കോവിഡ് തീവ്രവ്യാപനം നേരിടാന്‍ സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപ്പരിശോധന: മൂന്നു ലക്ഷം പേരെ പരിശോധിക്കും: ടിപിആര്‍ ഉയര്‍ന്നു നില്ക്കുന്ന കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ പരിശോധന നടത്തും: വാക്സീന്‍ ക്ഷാമം പരിഹരിക്കാന്‍ അഞ്ചര ലക്ഷം ഡോസ് കൂടി ഉടനെത്തും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, April 21, 2021

തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപനം നേരിടാന്‍ സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപ്പരിശോധന. മൂന്നു ലക്ഷം പേരെ പരിശോധിക്കും. ടിപിആര്‍ ഉയര്‍ന്നു നില്ക്കുന്ന കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ പരിശോധന നടത്താന്‍ കോവിഡ് കോര്‍ കമ്മിറ്റിയോഗം നിര്‍ദേശിച്ചു. വാക്സീന്‍ ക്ഷാമം പരിഹരിക്കാന്‍ അഞ്ചര ലക്ഷം ഡോസ് കൂടി ഉടനെത്തുമെന്നാണ് വിവരം.

കോവിഡ് കണക്കുകൾ പിടിവിട്ട് കുതിക്കുമ്പോൾ പരമാവധി പേരെ പരമാവധി വേഗത്തിൽ പരിശോധിക്കുകയാണ് ലക്ഷ്യം. മുപ്പത് ശതമാനത്തില്‍ കൂടുതല്‍ ടെസ്ററ് പോസിററിവിററി നിരക്കുളള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ വീടുകളിലെത്തി ആന്റിജന്‍ പരിശോധന നടത്തും. ‌‍

ജില്ലാ ടി പി ആറിന്റെ ഇരട്ടി ടെസ്ററ് പോസിററിവിററിയുളള തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ എല്ലാ വീടുകളില്‍ നിന്നും ഒരാളെയെങ്കിലും പരിശോധിക്കും. കോവിഡ് വ്യാപനം രൂക്ഷമായ എറണാകുളത്ത് 39500 ഉം കോഴിക്കോട് 36000 ഉം മലപ്പുറത്ത് 32900 ഉം തൃശൂരില്‍ 26800 ഉം സാംപിളുകളെടുക്കും കടകൾ, ഹോട്ടലുകൾ, വിനോദ സഞ്ചാരം, പൊതു ഗതാഗതം , വിതരണ ശ്യംഖലകളിലെ തൊഴിലാളികൾ എന്നിവരിൽ പരിശോധന നടത്തും. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്തവരില്‍ കഴിഞ്ഞ പരിശോധനയില്‍ ഉള്‍പ്പെടാത്തവരെ കണ്ടെത്തി പരിശോധിക്കും. ആശുപത്രി ഒപികളിൽ എത്തുന്നവർ , കിടത്തി ചികിൽസയിലുള്ളവർ, ക്ലസ്റ്ററുകളിലും നിയന്ത്രിത മേഖലകളിലും ഉള്ളവർ എന്നാവരേയും ടെസ്റ്റ് ചെയ്യും.

×