Advertisment

ഓർത്തഡോക്സ് സഭ പിന്തുണച്ച സ്ഥാനാർഥി മൂന്നാമത്. എൻ എസ് എസ് എതിർത്ത പ്രശാന്തിന്റെ ഭൂരിപക്ഷം 14000ലേറെ. വെള്ളാപ്പള്ളി എതിർത്ത ഷാനിമോളും വിജയത്തിലേക്ക്. ആചാര്യന്മാരെ കണ്ടംവഴി ഓടിച്ച് സമുദായാംഗങ്ങൾ. സമുദായമല്ല, സ്ഥാനാർഥികളാണ് വലുതെന്നു തെളിയിച്ച് തെരഞ്ഞെടുപ്പ് ഫലം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  സമുദായങ്ങളല്ല സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പുകളിൽ പ്രധാനം എന്ന് നേതാക്കന്മാരെ ഒരിക്കൽകൂടി ഓർമ്മിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇത്തവണത്തേത്. ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും വാശിയോടെ പ്രചരണ രംഗത്ത് സജീവമായത് എസ് എൻ ഡി പി, എൻ എസ് എസ്, ഓർത്തഡോക്സ് സഭ എന്നിവയാണ്. ഇവരെ സ്വന്തം സമുദായങ്ങൾ പോലും തള്ളിക്കള ഞ്ഞിരിക്കുന്നുവെന്നതാണ് കൗതുകകരം.

Advertisment

രണ്ടു മുന്നണികൾക്കും തിരിച്ചടി നൽകി ഇത്തവണ തങ്ങളുടെ ശക്തികൊണ്ട് ബി ജെ പി സ്ഥാനാർഥിയെ വിജയിപ്പിക്കുമെന്ന വാശിയിലായിരുന്നു ഓർത്തഡോക്സ് സഭാ നേതൃത്വം. ഇവരോട് പോയി പണി നോക്കാൻ വിശ്വാസികൾ പറഞ്ഞുവെന്നതിന്റെ തെളിവാണ് കോന്നിയിൽ ഇടത് സ്ഥാനാർഥി അഡ്വ. ജെനീഷ് കുമാറിന്റെ വിജയം. അതും 8904 വോട്ടുകളുടെ ഉഗ്രൻ ലീഡിലാണ് ജനീഷിന്റെ മുന്നേറ്റം.

publive-image

വട്ടിയൂർക്കാവാണ് എൻ എസ് എസിന്റെ ശക്തികേന്ദ്രം. ഇത്തവണ എൻ എസ് എസിന് ശരിദൂരമാണെന്നും ഏതാണ് ശരിയെന്നും കൃത്യമായി പറഞ്ഞാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രചരണ കാലത്ത് പ്രതികരിച്ചത്. പക്ഷേ, അവിടെ എൻ എസ് എസ് വാശിയോടെ എതിർത്ത എൽ ഡി എഫ് സ്ഥാനാർഥി വി കെ പ്രശാന്തിന് 12347 വോട്ടുകളുടെ അത്യുഗ്രൻ ലീഡാണുള്ളത്.

അതിനാൽ തന്നെ വട്ടിയൂർകാവിലെ നായന്മാർ സുകുമാരൻ നായർ പറഞ്ഞതുകേട്ട് ആർക്കാണ് വോട്ട് ചെയ്തതെന്ന് വ്യക്തം.

എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സ്വയം വിലയിരുത്തലിനുള്ള അവസരം കൂടിയാണ് അരൂരിലെ ഷാനിമോളുടെ മുന്നേറ്റം (വോട്ടെണ്ണൽ തുടരുന്നു). ഈഴവ ശക്തിയുടെ പേരിൽ എസ് എൻ ഡി പിയുടെ രാഷ്ട്രീയ രൂപമായ ബി ഡി ജെ എസ് മത്സരിച്ച മണ്ഡലമാണിത്.

അവിടെ ഈഴവ ശക്തികേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കുമ്പോഴും എസ് എൻ ഡി പിയെക്കൊണ്ട് ഇടതുപക്ഷത്തിനും ബി ഡി ജെ എസിനെക്കൊണ്ട് ബി ജെ പി യ്ക്കും ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുകയാണ്. അരൂരിൽ കൃത്യമായും നടന്നത് രാഷ്ട്രീയ മത്സരം തന്നെയെന്ന് തെളിയിക്കുന്ന ഫലങ്ങളാണ് പുറത്തു വരുന്നത്.

എറണാകുളത്ത് മതപരമായ കാർഡുകൾ ഇറക്കി പ്രചരണം നടന്നെങ്കിലും അവിടെ ഏതെങ്കിലും ഒരു സമുദായ ശക്തി ഇടപെടൽ നടത്തിയിരുന്നില്ല. മഞ്ചേശ്വരത്ത് ഒരു വിശ്വാസിയെ തന്നെ ഇടതുപക്ഷം മത്സരത്തിറക്കിയെങ്കിലും യു ഡി എഫ് സ്ഥാനാർഥിയുടെ ലീഡ് പതിനായിരം കവിഞ്ഞു. അതിനാൽ ഇവിടെ സാമുദായിക ഘടകങ്ങൾ ജനവിധിയെ ബാധിച്ചില്ല.

അതിനാൽ തന്നെ ഈ ഉപതെരഞ്ഞെടുപ്പ് സാമുദായിക സംഘടനകൾക്കും അവരുടെ വാതിൽപ്പുറങ്ങളിൽ കിടന്നു മുട്ടിലിഴയുന്ന രാഷ്ട്രീയ നേതൃത്വങ്ങൾക്കുമുള്ള മുന്നറിയിപ്പ് കൂടിയാണ്. എന്തായാലും എൻ എസ് എസും എസ് എൻ ഡി പി യും ഓർത്തഡോക്സ് സഭയും അവരുടെ നേതൃത്വങ്ങൾ രാഷ്ട്രീയ നിലപാടുകൾ വിളിച്ചുപറഞ്ഞാൽ അനുസരിക്കില്ലെന്നു സമുദായങ്ങൾ ഒരിക്കൽ കൂടി തെളിയിച്ചു.

ഇതോടെ സമുദായമല്ല, സ്ഥാനാർഥികളാണ് വലുതെന്ന് ജനം തെളിയിച്ചു കഴിഞ്ഞു. 5 മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാർഥികളെ രംഗത്തിറക്കാൻ അവർക്ക് കഴിഞ്ഞു. യു ഡി എഫിന്റെ സ്ഥാനാർഥി നിർണ്ണയം ഏറെ അപഹാസ്യവുമായിരുന്നു. അങ്ങനുള്ളിടത്തൊക്കെ ആ സ്ഥാനാർത്ഥികൾ കണ്ടംവഴി ഓടിയിരിക്കുകയാണ്. യു ഡി എഫിന് പാലാ ഒരു പാഠമായില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമായി.

byelection 2019
Advertisment