ പാരമ്പര്യമുള്ള തനിക്കെതിരെ വ്യാജ ആരോപണത്തിന്‍റെ പേരില്‍ തെളിവില്ലാതെ കേസെടുക്കരുതെന്ന് മാണിസാര്‍ അഭ്യര്‍ഥിച്ചത് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തള്ളിക്കളഞ്ഞു. കള്ള ആരോപണത്തിന്‍റെ പേരില്‍ എഫ്ഐആര്‍ ഇട്ട് ബാര്‍ മുതലാളിമാര്‍ പറഞ്ഞ ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏല്‍പിച്ചതും കോണ്‍ഗ്രസ്. മാണിക്കെതിരെ തെളിവില്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതും 'അറസ്റ്റ് ' തടഞ്ഞതും പിണറായി സര്‍ക്കാര്‍ ! ധനമന്ത്രിയായിരുന്ന കെ.എം മാണി അനുഭവിച്ചത് കേരള ചരിത്രത്തില്‍ ഇന്നുവരെ സ്വന്തം സര്‍ക്കാരില്‍ നിന്നും ഒരു മന്ത്രിക്ക് നേരിടേണ്ടി വന്നിട്ടില്ലാത്തവിധം അനുഭവങ്ങളെന്ന് തുറന്നടിക്കാനൊരുങ്ങി കേരള കോണ്‍ഗ്രസ് - എം !

New Update

publive-image

Advertisment

കോട്ടയം: ബാര്‍ കോഴ വിവാദത്തിനിടയിലെ നിയമസഭയിലെ കയ്യാങ്കളി കേസില്‍ വിചാരണ തുടരാനുള്ള സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ് - എമ്മിനെതിരെയുള്ള രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായി പ്രതികരിക്കാനൊരുങ്ങി ജോസ് കെ മാണി വിഭാഗം.

മുന്നണിയിലെ മൂന്നാമനും മന്ത്രിസഭയിലെ ഏറ്റവും തലമുതിര്‍ന്ന അംഗവുമായിരുന്നിട്ടും തെളിവുകളില്ലാതെ ഒരു കളങ്കിത അബ്കാരി ഉന്നയിച്ച അവകാശവാദങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ സ്വന്തം സര്‍ക്കാരിലെ മന്ത്രിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പ്രഖ്യാപിച്ച യുഡിഎഫ് ആണോ പ്രതിപക്ഷമെന്ന നിലയില്‍ സര്‍ക്കാരിനെതിരായ ആരോപണം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരായ പ്രതിപക്ഷമായിരുന്നോ കേരള കോണ്‍ഗ്രസിന്‍റെ ശത്രുവെന്നത് പരസ്യമായി പറയാന്‍ തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനം.

ഒപ്പം നിര്‍ത്തി പിന്നില്‍ നിന്നും കുത്തിയത് കോണ്‍ഗ്രസും യുഡിഎഫുമായിരുന്നുവെന്ന ശക്തമായ വിമര്‍ശനമായിരിക്കും കേരള കോണ്‍ഗ്രസ് - എം ഉന്നയിക്കുക.

സ്വന്തം സര്‍ക്കാരിലെ പ്രമുഖ മന്ത്രിക്കെതിരെ വ്യാജ ആരോപണത്തിന്‍റെ മറവില്‍ കേസെടുത്ത് അന്വേഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ പ്രതിപക്ഷത്തിനും വിവാദം ഏറ്റെടുക്കേണ്ടി വന്നു. എന്നാല്‍ 2016 -ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം എതിര്‍ മുന്നണിയിലായിരുന്നിട്ടും കെ.എം മാണിസാറിനെതിരെ പ്രതികാര നടപടി ഉണ്ടായില്ലെന്നതും കേരള കോണ്‍ഗ്രസ് - എം ചൂണ്ടിക്കാട്ടുന്നു. ബാര്‍ കോഴ കേസില്‍ കെ.എം മാണിക്കെതിരെ തെളിവില്ലെന്നു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് ഇടതു സര്‍ക്കാരാണ്.

മാത്രമല്ല, യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് വിജിലന്‍സ് ഉപമേധാവി സ്ഥാനത്തിരുന്ന് കെ.എം മാണിക്കെതിരെ ഗൂഢാലോചന നടത്തിയ ജേക്കബ് തോമസ് കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് വിജിലന്‍സ് ഡയറക്ടറായിരിക്കെ പ്രതിപക്ഷത്തെ പ്രമുഖനായിരുന്ന കെ.എം മാണിസാറിനെ അറസ്റ്റ് ചെയ്യാനും വഴിവിട്ട നീക്കം നടത്തിയിരുന്നു. അന്ന് ഈ നീക്കം അറിഞ്ഞ ഉടന്‍ തെളിവില്ലാതെ കെ.എം മാണിയെ തൊടരുതെന്ന് ജേക്കബ് തോമസിന് അന്ത്യശാസനം നല്‍കി അറസ്റ്റ് നീക്കം തടഞ്ഞത് പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടിട്ടാണെന്നതും കേരള കോണ്‍ഗ്രസ് തുറന്നുകാട്ടും.

ബാര്‍ കോഴ ആരോപണം ഉണ്ടായപ്പോള്‍ 50 വര്‍ഷത്തെ പാര്‍ലമെന്‍ററി പാരമ്പര്യമുള്ള നേതാവെന്ന നിലയില്‍ മതിയായ തെളിവില്ലാതെ തനിക്കെതിരെ കേസെടുക്കരുതെന്ന് മാണിസാര്‍ ഉമ്മന്‍ ചാണ്ടിയോടും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോടും നേരിട്ട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ആദ്യം അത് സമ്മതിച്ചെങ്കിലും ആഭ്യന്തര മന്ത്രി ഇടപെട്ടതോടെ മലക്കം മറിഞ്ഞു. കേസെടുത്തില്ലെങ്കില്‍ നിയമപരമായും രാഷ്ട്രീയപരമായും അത് ചോദ്യം ചെയ്യപ്പെടുമെന്നായിരുന്നു അന്ന് സ്വന്തം സര്‍ക്കാരിന്‍റെ തലവനായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞ ന്യായം.

എന്തായാലും മാണിസാറിന്‍റെ അടുത്ത സുഹൃത്തായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിക്കുപോലും കേസ് തടയാനായില്ല. ഒടുവില്‍ ഒരു തെളിവുമില്ലാതെ കേസെടുത്തു. എന്നു മാത്രമല്ല, ബാര്‍ കോഴയിലെ വ്യാജ ആരോപണക്കാരന്‍റെ നോമിനിയെ തന്നെ അന്വേഷണ ഉദ്യോഗസ്ഥനായും നിയമിച്ചു.

അധികാരത്തിലിരുന്ന മന്ത്രിക്കെതിരായ അന്വേഷണത്തിന്‍റെ വിവരങ്ങള്‍ മണിക്കൂര്‍ അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത്. മാണി സാറിന്‍റെ വീട്ടില്‍ നോട്ടെണ്ണുന്ന മെഷീന്‍ ഉണ്ടെന്നുവരെ അന്വേഷണത്തിന്‍റെ പേരില്‍ വ്യാജവാര്‍ത്തകള്‍ പുറത്തുവന്നിട്ടും ആഭ്യന്തര മന്ത്രി തടഞ്ഞില്ല. മാണി സാറിന്‍റെ ഭാര്യയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതും വിവാദമാകുമെന്ന് കണ്ടപ്പോള്‍ മാത്രമാണ് പിന്‍വലിച്ചത്.

കേരളത്തിന്‍റെ ചരിത്രത്തില്‍ ഇതേവരെ ഒരു മന്ത്രിക്കും സ്വന്തം സര്‍ക്കാരില്‍ നിന്നും മുന്നണിയില്‍ നിന്നും ഉണ്ടാകാത്ത അനുഭവമാണ് യുഡിഎഫില്‍ നിന്നും കെ.എം മാണിക്ക് ഏല്‍ക്കേണ്ടിവന്നത്.

ഭൂരിപക്ഷം കുറവായിരുന്ന യുഡിഎഫ് സര്‍ക്കാരിനെ കേസിന്‍റെ പേരില്‍ അന്ന് 6 അംഗങ്ങളുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തിലാക്കുന്നത് തടയാന്‍ പി.ജെ ജോസഫിനേയും മോന്‍സ് ജോസഫിനെയും കോണ്‍ഗ്രസ് കൂട്ടുപിടിച്ചു. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സര്‍ക്കാരിലെ കേരള കോണ്‍ഗ്രസ് പ്രതിനിധികളായ 2 മന്ത്രിമാരും ചീഫ് വിപ്പും രാജിവയ്ക്കാന്‍ ആലോചിച്ചപ്പോള്‍ പി.ജെ ജോസഫ് അതിനെ എതിര്‍ത്തത് കോണ്‍ഗ്രസ് ആവശ്യപ്പെട്ട പ്രകാരമായിരുന്നു.

സ്വന്തം വിഭാഗത്തില്‍നിന്നും ജോയ് എബ്രാഹം എംപിയും അതിനെ എതിര്‍ത്തു. അന്ന് ഇടം വലം നിന്ന് കെ.എം മാണിസാറിനെ കോണ്‍ഗ്രസിനുവേണ്ടി ഒറ്റിക്കൊടുത്തവര്‍ ഇന്ന് പ്രമുഖ പത്രത്തില്‍ 'മാണിസാറിന്‍റെ വിലാപങ്ങള്‍' അയവിറക്കിയതും പഴയ ഗൂഢാലോചനയുടെ ബാക്കി പത്രങ്ങളാണെന്ന് കേരള കോണ്‍ഗ്രസ് - എം വ്യക്തമാക്കുന്നു.

അതിനാല്‍ തന്നെ കെ.എം മാണിസാറിനെ ബാര്‍ കോഴ കേസിന്‍റെ പേരില്‍ ഉപദ്രവിച്ചതും പിന്നില്‍ നിന്നം കുത്തിയതും കോണ്‍ഗ്രസാണെന്നും ഇടതുപക്ഷം രാഷ്ട്രീയമായി അത് ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നുമാണ് കേരള കോണ്‍ഗ്രസ് - എം നിലപാട് വ്യക്തമാക്കാന്‍ ഒരുങ്ങുന്നത്.

2016 -ല്‍ യുഡിഎഫ് വിടാനുള്ള മാണിസാറിന്‍റെ തീരുമാനത്തിനു പിന്നിലും യുഡിഎഫിന്‍റെ ചതിയായിരുന്നു. എക്സൈസ് വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിക്കെതിരെ ആരോപണമുണ്ടായിട്ട് അദ്ദേഹത്തിനു കേസില്ല, ബാര്‍ അനുമതിയില്‍ പ്രത്യേകിച്ച് ഒരു റോളുമില്ലാതിരുന്ന ധനമന്ത്രിക്കെതിരെ കേസെടുത്തു എന്ന ഇരട്ട നീതിക്കെതിരെ മാണിസാര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നിട്ടിപ്പോള്‍ ഇടതുപക്ഷത്തിനൊപ്പം കൂടിയത് വലിയ അപരാധമായെന്ന നിലയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.

km mani
Advertisment