Advertisment

ബിഡിജെഎസ് ചോദിച്ചത് തുഷാറിന് രാജ്യസഭയും കേന്ദ്രമന്ത്രിസ്ഥാനവും. അമിതമായ അവകാശ വാദങ്ങള്‍ കേന്ദ്ര പദവികള്‍ നഷ്ടപ്പെടുത്തി. ബിജെപി - തുഷാര്‍ ഭിന്നതയ്ക്ക് കാരണം ?

author-image
admin
New Update

കൊല്ലം:  ബി ഡി ജെ എസിനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമാക്കുന്നതില്‍ തടസം തുഷാറിന്റെ അമിത അവകാശ വാദങ്ങള്‍ എന്ന് ആരോപണം. ബി ഡി ജെ എസ് മുന്നണിയിലെത്തിയശേഷം കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ബി ഡി ജെ എസുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഈ സന്ദര്‍ഭങ്ങളിലൊക്കെ ബി ജെ പിയ്ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള അവകാശ വാദങ്ങളാണ് ബി ഡി ജെ എസ് ഉന്നയിച്ചതെന്നാണ് ആരോപണം.

Advertisment

ആദ്യം കേന്ദ്രസഹമന്ത്രി സ്ഥാനമാണ് തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് വേണ്ടി ബി ഡി ജെ എസ് ചോദിച്ചത്. അത് നടക്കില്ലെന്നു ബി ജെ പി തീര്‍ത്ത് പറഞ്ഞിട്ടും ബി ഡി ജെ എസ് അവകാശ വാദം ഉപേക്ഷിച്ചില്ല. ഇപ്പോള്‍ പിന്നീടത് രാജ്യസഭാ൦ഗത്വമായി ബി ഡി ജെ എസ് ചുരുക്കിയെങ്കിലും നിലവിലെ സാഹചര്യത്തില്‍ രാജ്യസഭാംഗത്വം അനുവദിക്കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെ തുഷാറിനെ അറിയിച്ചിരുന്നു.

publive-image

പകരം കേരളത്തില്‍ നിന്നും ചോദിക്കുന്ന ഏത് പൊതുമേഖലാ സ്ഥാപനത്തിന്റെ അധ്യക്ഷ പദവികള്‍ വേണമെങ്കിലും അനുവദിക്കാം എന്നായിരുന്നു അമിത് ഷായുടെ വാഗ്ദാനം. എന്നാല്‍ ഇതുകൊണ്ട് തൃപ്തിപ്പെടാന്‍ തുഷാറും സംഘവും ഒരുക്കമായില്ല. തുഷാറിനും ബിഭാഷ് വാസുവിനും ഓരോ പൊതുമേഖലാ സ്ഥാപനങ്ങളും ഒരു ഡസന്‍ ഡയരക്ടര്‍ പദവികളുമായിരുന്നു വാഗ്ദാനം.

എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ ബി ജെ പിയ്ക്ക് നിലവിലെ സാഹചര്യത്തില്‍ കഴിയില്ല. ബി ജെ പി സംസ്ഥാന ഘടകത്തിലെ നേതാക്കളെ ആരെയും പരിഗണിക്കാതെയായിരുന്നു നിലവില്‍ ഒരു കേന്ദ്രമന്ത്രിപദവിയും 3 രാജ്യസഭാംഗത്വങ്ങളും പരിഗണിച്ചത്. കണ്ണന്താനം ബി ജെ പിക്കാരനാണെങ്കിലും അടുത്ത കാലത്ത് മാത്രം ബി ജെ പിയിലേക്ക് വന്ന മുന്‍ സി പി എം നേതാവാണ്‌.

സുരേഷ് ഗോപി മുന്‍ കോണ്‍ഗ്രസുകാരനാണ്. നാലോ അഞ്ചോ വര്‍ഷം മുമ്പ് മാത്രം ബി ജെ പി അംഗമായ ആളാണ്‌. രാജീവ് ചന്ദ്രശേഖരനും മറ്റ്‌ വഴികളിലൂടെ പാര്‍ട്ടിയിലെത്തിയതാണ്. കേരളത്തില്‍ നിന്നുള്ള ഒരു ഒര്‍ജിനല്‍ ബി ജെ പിക്കാരന് പദവി കിട്ടുന്നത് ഇപ്പോള്‍ വി മുരളീധരനിലൂടെയാണ്. ഇനി കേന്ദ്രമന്ത്രി പദവി നല്‍കിയാലും അത് ബി ജെ പി നേതാവായ മുരളീധരനായിരിക്കും.

അതിനാല്‍ തന്നെ പാര്‍ലമെന്‍ററി പദവികളിലേക്ക് ഇനിയൊരു നിയമനം ഘടകകക്ഷികള്‍ക്ക് ലഭിക്കാനിടയില്ല. അതിനു ശക്തരായ ഘടക കക്ഷികള്‍ നിലവില്‍ കേരള ഘടകം എന്‍ ഡി എയില്‍ ഇല്ലെന്നതാണ് ബി ജെ പിയുടെ വിലയിരുത്തല്‍. എന്നാല്‍ പുറത്ത് നിന്ന് അത്തരം ഘടകകക്ഷികളെ മുന്നണിയിലെത്തിക്കാന്‍ ഇത്തരം പദവികള്‍ ബി ജെ പി ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

v muraleedharan thushar vellappally
Advertisment