Advertisment

യുഡിഎഫില്‍ സീറ്റ് ധാരണയാകുന്നു ! മുസ്ലീംലീഗുമായി ധാരണ; ലീഗിന് ഇക്കുറി മൂന്നു സീറ്റുകള്‍ കൂടുതല്‍; രണ്ടു മണ്ഡലം വച്ചുമാറും ! ബേപ്പൂര്‍, കൂത്തുപറമ്പ്, ചേലക്കര മണ്ഡലങ്ങള്‍ ലീഗിന്. പുനലൂരും ചടയമംഗലവും വച്ചുമാറും. കുന്നമംഗലം ലീഗിന് നല്‍കി ബാലുശേരിയില്‍ കോണ്‍ഗ്രസ് മത്സരിക്കും. ഇനി യുഡിഎഫിന് കീറാമുട്ടി ജോസഫ് വിഭാഗം. ജോസഫിന് പരമാവധി എട്ടു സീറ്റുകള്‍ നല്‍കാമെന്നു കോണ്‍ഗ്രസ്; വഴങ്ങാതെ ജോസഫ് !

New Update

തിരുവനന്തപുരം: യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ച നാളെ പൂര്‍ത്തിയാക്കും. മൂന്ന് സീറ്റ് അധികം നല്‍കി ലീഗുമായി കോണ്‍ഗ്രസ് സമവായത്തിലെത്തി. ബേപ്പൂര്‍, കൂത്തുപറമ്പ്, ചേലക്കര സീറ്റുകള്‍ കൂടി ഇത്തവണ ലീഗിന് ലഭിക്കും. ഇതോടെ കഴിഞ്ഞ തവണ മത്സരിച്ച 24 സീറ്റിനൊപ്പം മൂന്നു സീറ്റുകള്‍ കൂടി കിട്ടിയതോടെ 27 സീറ്റുകള്‍ ലീഗിന് ലഭിക്കും. ഇതിനു പുറമെ രണ്ടു സീറ്റുകള്‍ വച്ചുമാറും.

Advertisment

publive-image

പുനലൂര്‍ സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കി ചടയമംഗലം ലീഗിന് ലഭിക്കും. ബാലുശേരി മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുത്ത് കുന്നമംഗലം ലീഗിന് വിട്ടു നല്‍കാനാണ് ധാരണ. നേരത്തെ തിരുവമ്പാടി സീറ്റ് വച്ചുമാറാന്‍ ചില നീക്കങ്ങളുണ്ടായെങ്കിലും അത് തീരുമാനമായില്ല.

ഇനി ജോസഫ് വിഭാഗവുമായുള്ള ചര്‍ച്ചയാണ് പ്രധാനം. പക്ഷേ ജോസഫ് വിഭാഗം 12 സീറ്റിനായി വാശിപിടിക്കുന്ന സാഹചര്യത്തില്‍ അവരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ബുധനാഴ്ചയോടെ സീറ്റുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് യുഡിഎഫ് തീരുമാനം.

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകളാക്കി വഴിതിരിച്ച യുഡിഎഫ് ഒരു മുഴം മുന്നേ എറിയാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ആശയ വിനിമയം നടത്തി. എട്ടു സീറ്റ് പരമാവധി നല്‍കി ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

അഞ്ച് സീറ്റ് ലഭിക്കുന്ന ആര്‍എസ്പി ആറ്റിങ്ങല്‍, കൈപ്പമംഗലം സീറ്റുകള്‍ക്ക് പകരം കൊല്ലം ജില്ലയിലെ ഒരു സീറ്റ് കൂടി ലഭിക്കണമെന്ന അവകാശ വാദത്തിലാണ്. സിഎംപി ജയസാധ്യതയുള്ള ഒരു സീറ്റ് ലഭിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍കുന്നു. മാണി സി കാപ്പന്റെ എന്‍സികെയ്ക്ക് ഒരു സീറ്റ് നല്‍കും.

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിനും ഫോര്‍വേഡ് ബ്ലോക്കിനും ഓരോ സീറ്റുമെന്നതാണ് ധാരണകള്‍. നാളെ ചര്‍ച്ച പൂര്‍ത്തിയായാല്‍ ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ പ്രഖ്യാപനമുണ്ടാകും. അന്ന് തന്നെ പ്രകടന പത്രികക്കും അന്തിമ രൂപം നല്‍കും. ബുധനാഴ്ചക്ക് ശേഷം ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് പട്ടികക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നേടാനാണ് കോണ്‍ഗ്രസ് നീക്കം.

kerala election 2021
Advertisment