Advertisment

അനിയന്ത്രിത ഖനന വിരുദ്ധ സമര പ്രഖ്യാപനം ഡിസം. 11 ന് സെക്രട്ടറിയേറ്റ് പടിക്കൽ

New Update

കേരളത്തിൽ പരിസ്ഥിതി- പൗരാവകാശ രംഗത്തും സുസ്ഥിര വികസന രംഗത്തും പ്രവർത്തിക്കുന്ന വിവിധ സംഘടനാ പ്രതിനിധികളുടെ ആഭിമുഖ്യത്തിൽ 11 ന് സെക്രട്ടറിയേറ്റ് പടിക്കൽ അനിയന്ത്രിത ഖനന വിരുദ്ധ സമര പ്രഖ്യാപനം നടത്തുന്നു.

Advertisment

'കേരളത്തിന്റെ ഭൂപ്രകൃതിക്ക് യോജിക്കാത്ത വികസന നയങ്ങളുടെ പ്രയോഗം മൂലം മനുഷ്യന്റെ

നിലനിൽപ്പു് അപകടത്തിലാവുന്ന സ്ഥിതിയാണ് രൂപപ്പെട്ടു വരുന്നതെന്ന് ബൗദ്ധിക സത്യസന്ധതയുള്ള എല്ലാവരും സമ്മതിക്കും.

ഇക്കഴിഞ്ഞ രണ്ടു വർഷങ്ങളിലും കേരളത്തിലുണ്ടായ പ്രളയം കേരളീയ സമൂഹത്തിന്റെ സമീപനങ്ങളിൽ യുക്തിസഹവും ശാസ്ത്രീയവുമായ പരിവർത്തനത്തിനുള്ള പ്രകൃതിയുടെ ആഹ്വാനമായി കണക്കിലെടുക്കേണ്ടതുണ്ടെന്നു് ഞങ്ങൾ കരുതുന്നു.

കാലാവസ്ഥാമാറ്റം മൂലമാണ് അതിവൃഷ്ടിയും പ്രളയവും ഉണ്ടായതെങ്കിലും പ്രളയദുരിതം ജനങ്ങൾക്ക് താങ്ങാവുന്നതിലധികമാക്കിയതു് നമ്മുടെ ഭൂപ്രകൃതിക്ക് യോജിക്കാത്ത നിർമ്മാണ പ്രവർത്തനങ്ങളും ഖനന പ്രവർത്തനങ്ങളും മൂലമാണെന്നത് വസ്തുതയാണ്.

ഈ രംഗങ്ങളിൽ യാഥാർത്ഥ്യബോധത്തോടെയുള്ള നയങ്ങൾ ആവിഷ്ക്കരിക്കണമെന്ന ആവശ്യമുന്നയിച്ചാണ് ഞങ്ങൾ ഭരണ സിരാ കേന്ദ്രത്തിന് മുന്നിൽ ഈ സമരത്തിന് തുടക്കം കുറിക്കുന്നത്.

ഈ സമരം ഏതെങ്കിലുമൊരു സർക്കാരിനെതിരല്ല എന്നും ,ഒരു സമൂഹമെന്ന നിലയിൽ കേരളത്തിലെ ജനങ്ങളുടെ ഇടയിൽ സുസ്ഥിരമായതും നീതിപൂർവ്വകമായതുമായ ഒരു വികസന സമീപനത്തിനനുകൂലമായി അഭിപ്രായ രൂപീകരണം നടത്തി ഭരണതലത്തിൽ അതിനനുസരിച്ചുള്ള നയം മാറ്റങ്ങളുണ്ടാക്കാൻ ലക്ഷ്യം വച്ചുള്ളതാണെന്നും ഞങ്ങൾ വ്യക്തമാക്കുന്നു.

അതേ സമയം കേരളത്തിന്റെ നിലനിൽപ്പ് അപകടപ്പെടുത്തുന്ന അനിയന്ത്രിത ഖനന പ്രവർത്തനങ്ങൾക്കു് ഒത്താശ നൽകി അതിന്റെ ലാഭത്തിന്റെ പങ്കു പറ്റുന്ന ഉദ്യോഗസ്ഥ- രാഷ്ട്രീയ കൂട്ടുകെട്ടുകളെക്കുറിച്ച് ഞങ്ങൾക്ക് നല്ല ധാരണയുമുണ്ടു്.

വളരെ പെട്ടെന്ന് ലക്ഷ്യം നേടിയെടുക്കാനാവുന്ന സമരമല്ലിത് എന്ന യാഥാർത്ഥ്യബോധവുമുണ്ടു്. ഈ സമരത്തെ അവഗണിക്കാനും അടിച്ചമർത്താനും ശ്രമങ്ങളുണ്ടാകുമെന്നും അറിയാം. അനിയന്ത്രിത ഖനനം വഴി ലാഭം കുന്നുകൂട്ടുന്നവർ ഈ ധർമ്മസമരത്തെ പരാജയപ്പെടുത്തുവാൻ വേണ്ടിയും വലിയ തോതിൽ മുതൽ മുടക്കുകൾ നടത്തുമെന്നും ഞങ്ങൾക്ക്‌ ധാരണയുണ്ടു്.

എന്നാൽ അത്തരം നീക്കങ്ങൾ കൊണ്ടു് തകർക്കാവുന്ന സമരമല്ല ഇതെന്നും ഈ സമരം ഉന്നയിക്കുന്ന വിഷയങ്ങൾ പ്രബുദ്ധരായ കേരളീയ സമൂഹം ഏറ്റെടുക്കുമെന്നും ഞങ്ങൾക്കു് ഉറച്ച വിശ്വാസമുണ്ടു്.

ഇവിടെ തുടക്കം കുറിക്കുന്ന സമരത്തിന് വരുംനാളുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും തുടർനീക്കങ്ങളുണ്ടാകുമെന്നും കേരളം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവനാളുകളുടെയും പിന്നുണയാർജ്ജിക്കുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ടു്.

വിവിധ സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ള നീതിബോധമുള്ളവർ ഈ സമരത്തിന്റെ പക്ഷത്ത് നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ധർമ്മസമരം അക്രമരഹിത സമര രൂപങ്ങളിലൂടെയും പ്രചരണ ഉപാധികളിലൂടെയും വികസിപ്പിച്ച് ലക്ഷ്യം കാണുമെന്ന് ഞങ്ങൾ ഉറപ്പിച്ചു പ്രഖ്യാപിക്കുന്നു.' - സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.

Advertisment