Advertisment

ടിവി നന്നാക്കണമെന്നു നിരന്തരം ആവശ്യപ്പെട്ടിരുന്നു; ഓൺലൈൻ ക്ലാസുകൾ തുടങ്ങുന്ന മുറയ്ക്കു സൗകര്യങ്ങൾ ഒരുക്കാമെന്നു പറഞ്ഞു മകളെ ആശ്വസിപ്പിച്ചിരുന്നതായി ദേവികയുടെ രക്ഷിതാക്കൾ

New Update

മലപ്പുറം: ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടും പങ്കെടുക്കാൻ പറ്റാത്തതിന്‍റെ വിഷമം മകൾ പങ്കുവച്ചിരുന്നതായി ദേവികയുടെ രക്ഷിതാക്കൾ .പുളിയപ്പറ്റക്കുഴി കൊളത്തിങ്ങൽ ബാലകൃഷ്ണന്റെ മകൾ ദേവികയെയാണു (14) തിങ്കളാഴ്ച വൈകിട്ട് ഇരുമ്പിളിയത്തെ ഒഴിഞ്ഞ പറമ്പിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ സ്മാര്‍ട്ട് ഫോണില്ല. ടിവി തകരാറിലാണ്. വീട്ടിലെ അസൗകര്യങ്ങൾ തന്റെ പഠനത്തിനു തടസമാകുമെന്ന ആശങ്ക ദേവിക നേരത്തെ രക്ഷിതാക്കളുമായി പങ്കുവച്ചിരുന്നു.

Advertisment

publive-image

ടിവി നന്നാക്കണമെന്നു നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഓൺലൈൻ ക്ലാസുകൾ തുടങ്ങുന്ന മുറയ്ക്കു സൗകര്യങ്ങൾ ഒരുക്കാമെന്നു പറഞ്ഞു മകളെ ആശ്വസിപ്പിച്ചിരുന്നതായി പിതാവ് ബാലകൃഷ്ണൻ പറയുന്നു. കൂലിപ്പണിക്കാരനായ ബാലകൃഷ്ണനു ലോക്ഡൗണിനെത്തുടര്‍ന്നു തൊഴിൽ നഷ്ടപ്പെട്ടതോടെയാണു കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായത്..

സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ആദ്യദിവസത്തെ ഓൺലൈൻ ക്ലാസ് നഷ്ടമായതാണു ദേവികയെ ആത്മഹത്യയിലേക്കു നയിച്ചതെന്നു രക്ഷിതാക്കൾ പറയുന്നു. വീട്ടിലെ സാമ്പത്തിക പ്രതിസന്ധിയും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും ആത്മഹത്യയ്ക്കു കാരണമായെന്നാണു പൊലീസിന്റെയും വിലയിരുത്തൽ. ദേവികയുടെ വീട്ടിൽ നിന്നു പൊലീസ് കണ്ടെത്തിയ കുറിപ്പിലും ആത്മഹത്യയിലേക്കു നയിച്ച കാരണങ്ങളെക്കുറിച്ചു സൂചനകൾ നൽകുന്നുണ്ട്.

തിങ്കളാഴ്ച വൈകിട്ട് ആറിനാണു വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ ദേവികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വീട്ടിലെ മണ്ണെണ്ണ കുപ്പിയു മൃതദേഹത്തിന് അരികിലുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.

വീട്ടിലെ ടിവി പ്രവർത്തിക്കാത്തതും സ്മാർട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നു. സെക്കന്റ്ഹാൻഡ് ടിവിയായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ഒരുമാസമായി ടിവി കേടായിരുന്നു. അച്ഛൻ കൂലിപ്പണിക്കാരനാണ്. ലോക്ഡൗണിൽ പണിയില്ലാതായതും ടിവി നന്നാക്കുന്നത് നീണ്ടുപോകാൻ കാരണമായി.

രണ്ട് ദിവസമായി ടിവി ഇല്ലെന്ന് പറഞ്ഞ് ദേവിക സങ്കടം പറഞ്ഞിരുന്നു. സ്കൂൾ തുറക്കുമ്പോഴേക്കും ടിവി നന്നാക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. അടുത്തുള്ള വീട്ടിൽ പോയി ടിവികാണാം എന്നു പറഞ്ഞ് ആശ്വസിപ്പിച്ചിരുന്നതായും കുട്ടിയുടെ അമ്മപറയുന്നു. എന്നാൽ അവരൊന്നും നമ്മളെ വിളിച്ചില്ലല്ലോ എന്നായിരുന്നു ദേവികയുടെ മറുപടിയെന്നും അമ്മ ഒാർക്കുന്നു.

കുട്ടിയെ ഉച്ചമുതൽ കാണാതായിരുന്നു. വീടിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് തീകൊളുത്തി മരിക്കുകയായിരുന്നു. അടുത്തവീട്ടിൽ പോയിക്കാണും എന്നാണ് കരുതിയത്. പിന്നീടാണ് വൈകുന്നേരത്തോടെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ മണ്ണെണ്ണ കുപ്പിയും കൊണ്ടുപോയാണ് തീകൊളുത്തിയത്.

കുട്ടിക്ക് മറ്റ് വിഷമങ്ങൾ ഒന്നുമില്ലായിരുന്നുവെന്നു മാതാവ് പറഞ്ഞു. മുത്തശ്ശിയോടാണ് ടിവിയില്ലാത്തതിന്റെ സങ്കടം പറഞ്ഞിരുന്നുത്. സ്മാർട് ഫോണും വീട്ടിലില്ലായിരുന്നു.പത്താം ക്ലാസിലാണെന്നതും നന്നായി പഠിക്കണമെന്നുള്ള ആശങ്കയും കുട്ടിയെ അലട്ടിയിരുന്നു.

അയ്യങ്കാളി സ്കോളർഷിപ്പ് നേടിയ കുട്ടിയായിരുന്നു. കഴിഞ്ഞദിവസം പിതാവ് സ്കൂളിൽ പോയപ്പോൾ അധ്യാപകർ വീട്ടിൽ ടിവി ഉണ്ടോയെന്നു അന്വേഷിച്ചിരുന്നു. ടിവി കേടായ വിവരം പിതാവ് അധ്യാപകരോട് പങ്കുവച്ചിരുന്നു. വിഷമിക്കണ്ട പരിഹാരം ഉണ്ടാകുമെന്ന് അധ്യാപകർ പറഞ്ഞിരുന്നതായും പിതാവ് വ്യക്തമാക്കി.

devika death devika suicide
Advertisment