Advertisment

കേന്ദ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാരുണ്യക്ക് തടസ്സമല്ലെന്ന് ജോസ് കെ മാണി - കാരുണ്യ പദ്ധതി നിര്‍ത്തലാക്കരുതെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് എംഎല്‍എമാര്‍ സെക്രട്ടറിയേറ്റ് പടിക്കൽ ഉപവസത്തിന്. ജോസ് കെ.മാണി വിഭാഗത്തിന്‍റെ ആദ്യ പൊതു പരിപാടി

New Update

publive-image

Advertisment

കോട്ടയം : ലക്ഷകണക്കിന് രോഗികള്‍ക്ക് ആശ്വാസമേകിയ കാരുണ്യപദ്ധതി നിര്‍ത്തലാക്കുന്നതിനെതിരെ കേരളാ കോണ്‍ഗ്രസ്സ് (എം) ആഭിമുഖ്യത്തിൽ നാളെ രാവിലെ 9 മണിമുതൽ കേരള കോൺഗ്രസ് എം എൽ എമാരായ റോഷി അഗസ്റ്റിൻ ഡോ.എൻ.ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ ഉപവാസസമരം സംഘടിപ്പിക്കുന്നു .

കേരള കോൺഗ്രസ് പാർട്ടിയുടെ ചെയർമാനായി ജോസ് കെ.മാണിയെ തെരഞ്ഞെടുത്തതിനുശേഷമുള്ള ആദ്യ പൊതു പരിപാടിയാണിത് .

കഴിഞ്ഞ യുഡിഎഫ് സർക്കാരിൻറെ ഏറ്റവും തിളക്കമാർന്ന പരിപാടികളിൽ ഒന്നായിരുന്നു ധനകാര്യ മന്ത്രിയായിരുന്ന കെ എം മാണി ആവിഷ്കരിച്ച കാരുണ്യ പദ്ധതി. ലക്ഷോപലക്ഷം ജനങ്ങൾക്ക് ചികിത്സാസഹായം ഇടനിലക്കാരന്റെ ആവശ്യമില്ലാതെ ലഭിക്കുന്ന ജനകീയ ആരോഗ്യ പദ്ധതിയായിരുന്നു കാരുണ്യ ബെനവലൻറ് ഫണ്ട് .

publive-image

ജൂണ്‍ 30 മുതൽ കാരുണ്യ ചികിത്സാ പദ്ധതി അവസാനിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കേരളാ കോണ്‍ഗ്രസ്സ് (എം) സമര രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

കേരള കോൺഗ്രസ് പാർട്ടി പ്രവർത്തകർക്കും പൊതു ജനങ്ങൾക്കും ഏറെ വൈകാരികമായിതന്നെ കെഎം മാണിയുടെ ഈ പദ്ധതിയോട് ആഭിമുഖ്യം ഉണ്ടായിരുന്നു. കെഎം മാണിയുടെ മരണശേഷം കേരള കോൺഗ്രസ് പാർട്ടി ജോസഫ് , ജോസ് കെ മാണി വിഭാഗങ്ങളായി പിളർന്നിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ ജോസ് കെ മാണി വിഭാഗം നടത്തുന്ന ഈ സമര പരിപാടിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. എം.എല്‍.എമാരായ റോഷി അഗസ്റ്റിനും, ഡോ.എന്‍.ജയരാജുമാണ് നേതൃത്വം കൊടുക്കുന്നത്. കേരളാ കോണ്‍ഗ്രസ്സ് (എം)സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും.

മരണത്തിനും ജീവിതത്തിനുമിടയില്‍ നിസ്സഹായരായി നിന്ന നിർധനരായ രോഗികള്‍ക്ക് ആശ്വാസമേകിയ കാരുണ്യപദ്ധതി യു.ഡി.എഫ് ഗവണ്‍മെന്റ് കാലത്തെ അതേ മാതൃകയില്‍ തന്നെ തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടു.

അന്തരിച്ച പാർട്ടിചെയർമാൻ കെ എം മാണി ധനകാര്യ മന്ത്രി ആയപ്പോൾ രൂപംകൊടുത്ത ഈ പദ്ധതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ വിശ്വോത്തര മാതൃകയായിരുന്നു. തന്റെ ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തന ജീവിതത്തില്‍ ഏറ്റവും അഭിമാനവും ചാരുതാര്‍ത്ഥ്യവും പകര്‍ന്ന പദ്ധതിയാണ് കാരുണ്യയെന്ന് മാണി സാര്‍ തന്നെ പറഞ്ഞതാണ്.

ഇന്‍ഷുറന്‍സ് കമ്പനികളുടെ കടുത്ത നിബന്ധനകള്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേധിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പാവപ്പെട്ട രോഗികള്‍ക്ക് ഉപകാരപ്പെടാത്ത സ്ഥിതിയുണ്ടാകും.

സംസ്ഥാന ഖജനാവിന് ഒരു രൂപ പോലും സാമ്പത്തിക ബാധ്യത സൃഷ്ടിക്കാത്ത ജനകീയ പദ്ധതിയായ കാരുണ്യ പദ്ധതി തുടര്‍ന്നും നടപ്പിലാക്കി പാവങ്ങളെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതികളൊന്നും കാരുണ്യക്ക് തടസ്സമല്ലാത്തതിനാല്‍ സ്വന്തം നിലയില്‍ ഈ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

jose k mani
Advertisment