നവമാധ്യമ കൂട്ടായ്മയുടെ സഹായ ഹസ്തം അഭിലാഷിനും കുടുംബത്തിനും രക്ഷയായി. കുടിശ്ശിക തീർത്ത് ആധാരം കൈമാറി

സമദ് കല്ലടിക്കോട്
Wednesday, November 21, 2018

ചിറ്റൂർ:  ബാങ്കിൽ നിന്നുള്ള ജപ്തി ഭീഷണിമൂലം ഉറക്കം നഷ്ടപ്പെട്ട, ചിറ്റൂർ പൊൽപ്പുള്ളി സ്വദേശി അഭിലാഷിനും രോഗികളായ മാതാപിതാക്കൾക്കും ഇനി മനസ്സമാധാനത്തോടെ ഉറങ്ങാം. കടങ്ങളും കഷ്ടപ്പാടും ഉണ്ടെങ്കിലും നട്ടെല്ലിന് ക്ഷതം സംഭവിച്ച് കഴിഞ്ഞ 13 വർഷമായി വീൽചെയറിൽ കഴിയുന്ന അഭിലാഷിനെയും കുടുംബത്തെയും സഹായിക്കാൻ സോഷ്യൽ മീഡിയ കൂട്ടായ്മ ദയ ചാരിറ്റബിൾ ട്രസ്റ്റ് രംഗത്തു വരികയായിരുന്നു.

ബാങ്കിലെ കുടിശ്ശിക മുഴുവൻ തീർത്ത് തിരിച്ചെടുത്ത ആധാരം ചിറ്റൂർ എം.എൽ.എ കെ.കൃഷ്‌ണകുട്ടി അഭിലാഷിനു കൈമാറി. പ്രത്യേകിച്ച് മൂലധനമൊന്നുമില്ലാത്ത ഒരു സംഘടന സാമൂഹിക മാധ്യമങ്ങളെ മാത്രം അവലംബമാക്കി നിരന്തരം ജീവകാരുണ്യ പ്രവർത്തനം നടത്തുന്നത് മറ്റുള്ളവർക്ക് മാതൃകയും പ്രശംസനീയവുമാണെന്ന് എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

അത്തിക്കോട് ശിശു വിഹാർ കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന ചടങ്ങിൽ പൊൽപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയന്തി മുഖ്യാതിഥിയായി. ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ് അധ്യക്ഷനായി. ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും പൗര പ്രമുഖരും ദയാകുടുംബാംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

തെങ്ങിൽ നിന്ന് വീണ് നട്ടെല്ലിനു ക്ഷതം സംഭവിച്ച് കിടപ്പു രോഗിയായതാണ് അഭിലാഷ്. കിടപ്പാടം പണയംവച്ചും കടം വാങ്ങിയും ചികിത്സകൾ ഒരുപാട് നടത്തിയെങ്കിലും അരയ്ക്കു കീഴെ തളർന്നുപോയ അവസ്ഥയ്ക്ക് മാറ്റമൊന്നുമുണ്ടായില്ല.

നിത്യരോഗിയായ അമ്മയോടൊപ്പം ഒരു ഭാഗം തളർന്ന് അച്ഛനും കിടപ്പിലായപ്പോൾ, തളർച്ചയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാതിരിക്കാൻ അഭിലാഷിനായില്ല. ബാങ്ക് വായ്പ തരപ്പെടുത്തി ബൈക്കിന്റെ ടാങ്ക് കവർ തുന്നുന്ന മെഷീൻ വാങ്ങി കൈകളുപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന രീതിയിൽ അതിനെ രൂപാന്തരപ്പെടുത്തി തന്റെ തളരാത്ത പാതി ശരീരവും ഇച്ഛാശക്തിയുമുപയോഗിച്ച് അഭിലാഷ് കഠിനാദ്ധ്വാനം തുടങ്ങി.

പാലക്കാട് നിന്നും പരിചയപ്പെട്ട ഒരു നല്ല മനുഷ്യൻ അടിക്കാനുള്ള സാധന സാമഗ്രികൾ വീട്ടിലെത്തിച്ചുകൊടുക്കുകയും തുന്നിക്കഴിഞ്ഞവ എടുത്തുകൊണ്ടുപോവുകയും ചെയ്തു. ദിവസേന 300 രൂപയോളം അത്യദ്ധ്വാനം ചെയ്ത് സമ്പാദിച്ചു തുടങ്ങിയപ്പോൾ കഠിനമായ വേദനക്കിടയിലും അഭിലാഷിന്റെ മുഖത്ത് പുഞ്ചിരി വിരിയുമായിരുന്നു.

ഇപ്പോൾ പണിയെടുക്കാൻ പറ്റാത്ത അവസ്ഥയിലാണ്. എന്നിരുന്നാലും അഭിലാഷ് വേദനാ സംഹാരികളുടെ സഹായത്താൽ സ്റ്റിച്ചിംഗ് തുടർന്നുകൊണ്ടിരിക്കുന്നു. അരമണിക്കൂർ തുടർച്ചയായി ഇരുന്നാൽ രണ്ടു മണിക്കൂർ കിടക്കേണ്ടി വരുന്നു.

ബാങ്കിൽ നിന്നുമെടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ ബാങ്കധികൃതർ ജപ്തി നോട്ടീസ് നൽകിയസാഹചര്യത്തിലാണ് പെരിങ്ങോട്ടുകുറുശ്ശി ആസ്ഥാനമായുള്ള ദയ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ സഹായ ഹസ്തം നീട്ടിയത്.

വാർഡ് മെമ്പർ അബ്ബാസ്, പുതുനഗരം സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ എം.ഹംസ, അജിത്ത് നാരങ്ങാലിൽ, മുരുകേശൻ മാസ്റ്റർ, ശങ്കർജി കോങ്ങാട്, ബൈജു, മിനി ടീച്ചർ, സമദ് കല്ലടിക്കോട്, ഉഷ തുടങ്ങിയവർ പ്രസംഗിച്ചു. ദീപ ജയപ്രകാശ് സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു.

×