Advertisment

പ്രവാസികള്‍ക്ക് ആശ്വാസം; മടങ്ങി വരാനുള്ള ടിക്കറ്റ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്

New Update

കൊച്ചി: അര്‍ഹരായ പ്രവാസികള്‍ക്ക് പ്രവാസി ക്ഷേമ നിധിയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടില്‍ (ഐ.സി.ഡബ്യു.എഫ്) നിന്ന് ടിക്കറ്റ് കൊടുക്കാന്‍ എംബസികള്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. കോടതിയെ സമീപിച്ച മൂന്ന് വനിതകളുടെ ഭര്‍ത്താക്കന്മാര്‍ക്കും അര്‍ഹരായവര്‍ക്കും ഉടന്‍ ടിക്കറ്റ് കൊടുക്കണമെന്നാണ് വിധി.

Advertisment

publive-image

കൊവിഡിനെ തുടര്‍ന്ന് ദുരിതത്തിലായ പ്രവാസികള്‍ക്ക് ടിക്കറ്റ് നല്‍കാന്‍ എംബസികള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിക്കാതെ ടിക്കറ്റ് നല്‍കാനാവില്ലെന്ന നയമാണ് ചില എംബസി അധികൃതര്‍ സ്വീകരിച്ചത്.

കോടതി ആവശ്യപ്പെട്ടതിനനുസരിച്ച് നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി. വിജയകുമാര്‍ ടിക്കറ്റ് നല്‍കാന്‍ ഫണ്ട് വിനിയോഗിക്കുന്നതില്‍ കേന്ദ്രത്തിന് എതിര്‍പ്പില്ലെന്ന് അറിയിച്ചു.

വടകര പാലോളി താഴയില്‍ ജിഷ, തിരുവനതപുരം മടവൂര്‍ പുലിയൂര്‍കോണത്ത് ഷീബ മന്‍സില്‍ ഷീബ, കോഴിക്കോട് ഒഞ്ചിയം പുലിക്കോട്ട് കുനിയില്‍ വീട്ടില്‍ മനീഷ എന്നിവരാണ് യു.എ.ഇ, റിയാദ്, ദോഹ എന്നിവിടങ്ങളില്‍ യഥാക്രമം താമസിക്കുന്ന ജോലി നഷ്ടപ്പെട്ട ഭര്‍ത്താക്കന്മാര്‍ക്ക് ടിക്കറ്റ് നല്‍കണമെന്ന ആവശ്യവുമായി കോടതിയിലെത്തിയത്. വിധി പ്രസ്താവിച്ച കേരള ഹൈക്കോടതി ജഡ്ജി അനു ശിവരാമന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ റിയാദ്, ദോഹ എംബസികളോടും ദുബായ് കോണ്‍സുലേറ്റിനോടും ആവശ്യപ്പെട്ടു.

വിദേശ രാജ്യങ്ങളിലെ മറ്റു സ്ഥാനപതി കാര്യാലയങ്ങള്‍ക്കും വിധി ബാധകമാണ്. ഇതോടെ സാമ്പത്തിക ശേഷിയില്ലാത്ത പ്രവാസികള്‍ക്ക് ഐ.സി.ഡബ്യു.എഫില്‍ നിന്ന് ടിക്കറ്റ് കൊടുക്കേണ്ടത് എംബസികളുടെ ബാധ്യതയായി. പ്രവാസികള്‍ ടിക്കറ്റെടുക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ കുറിപ്പിനോടൊപ്പം ടിക്കറ്റിനുള്ള അപേക്ഷ എംബസികള്‍ക്ക് സമര്‍പ്പിക്കണം. പാസ്സ്പോര്‍ട്ട്, വിസ, അതാതു രാജ്യത്തെ തൊഴില്‍/താമസ ഐഡി എന്നിവയുടെ പകര്‍പ്പുകളും മൊബൈല്‍ നമ്പറും അപേക്ഷക്കൊപ്പം നല്‍കണം.

ഹൈക്കോടതി സീനിയര്‍ അഡ്വ. പി ചന്ദ്രശേഖരന്‍, അഡ്വ. ജോണ്‍ കെ ജോര്‍ജ്, അഡ്വ. ആര്‍. മുരളീധരന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. ഇടം സാംസ്‌കാരികവേദി റിയാദ്, ഗ്രാമം യു.എ.ഇ, കരുണ ഖത്തര്‍, എന്നീ സംഘടനകളുടെ കൂട്ടായ ശ്രമത്തിലാണ് പരാതിക്കാര്‍ക്കു വേണ്ട നിയമസഹായത്തിനു വഴിയൊരുങ്ങിയത്. ദുരിതലാകുന്ന പ്രവാസികളെ സഹായിക്കാനായി 2009-ല്‍ രൂപം നല്‍കിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടില്‍ കോടിക്കണക്കിന് രൂപയാണ് വിവിധ എംബസികളിലായി കെട്ടിക്കിടക്കുന്നത്.

ദുരിതത്തിലാകുന്ന പ്രവാസികള്‍ക്ക് ടിക്കറ്റ്, ചികിത്സ തുടങ്ങിയ സഹായങ്ങള്‍ നല്‍കാന്‍ പ്രവാസികളില്‍ നിന്ന് തന്നെ സ്വരൂപിച്ച ഫണ്ട് കൊവിഡ് കാലത്ത് വിനിയോഗിക്കാത്തതില്‍ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു.

ദുരിതത്തിലാകുന്ന പ്രവാസികളെ സഹായിക്കുകയെന്ന ഫണ്ടിന്റെ അടിസ്ഥാന ലക്ഷ്യത്തിന് വേണ്ടി ഇതില്‍ നിന്ന് ചെവഴിക്കാന്‍ എംബസികളും നിര്‍ദ്ദേശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരും തയ്യാറാകാത്തത് ഇതര മാര്‍ഗ്ഗങ്ങളില്‍ ഇത് ഉപയോഗിക്കാനാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

high court
Advertisment