ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥികള്‍ കളംനിറഞ്ഞു, പ്രചരണവും തുടങ്ങി, ബിഡിജെഎസിന്‍റെ കാര്യത്തിലും തീരുമാനമായി – മുന്നണി വിടില്ല, പക്ഷേ വോട്ട് ചെയ്യില്ല. ഇനി മാണിയുടെ തീരുമാനം കൂടി വന്നാല്‍ പിന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മതി. ബാക്കിയെല്ലാം റെഡി !

Tuesday, March 13, 2018

ആലപ്പുഴ:  സ്ഥാനാര്‍ഥികളായി, പ്രചരണവും തുടങ്ങി, പ്രവര്‍ത്തകരും ഉഷാറാണ്. ഇനി തെരഞ്ഞെടുപ്പൊന്ന്‍ പ്രഖ്യാപിച്ചാല്‍ മതി. അതിന് ഇലക്ഷന്‍ കമ്മീഷന്‍ മനസ് വയ്ക്കണം – ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ സ്ഥിതി ഇതാണ്.

യു ഡി എഫ് സ്ഥാനാര്‍ഥിയായി കെ പി സി സി അംഗമായ ഡി വിജയകുമാറിന്റെ സ്ഥാനാര്‍ഥിത്വം രാഹുല്‍ ഗാന്ധി അംഗീകരിച്ചത് ഇന്നലെയാണ്. തൊട്ടുപിന്നാലെ ഇടത് മുന്നണി സ്ഥാനാര്‍ഥിയായി സി പി എം ജില്ലാ സെക്രട്ടറി സജി ചെറിയാനെ പ്രഖ്യാപിച്ചതും ഇന്നലെ.

എന്‍ ഡി എയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഔദ്യോഗികമായി നടന്നിട്ടില്ലെങ്കിലും ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ബി ശ്രീധരന്‍ പിള്ള മണ്ഡലത്തില്‍ സജീവമായി കഴിഞ്ഞു. അദ്ദേഹം തന്നെയാണ് മൂന്നാം മുന്നണി സ്ഥാനാര്‍ഥിയെന്നും ഉറപ്പായി കഴിഞ്ഞു.

സ്ഥാനാര്‍ഥികള്‍ റെഡിയായ സ്ഥിതിക്ക് ഇനി രാഷ്ട്രീയ നീക്കങ്ങളാണ് അവശേഷിക്കുന്നത്. അതില്‍ ബി ഡി ജെ എസിന്റെ കാര്യത്തിലായിരുന്നു സംശയം നിലനിന്നിരുന്നത്. അക്കാര്യത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാംഗത്വം നിഷേധിച്ചതോടെ തീരുമാനമായിട്ടുണ്ട്.

എന്നാല്‍ ബി ഡി ജെ എസ് മുന്നണി വിടില്ലെന്ന് ഇതിനോടകം ഉറപ്പായിട്ടുണ്ട്. അതുറപ്പാക്കിയിട്ടാണ് അമിത് ഷാ എന്ന തന്ത്രശാലി തുഷാറിന് ധൈര്യമായി രാജ്യസഭാംഗത്വം നിഷേധിച്ചത്. അതിന്റെ പേരില്‍ ബി ഡി ജെ എസ് മുന്നണി വിട്ടാല്‍ തുഷാറിന്റെ തറവാട്ടില്‍ എന്ഫോഴ്സ്മെന്റും സി ബി ഐയും കയറി നിരങ്ങും. അമിത് ഷായ്ക്കും നരേന്ദ്ര മോഡിയ്ക്കും അക്കാര്യത്തില്‍ ഒരു ദാക്ഷിണ്യവുമില്ല. അതിനാല്‍ ബി ഡി ജെ എസ് മുന്നണി വിടുമെന്ന ഭയം ബി ജെ പിയ്ക്ക് ലവലേശമില്ല.

പക്ഷേ ഒന്നുറപ്പ്. അവരുടെ മനസ് ബി ജെ പി സ്ഥാനാര്‍ഥിയെ നിലംപരിശാക്കുക എന്നതിലായിരിക്കും. അതവരുടെ ആവശ്യമാണ്‌. അതിനായി രഹസ്യമായി ചെയ്യാവുന്നതെല്ലാം ബി ഡി ജെ എസ് ചെയ്യും. അതിനാല്‍ ചെങ്ങന്നൂരില്‍ ബി ഡി ജെ എസിന്റെ കാര്യത്തിലും തീരുമാനമായി കഴിഞ്ഞു.

അവശേഷിക്കുന്നത് കേരളാ കോണ്‍ഗ്രസ് – മാണി വിഭാഗത്തിന്റെ തീരുമാനമാണ്. അത് 18 ന് തീരുമാനിക്കുമെന്നാണ് മാണിയുടെ പ്രഖ്യാപനം. ഇടത് മുന്നണിയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ചെങ്ങന്നൂരില്‍ ഇടത് മുന്നണിയെ പിന്തുണയ്ക്കാനാണ് മാണിക്ക് ആഗ്രഹമെങ്കിലും ചെങ്ങന്നൂരിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി നോക്കി തീരുമാനം കൈക്കൊണ്ടാല്‍ മതിയെന്ന ചിന്തയാണ് നിലവില്‍ മാണിക്കുള്ളത്.

പ്രാഥമിക ഘട്ടത്തില്‍ ചെങ്ങന്നൂരിലെ കളം യു ഡി എഫിന് അനുകൂലമാണ്. ഇടത് മുന്നണി സ്ഥാനാര്‍ഥി മുമ്പ് ഇവിടെ വന്‍ മാര്‍ജിനില്‍ യു ഡി എഫിനോട് പരാജയപ്പെട്ടയാളാണ്. മാത്രമല്ല വലുതല്ലെങ്കിലും ചെറുതായ ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെയുണ്ട്. ബി ജെ പിയുടെ നില കഴിഞ്ഞ തവണത്തെയത്ര ഭദ്രമല്ല. മാത്രമല്ല ബി ഡി ജെ എസ് മനസുകൊണ്ടെങ്കിലും എതിരുമാണ്.

യു ഡി എഫിന്റെ സ്ഥാനാര്‍ഥി ബി ജെ പിയുടെ വോട്ട് ബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ കരുതിക്കൂട്ടി തീരുമാനിക്കപ്പെട്ട ആളെന്നതും ബി ജെ പിയ്ക്ക് പ്രതികൂലമാണ്.

യു ഡി എഫിന്റെ അടിസ്ഥാന വോട്ടുകള്‍ + കുറെ ഹൈന്ദവ വോട്ടുകള്‍ എന്ന ഫോര്‍മുല ചെങ്ങന്നൂരില്‍ ഡി വിജയകുമാറിന് അനുകൂലമാണ്. വര്‍ഷങ്ങളായി രംഗത്തുണ്ടെങ്കിലും ഇതുവരെ അവസരം ലഭിക്കാതിരുന്ന ഒരാള്‍ എന്ന അനുഭാവവും വിജയകുമാറിന് അനുകൂലമാണ്.

അതിനാല്‍ തന്നെ ആദ്യ ഘട്ടത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയ്ക്ക് മണ്ഡലത്തില്‍ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞെന്നതാണ് കെ എം മാണിയെ ഇരുത്തി ചിന്തിപ്പിക്കുന്ന ഘടകം. മാത്രമല്ല അടുത്ത സുഹൃത്ത് ഉമ്മന്‍ചാണ്ടിയുടെ നോമിനിയാണ് ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥി. മാണി എപ്പോഴും കൂടെ നിന്ന് ചതിക്കാത്തവരുടെ സൌഹൃദങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന നേതാവാണ്‌.

മലപ്പുറത്തും വേങ്ങരയിലും മാണി യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചത് ലീഗുമായും കെ കുഞ്ഞാലിക്കുട്ടിയുമായുള്ള സൗഹൃദം മാനിച്ചായിരുന്നു. ചെങ്ങന്നൂരില്‍ ഉമ്മന്‍ചാണ്ടിയോടുള്ള മമത മാണിയുടെ തീരുമാനം യു ഡി എഫിനനുകൂലമാക്കുമെന്നു കരുതുന്നവര്‍ ഏറെയാണ്‌.

മാത്രമല്ല, മാണി ഇടത് മുന്നണിയെ പിന്തുണയ്ക്കുകയും ഇടത് സ്ഥാനാര്‍ഥി പരാജയപ്പെടുകയും ചെയ്‌താല്‍ അത് മാണിക്കും തിരിച്ചടിയാകും. അതേസമയം, യു ഡി എഫിനെ പിന്തുണച്ചിട്ട് യു ഡി എഫ് ജയിച്ചാലും തോറ്റാലും അത് മാണിയെ ബാധിക്കില്ല, മറിച്ച് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തി ദോഷമായി പരിഗണിക്കപ്പെടും.

ഇടത് മുന്നണിയുടെ ഭാഗമാകാത്ത പാര്‍ട്ടി എന്ന നിലയില്‍ ഇടത് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കേണ്ട ബാധ്യത മാണിക്കില്ലെന്നതും ശ്രദ്ധേയമാണ്. അതിനാല്‍ തന്നെ മുന്‍ ഉപ തെരഞ്ഞെടുപ്പുകളിലെന്നപോലെ ഇത്തവണയും കേരളാ കോണ്‍ഗ്രസ് ചെങ്ങന്നൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാനാണ് സാധ്യത.

എന്തായാലും മാണിയുടെ തീരുമാനം കൂടി വന്നുകഴിഞ്ഞാല്‍ ചെങ്ങന്നൂരിലെ ചിത്രം വ്യക്തമാകും. പിന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വോട്ടെടുപ്പ് നടത്തിയാല്‍ മതി. അതിന് എത്ര താമസിക്കുന്നുവോ അത്രയും ദിവസം സ്ഥാനാര്‍ഥികളുടെ പോക്കറ്റ് ചോര്‍ന്നുകൊണ്ടേയിരിക്കും.

×