ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനം ഉടന്‍ ഡല്‍ഹിയില്‍ ? സുരേന്ദ്രന് സാധ്യത മങ്ങി. വത്സന്‍ തില്ലങ്കേരിയും ടി ജി മോഹന്‍ദാസും മുഖ പരിഗണനയില്‍. ഗ്രൂപ്പ് നേതാക്കള്‍ക്കും ഒറ്റയ്ക്കൊറ്റയ്ക്കും കാണാന്‍ വന്നവര്‍ക്ക് അനുമതി നിഷേധിച്ച അമിത് ഷാ കടുത്ത നിലപാടില്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, July 4, 2018

തിരുവനന്തപുരം:  ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വത്തിലെ പ്രമുഖ നേതാക്കളുടെ സാധ്യത മങ്ങുന്നു.  ബി ജെ പിയ്ക്ക് പുറത്ത് നിന്ന് സര്‍വ്വസമ്മതനായ പുതിയ പ്രസിഡന്റിനെയാണ് ദേശീയ നേതൃത്വം പരിഗണിക്കുന്നതെന്നാണ് സൂചന.

ഇതോടെ സംസ്ഥാന നേതാക്കളില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നവരില്‍ പ്രമുഖരായ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ സാധ്യത മങ്ങി.

മാത്രമല്ല, അധ്യക്ഷ സ്ഥാനത്തേക്ക് വത്സന്‍ തില്ലങ്കേരി, ടി ജി മോഹന്‍ദാസ്‌ എന്നിവരുടെ സാധ്യത വര്‍ധിക്കുകയും ചെയ്തു. നിലവില്‍ പരിഗണനയിലുള്ളവരില്‍ പ്രധാന പേരുകാരന്‍ കേരളത്തിലെ പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരിയാണെന്നാണ് സൂചന.

കേരള സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ദേശീയാധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കുകയുള്ളൂ. ഇത് ഒരാഴ്ചയിലേറെ നീളാനും സാധ്യതയുണ്ട്.

സംസ്ഥാന നേതാക്കളിലൊരാളെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പിസവും വിഭാഗീയതയും വര്‍ധിക്കുമെന്നതാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനു തന്നെയും ദോഷകരമായ രീതിയില്‍ കേരളത്തിലെ പാര്‍ട്ടിയില്‍ വിഭാഗീയത വര്‍ധിച്ചുവെന്ന വിലയിരുത്തലാണ് അമിത് ഷായ്ക്ക്.

ഇവരെക്കൊണ്ട് ഒന്നും നടക്കില്ലെന്ന വിലയിരുത്തലാണ് അമിത് ഷായ്ക്ക്. അങ്ങനെയെങ്കില്‍ സംഘപരിവാര്‍ പശ്ചാത്തലത്തലമുള്ള പ്രമുഖനെ കുമ്മനം രാജശേഖരനെ കൊണ്ടുവന്ന് അതേ മാതൃകയില്‍ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് ആലോചന.

പാര്‍ട്ടിക്കും പരിവാറിനും ബലിദാനികള്‍ ഏറ്റവും കൂടുതലുള്ള കണ്ണൂരിന്റെ മണ്ണില്‍ നിന്നും ഒരാള്‍ എന്നതും വത്സന്‍ തില്ലങ്കേരിക്ക് അനുകൂലമാണ്.

മികച്ച വാഗ്മിയും സംഘപരിവാര്‍ പ്രാസംഗികരില്‍ പ്രമുഖനുമാണ് ടി ജി മോഹന്‍ദാസ്‌. ചാനല്‍ ചര്‍ച്ചകളില്‍ കേന്ദ്ര സര്‍ക്കാരിനും ബി ജെ പിക്കുമെതിരെയുള്ള ആരോപണങ്ങങ്ങളെ ഏറ്റവും ശക്തമായി പ്രതിരോധിക്കുന്നവരിലൊരാളാണ് മോഹന്‍ദാസ്‌.

ഇദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ സംസ്ഥാനത്ത് ബി ജെ പിയുടെ മുന്നേറ്റത്തിന് ഏറെ സഹായകമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ബി ജെ പി സ്റ്റേറ്റ് ഇന്റലച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനറാണ് മോഹന്‍ദാസ്‌.

ഇത്തവണത്തെ അമിത് ഷായുടെ സന്ദര്‍ശനം സംസ്ഥാന നേതൃത്വത്തിന് ശക്തമായ താക്കീതായി മാറിയെന്നാണ് സൂചനകള്‍.

സാധാരണ പാര്‍ട്ടി യോഗങ്ങളില്‍ സൌമ്യതയോടെ പെരുമാറി പതിവുള്ള അമിത് ഷാ ഇത്തവണ തീരെ സൌഹാര്‍ദ്ദപരമായിട്ടല്ലായിരുന്നു യോഗങ്ങളില്‍ സംസാരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം ചിരിച്ചു സംസാരിച്ചത് തന്നെ വിരളമായിരുന്നത്രെ.

സംസ്ഥാനത്തെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളോടും വിദേശീയ നീക്കങ്ങളോടുമുള്ള എല്ലാ അമര്‍ഷവും അദ്ദേഹത്തിന്റെ വാക്കുകളിലും ശരീര ഭാഷയില്‍ പോലും വ്യക്തമായിരുന്നത്രെ.

നേതാക്കള്‍ ഗ്രൂപ്പ് തിരിഞ്ഞു കാണാന്‍ അനുമതി ചോദിച്ചിട്ട് അദ്ദേഹം അനുമതി നല്‍കിയില്ല. ഒറ്റയക്ക് കാണാനുള്ള അവസരം ചോദിച്ചവര്‍ക്കും അമിത് ഷാ അനുമതി നല്‍കിയതുമില്ല.

 

×