Advertisment

ബിഡിജെഎസിന്റെ വോട്ടും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ബിജെപി ദേശീയ നേതൃത്വം ! ശക്തിയും വിശ്വാസ്യതയും തെളിയിക്കുകയെന്നത് തുഷാറിന് വെല്ലുവിളി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:   അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ബി ഡി ജെ എസിന്റെ നിലപാടുകളും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാന്‍ ബി ജെ പി ദേശീയ നേതൃത്വം പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.  പാലായില്‍ ബി ഡി ജെ എസ് വോട്ടുകള്‍ ഇടതുപക്ഷത്തിന് പോയ സാഹചര്യത്തില്‍ 5 മണ്ഡലങ്ങളില്‍ പാര്‍ട്ടി എന്ത് നിലപാട് സ്വീകരിക്കുമെന്ന് നിരീക്ഷിക്കുകയാണ് ബി ജെ പിയുടെ ലക്‌ഷ്യം.

Advertisment

publive-image

ബി ഡി ജെ എസ് സാന്നിധ്യം കൊണ്ട് എന്‍ ഡി എയിലാണെങ്കിലും വോട്ടും മനസും മറ്റെവിടെയോ ആണെന്നാണ്‌ ബി ജെ പിയുടെ പരാതി.  സാമ്പത്തിക തട്ടിപ്പുകേസില്‍ ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ പിടിയിലായപ്പോള്‍ കേന്ദ്രം ഭരിക്കുന്ന തങ്ങളോട് സഹായം ആവശ്യപ്പെടാതെ ഇടത് സര്‍ക്കാരിന്റെ സഹായം സ്വീകരിക്കുകയും നന്ദി പറയുകയും ചെയ്ത നടപടി ബി ജെ പിയില്‍ സംശയം ജനിപ്പിച്ചിരുന്നു.

തൊട്ടുപിന്നാലെ നടന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ ബി ഡി ജെ എസിന്റെ ഒരു സഹായവും ബി ജെ പി സ്ഥാനാര്‍ഥിയ്ക്ക് ലഭിച്ചിട്ടുമില്ലെന്നു ബി ജെ പി പറയുന്നു.

ഇതിനിടെ ബി ജെ പിയുമായി വിലപേശാന്‍ ഡല്‍ഹിയിലെത്തിയ തുഷാറിനെ ദേശീയ നേതൃത്വം മടക്കി അയച്ചിരുന്നു.  5 മണ്ഡലങ്ങളിലും ശക്തി തെളിയിച്ച ശേഷം ചര്‍ച്ചയാകാം എന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ മറുപടി.

ബി ഡി ജെ എസിന്റെ വോട്ടുകള്‍ കൃത്യമായി ബി ജെ പിയുടെ പെട്ടിയില്‍ വീഴാന്‍ തുടങ്ങിയ ശേഷമേ ഇനി പാര്‍ട്ടിക്ക് എന്തെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കുകയുള്ളൂ എന്നാണ് ബി ജെ പിയുടെ നിലപാട്.  എസ് എന്‍ ഡി പി ഇടതുപക്ഷത്തെ പരസ്യമായി പിന്തുണയ്ക്കുമ്പോള്‍ ബി ഡി ജെ എസിന്റെതെന്ന് അവകാശപ്പെടാനുള്ള വോട്ട് എവിടെ നിന്ന് വരുമെന്നാണ് ബി ജെ പിയുടെ ചോദ്യം. അതിനുത്തരം വോട്ടുപെട്ടിയിലൂടെ നല്‍കണമെന്ന നിര്‍ദ്ദേശമാണ് ബി ഡി ജെ എസിന് നല്‍കുന്നത്.

Advertisment