Advertisment

ഇടത് തിരിഞ്ഞ് വെള്ളാപ്പള്ളി, വലത്തോട്ട് തിരിഞ്ഞ് സുകുമാരന്‍ നായര്‍, ഇടംവലം നോക്കാതെ താമരപക്ഷത്ത് ഓര്‍ത്തഡോക്സ് ? ഉപതെരഞ്ഞെടുപ്പുകളില്‍ ഏറ്റുമുട്ടാനൊരുങ്ങി സമുദായ പ്രമുഖരും !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമാകുക സമുദായ ഏറ്റുമുട്ടലുകളുടെ ബലാബലമായിരിക്കും.  പ്രത്യേകിച്ചും പ്രബല സമുദായങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ളതാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളും.

Advertisment

ഈ സാഹചര്യത്തില്‍ 3 മുന്നണികളിലുമായി നിലയുറപ്പിച്ചിരിക്കുന്ന സമുദായ നേതൃത്വങ്ങളുടെ നിലപാടുകളുടെ ശക്തിപരീക്ഷണം കൂടിയായി ഉപതെരഞ്ഞെടുപ്പ് മാറും.

publive-image

ഇത്തവണ കൃത്യവും വ്യക്തവുമായ നിലപാട് വ്യക്തമാക്കിയിരിക്കുന്നത് എന്‍ എസ് എസാണ്. ശരിദൂരം എന്നദ്ദേഹം പ്രഖ്യാപിച്ചപ്പോള്‍ അത് ഏതെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെക്കൊണ്ട് ഇടത് നേതാക്കളും ബി ജെ പി നേതാക്കളും ഉത്തരം പറയിപ്പിച്ചുകഴിഞ്ഞു.

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളെ കുറ്റങ്ങള്‍ എണ്ണിപ്പറഞ്ഞു സുകുമാരന്‍ നായര്‍ വിമര്‍ശിച്ചപ്പോള്‍ എന്‍ എസ് എസിന്റെ ശരിദൂരം ഏതെന്ന് അംഗങ്ങള്‍ക്ക് മനസിലായി കഴിഞ്ഞു.

ഇതേ തന്ത്രമാണ് തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പയറ്റിയത്. തങ്ങളുടെ പിന്തുണ ഇടതുപക്ഷത്തിനെന്നു തുടക്കത്തിലേ വെള്ളാപ്പള്ളി പറഞ്ഞതാണ്. പിന്നെ പറഞ്ഞത് മാറ്റി വെള്ളാപ്പള്ളി ഉരുണ്ടുകളിച്ചത് ബി ജെ പി മകനെ വിരട്ടി വിട്ടപ്പോഴാണ്.

അച്ഛനും മകനും രണ്ടു മുന്നണികളിലായി നിന്നുള്ള വിലപേശല്‍ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും ഈഴവരുടെ പാര്‍ട്ടിയായ ബി ഡി ജെ എസ് എന്‍ഡിഎ മുന്നണിയിലാണെങ്കില്‍ ഈഴവ വോട്ടുകളും അതേ പെട്ടിയില്‍ വീഴ്ത്തി കാണിക്കണമെന്നുമാണ് ബി ജെ പിയുടെ താക്കീത്.

ഒന്നുകില്‍ അകത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്, ഇത് രണ്ടും കൂടി പറ്റില്ലെന്ന സന്ദേശമാണ് കഴിഞ്ഞ ഡല്‍ഹി യാത്രയില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ബി ജെ പി ദേശീയ നേതൃത്വം നല്‍കിയത്.

ഇതോടെയാണ് ഇടത് മുന്നണിയ്ക്ക് തുറന്ന പിന്തുണ നല്‍കുന്ന പ്രതീതി വേണ്ടെന്ന നിലപാടിലേക്ക് വെള്ളാപ്പള്ളി കടന്നത്.

ഇത്തവണ എന്‍ ഡി എയില്‍ ബി ഡി ജെ എസിന് ശക്തി തെളിയിക്കാനായില്ലെങ്കില്‍ അതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനാണ് സാധ്യത.

publive-image

വെള്ളാപ്പള്ളി കുടുംബത്തിനെതിരായ പരാതികള്‍ കേന്ദ്ര ആദായ നികുതിവകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പൊടിതട്ടിയെടുക്കുമെന്ന അഭ്യൂഹം ശക്തമാണ്.  മുംബൈയില്‍ ശിവസേനാ തലവന്‍ ഉദ്ദവ് താക്കറെയെയും ആന്ധ്രയില്‍ മുന്നണിയിലെ കരുത്തനായിരുന്ന ചന്ദ്രബാബു നായിഡുവിനെയും ഒതുക്കി കെട്ടിയ പാര്‍ട്ടിയാണ് ബി ജെ പി.

ഇരുവരും എന്‍ ഡി എയുടെ തുടക്കം മുതലുള്ള രാഷ്ട്രീയ പങ്കാളികളും അതാത് മേഖലകളില്‍ ശക്തമായി വോട്ട് ബാങ്കുള്ള  അതികായന്മാരുമായിരുന്നു.  പക്ഷേ, അവര്‍ ഇപ്പോള്‍ ഒന്നുമല്ലെന്നായി. പിന്നെയാണോ വെള്ളാപ്പള്ളി എന്നാണ് ബി ജെ പിയിലെ ഉന്നതന്‍ പ്രതികരിച്ചത്.

അതിനാല്‍ തന്നെ ഇത്തവണ ബി ജെ പി സ്ഥാനാര്‍ഥികളെ അറിഞ്ഞു സഹായിക്കാന്‍ ബി ഡി ജെ എസ് നിര്‍ബന്ധിതരാകും.

ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്ന മറ്റൊരു സമുദായം ഓര്‍ത്തഡോക്സ് സഭയാണ്. അവര്‍ കോന്നിയില്‍ ബി ജെ പിയെ പിന്തുണയ്ക്കുമെന്ന അഭ്യൂഹം ശക്തമാണ്. അക്കാര്യത്തില്‍ സഭയില്‍ കടുത്ത ഭിന്നതയുണ്ടെങ്കിലും സഭാ തര്‍ക്കത്തിലെ സര്‍ക്കാര്‍ സമീപനത്തില്‍ ഓര്‍ത്തഡോക്സ് പക്ഷക്കാരുടെ വികാരം അത്ര പെട്ടെന്നൊന്നും ശമിപ്പിക്കാനാകില്ല.

ഓര്‍ത്തഡോക്സ് വിഭാഗം ഒരിടത്താണെങ്കില്‍ പാര്‍ത്രിയാര്‍ക്കീസ് പക്ഷം എതിരായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. അതിന്റെ നേട്ടം ആര് കൊയ്യുമെന്നു കണ്ടറിയണം.

എന്തായാലും 5 ല്‍ ഒന്നൊഴികെ നാലും യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. അത് നാലും നിലനിര്‍ത്തുകയും അരൂര്‍ പിടിച്ചെടുക്കുകയുമാണ് യു ഡി എഫ് ലക്ഷ്യം.  എന്നാല്‍ ഇതില്‍ മൂന്നെണ്ണമെങ്കിലും സ്വന്തമാക്കിയിരിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷവും.

byelection 2019
Advertisment