Advertisment

പി സി ജോര്‍ജ്ജിനെ ബിജെപിയും പ്രോത്സാഹിപ്പിക്കില്ല. ഏത് സമയത്തും ചാടിപ്പോകാം എന്ന് വിലയിരുത്തല്‍. 6 ഉപതെരഞ്ഞെടുപ്പുകളിലും ജോര്‍ജ്ജിന്റെ പാര്‍ട്ടിയെ പരിഗണിക്കില്ല. നിലനില്‍ക്കണമെങ്കില്‍ കൂറ് തെളിയിക്കണമെന്നും മുന്നറിയിപ്പ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  പാലാ ഉള്‍പ്പെടെ 6 നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും പി സി ജോര്‍ജ്ജ് നേതൃത്വം നല്‍കുന്ന ജനപക്ഷം പാര്‍ട്ടിക്ക് പരിഗണന നല്‍കേണ്ടതില്ലെന്ന് ബി ജെ പി തീരുമാനിച്ചെന്നു സൂചന. പാലായില്‍ ഉള്‍പ്പെടെ ജനപക്ഷത്തെ പരിഗണിക്കേണ്ടതില്ലെന്നാണ് തീരുമാനം.

Advertisment

നേരത്തെ പാലാ ഉപതെരഞ്ഞെടുപ്പില്‍ പി സി ജോര്‍ജ്ജിന്റെ മകന്‍ അഡ്വ. ഷോണ്‍ ജോര്‍ജ്ജിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ജനപക്ഷം മുന്നോട്ട് വച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം ഉണ്ടാകാനായാല്‍ പി സി ജോര്‍ജ്ജിന്റെ ആവശ്യം അംഗീകരിക്കാമെന്ന് ബി ജെ പി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നതാണ്.

publive-image

എന്നാല്‍ പത്തനംതിട്ടയില്‍ ബി ജെ പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും പി സി ജോര്‍ജ്ജിന്റെ സ്വന്തം മണ്ഡലമായ പൂഞ്ഞാറില്‍ ഉള്‍പ്പെടെ വന്‍ തിരിച്ചടി നേരിടുകയും ചെയ്ത സാഹചര്യത്തില്‍ എന്‍ ഡി എ മുന്നണിയില്‍ ജോര്‍ജ്ജിന്റെ നില പരുങ്ങലിലാകുകയായിരുന്നു. ജോര്‍ജ്ജിന്റെ വീടിരിക്കുന്ന സ്വന്തം ബൂത്തില്‍ പോലും ബി ജെ പിക്ക് ലഭിച്ചത് കൈവിരലില്‍ എണ്ണാവുന്ന വോട്ടുകള്‍ ആയിരുന്നു.

മാത്രമല്ല, ജോര്‍ജ്ജിന്റെ മുന്നണി പ്രവേശനം ഗുണത്തേക്കാളേറെ ദോഷം ചെയ്തെന്ന വിലയിരുത്തലുമുണ്ടായി.  യു ഡി എഫില്‍ തന്നെ ആന്റോ ആന്റണിക്കെതിരെ ഏറെ വിമത നീക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പി സി ജോര്‍ജ്ജ് എന്‍ ഡി എയില്‍ എത്തിയതോടെ ആന്റോയുടെ ശത്രുക്കള്‍ ഒന്നിക്കുകയും യു ഡി എഫിന് പിന്നില്‍ ഒറ്റക്കെട്ടാകുകയും ചെയ്തു. ഇത് യു ഡി എഫില്‍ നിന്നും സുരേന്ദ്രന് അനുകൂലമായി വോട്ട് ചോര്‍ച്ച ഉണ്ടാകുന്നത് തടഞ്ഞതായും വിലയിരുത്തി.

മാത്രമല്ല, ഇടതുപക്ഷത്തോ യു ഡി എഫിലോ അവസരം തേടി നടക്കുന്ന പി സി ജോര്‍ജ്ജിനെ ഉറച്ച പങ്കാളിയായി ബി ജെ പി കാണുന്നുമില്ല. ഈ സാഹചര്യത്തില്‍ പി സി ജോര്‍ജ്ജിനെ അമിതമായി പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് എന്‍ ഡി എ തീരുമാനം. മാത്രമല്ല, റബ്ബര്‍വില വിഷയത്തില്‍ കേന്ദ്ര ധനമന്ത്രാലയത്തിന് കത്ത് നല്‍കിയ പി സി ജോര്‍ജ്ജ് റബ്ബര്‍ വില ഉയര്‍ത്തിയില്ലെങ്കില്‍ മുന്നണി വിടാനും മടിക്കില്ലെന്ന് സൂചന നല്‍കിയിരുന്നു.

ഇതെല്ലാം എന്‍ ഡി എയ്ക്ക് അത്ര രസിച്ചിട്ടില്ല. അതിനാല്‍ തന്നെ ഏത് സമയത്തും മടങ്ങിപ്പോകാന്‍ ശ്രമിക്കുന്ന പങ്കാളിയായി മാത്രമേ ബി ജെ പിയും പി സി ജോര്‍ജ്ജിനെ കാണുന്നുള്ളൂ. അതേസമയം, എം എല്‍ എ എന്ന നിലയില്‍ നിയമസഭയില്‍ മുന്നണിയ്ക്ക് 2 എം എല്‍ എമാരായി എന്നത് നേട്ടമായും വിലയിരുത്തുന്നു. അതാണ്‌ നിലവില്‍ ജോര്‍ജ്ജിന്റെ നേട്ടം.

 

 

Advertisment