Advertisment

എകെജി സെന്റര്‍ ആക്രമണം: സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി;ചര്‍ച്ച ഉച്ചയ്ക്ക് ഒരുമണി മുതല്‍

New Update

Advertisment

 

കെജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാമെന്നറിയിച്ച് സര്‍ക്കാര്‍. സഭ നിര്‍ത്തിവെച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ടു മണിക്കൂറാകും അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യുന്നത്. അസാധാരണമായ സംഭവ വികാസങ്ങള്‍ക്കാണ് കേരള നിയമസഭ ഇന്ന് സാക്ഷ്യം വഹിച്ചത്.ലക്ഷക്കണക്കിന് പേര്‍ക്ക് വേദന ഉണ്ടാക്കിയ സംഭവമാണ് എകെജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ഭീതിയോടെ മാത്രമേ എകെജി സെന്റര്‍ ആക്രമണം നോക്കിക്കാണാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിന്റെ പി സി വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

സര്‍ക്കാരിനെ വെട്ടിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം ഈ അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത്.എ കെ ജി സെന്‍ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ ശേഷം കോൺഗ്രസ് ഓഫീസുകൾ തകർത്തു എന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കും. സംഭവം നടന്ന് നാലു ദിവസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താനാകാത്തതില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും.

ആക്രമണത്തിനു പന്നില്‍ കോണ്‍ഗ്രസെന്ന ഇടതു മുന്നണികണ്‍വീനറുടെ പരമാര്‍ശം മുന്‍വിധിയോടെയെന്ന് സമര്‍ത്ഥിക്കും. അതേ സമയം രാഹുല്‍ഗാന്ധിയുടെ വയനാട് ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ് എഫ് ഐക്കാരല്ലെന്ന പോലീസ് റിപ്പോര്‍ട്ട് ഉയര്‍ത്തി സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കും. അതേസമയം ഈ നിയമസഭ സമ്മേളനത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യുന്ന രണ്ടാമത്തെ അടിയന്തര പ്രമേയമാണിത്. നേരത്തെ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണക്കടത്തുകേസില്‍ അടിയന്തരപ്രമേയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്തിരുന്നു.

Advertisment