Advertisment

മാണിയുടെ ഇടതുമുന്നണി പ്രവേശനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ്. സിപിഐയെയും മാണിയെയും ഒന്നിച്ചുകൊണ്ടുപോകാന്‍ നീക്കം. കാനം എതിര്‍ത്താലും മാണിയെ കൈവിടില്ല. 2 ലോക്സഭാ സീറ്റുകള്‍ മാണിക്കുറപ്പ്

New Update

തൃശൂര്‍:  ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുമ്പ് കേരള കോണ്‍ഗ്രസിന്റെ ഇടത് മുന്നണി പ്രവേശനം ഉണ്ടാകുമെന്ന് സൂചന. മുന്നണി പ്രവേശനത്തിന് സി പി എം സംസ്ഥാന സമ്മേളനം പച്ചക്കൊടി കാണിച്ചതോടെ ഇനി ഇക്കാര്യത്തില്‍ തീരുമാനം നീണ്ടുപോകുന്നത് ഉചിതമാകില്ലെന്ന നിലപാടിലാണ് സി പി എം.

Advertisment

കേരളാ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ മാണിയെ മുന്നണിയിലെടുക്കണമെന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്. ഇതില്‍ കോട്ടയം, ഇടുക്കി സി പി എം ജില്ലാ കമ്മിറ്റികള്‍ നേര്‍ക്കുനേര്‍ സി പി ഐയുമായി ഏറ്റുമുട്ടുന്നവരുമാണ്. അതിനാല്‍ തന്നെ ഇവര്‍ക്ക് സി പി ഐയേക്കാള്‍ പ്രിയം മാണിയോടാണ്.

ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലുള്‍പ്പെടുത്തുന്ന കാര്യം ഇനി വച്ച് താമസിക്കേണ്ടെന്ന നിലപാടാണ് മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്. മാത്രമല്ല, ഏത് വിധേനയും മാണിയെ ഒപ്പംകൂട്ടാന്‍ യു ഡി എഫ് അശ്രാന്ത പരിശ്രമം നടത്തുന്നതും സര്‍ക്കാരിന്റെ പ്രതിശ്ചായ അടിക്കടി മോശമാകുന്നതും പരിഗണിച്ച് കേരളാ കോണ്‍ഗ്രസിനും ആ പാര്‍ട്ടിയുടെ അണികള്‍ക്കു൦ വീണ്ടുവിചാരം ഉണ്ടാകും മുമ്പേ തീരുമാനം ഉണ്ടാകണമെന്നാണ് സി പി എമ്മിന്റെ നിലപാട്.

publive-image

സി പി ഐ ഇതിനെ എതിര്‍ക്കുമെന്ന് ഉറപ്പാണ്. അതേസമയം, അതവഗണിച്ചു തന്നെ മാണിയുമായി ചര്‍ച്ച ആരംഭിക്കാനാണ് സി പി എമ്മിന്റെ തീരുമാനം. സി പി ഐയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കും. സി പി ഐ മറിച്ചൊരു നിലപാട് സ്വീകരിക്കുമെന്ന ഭയവും സി പി എമ്മിനില്ല. മാണി കൂടി പുറത്തു ചാടുന്നതോടെ തീര്‍ത്തും ദുര്‍ബലമായ യു ഡി എഫുമായി സഹകരിക്കാന്‍ സി പി ഐ തീരുമാനിക്കുമെന്ന് കരുതാനാകില്ല.

സര്‍ക്കാരില്‍ നിന്നുകൊണ്ട് തന്നെ സര്‍ക്കാരിനെതിരെ വാളെടുക്കുന്ന സി പി ഐ നയത്തിനെതിരെ സംസ്ഥാന സമ്മേളനത്തില്‍ എതിര്‍ വികാരമാണ് ഉയരുന്നത്. അംഗങ്ങള്‍ കാനത്തിനും സി പി ഐ മന്ത്രിമാര്‍ക്കുമെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. അതിനാല്‍ സി പി ഐയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി എന്തെങ്കിലും പുതിയ തീരുമാനങ്ങളെടുക്കാനോ എന്തെങ്കിലും തീരുമാനങ്ങള്‍ വേണ്ടെന്ന് വയ്ക്കാനോ ഇനി സി പി എം തയാറാകില്ല.

അത് വേണ്ടെന്ന പൊതു വികാരമാണ് സംസ്ഥാന സമ്മേളനത്തില്‍ ഉയരുന്നത്. ഇതോടെ കേരളാ കോണ്‍ഗ്രസിന്റെയും സി പി ഐയുടെയും കാര്യത്തില്‍ യുക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടിയുടെ പച്ചക്കൊടി ലഭിച്ചുകഴിഞ്ഞു.

2 ലോക്സഭാ സീറ്റുകളും ഇരുപതോളം നിയമസഭാ സീറ്റുകളുമാണ് മാണിയ്ക്കുള്ള ഓഫര്‍. അതില്‍ മിക്കവയും നിലവില്‍ ഇടതുപക്ഷത്തിന്റെ ഒപ്പമുള്ളവയല്ല. കോട്ടയം, പത്തനംതിട്ട ലോക്സഭാ സീറ്റുകളാണ് ഇടത് മുന്നണി കേരള കോണ്‍ഗ്രസിന് നല്‍കുക.

ഈ രണ്ടു സീറ്റുകളും നിലവില്‍ യു ഡി എഫിന്റെതാണ്. യു ഡി എഫ് ശക്തികേന്ദ്രങ്ങളുമാണ്. അതിനാല്‍ കിട്ടിയാല്‍ നേട്ടം എന്നല്ലാതെ ഇടത് പക്ഷത്തിന് നഷ്ടപ്പെടാന്‍ ഒന്നുമില്ല.

മാണിക്ക് നല്‍കുന്ന നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ സി പി എമ്മിനെന്നപോലെ സി പി ഐയ്ക്കും നഷ്ടങ്ങളുണ്ടാകും. അത് കൂടിയേ തീരൂ എന്ന നിലപാട് സി പി എം നേതൃത്വം സി പി ഐയെ അറിയിക്കും.

ഉദാഹരണത്തിന്, ഇപ്പോള്‍ സി പി ഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റ് സി പി ഐയുടേതാണ്. എന്നാല്‍ പതിറ്റാണ്ടുകളായി ഇവിടെ ജയിക്കുന്നത് കേരളാ കോണ്‍ഗ്രസാണ്. കാനം രാജേന്ദ്രന്റെ സ്വന്തം മണ്ഡലം കൂടിയാണിത്. പക്ഷെ ഈ സീറ്റ് സിറ്റിംഗ് സീറ്റ് എന്ന നിലയില്‍ മാണിക്ക് വിട്ടുകൊടുക്കേണ്ടി വരും.

ഇപ്പോള്‍ നിലവിലുള്ള കേരളാ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളും കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസിന്റെ കയ്യിലുണ്ടായിരുന്ന സീറ്റുകളും മാണിക്ക് വിട്ടുകൊടുക്കാനാണ് ഏകദേശ ധാരണ. ഇരിങ്ങാലക്കുട കഴിഞ്ഞ 3 തവണയും മാണി ജയിച്ചതും ഇത്തവണ സി പി എം ജയിച്ച മണ്ഡലവുമാണ്. എന്നാല്‍ ഈ സീറ്റ് മാണിക്ക് വിട്ടു നല്‍കും.

അതേസമയം, സമാന രീതിയിലുള്ള കോതമംഗലം സീറ്റിന്റെ കാര്യത്തില്‍ സി പി എം തീരുമാനത്തിലെത്തിയിട്ടില്ല. മാണിക്ക് കൂടുതലായി അനുവദിക്കുന്നത് കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ പതിവായി യു ഡി എഫ് ജയിച്ചുപോരുന്നതുമായ സീറ്റുകളായിരിക്കും. ഈ നിലയ്ക്ക് എറണാകുളത്ത് പിറവവും അങ്കമാലിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയവും പൂഞ്ഞാറും ഇടുക്കിയില്‍ ഒരു അധിക സീറ്റുംകൂടി കേരളാ കോണ്‍ഗ്രസിന് ലഭിക്കും.

എങ്കില്‍പ്പോലും മാണി ആവശ്യപ്പെട്ട പോലെസ് 20 എന്ന സംഖ്യയിലേക്ക് മാണിക്കുള്ള നിയമസഭാ സീറ്റുകളുടെ എണ്ണം എത്തുമോ എന്നത് കണ്ടറിയണം.  അതേസമയം, മാണിയുടെ പിന്തുണയോടെ മധ്യ കേരളത്തിലെ ആടിത്തൂങ്ങി നില്‍ക്കുന്ന പല മണ്ഡലങ്ങളും സുരക്ഷിതമാക്കാം എന്നതാണ് സി പി എം ലക്‌ഷ്യം വയ്ക്കുന്നത്.

അതിനുദാഹരണമാണ് ചെങ്ങന്നൂര്‍. അവിടെ എഴായിരത്തോളം വോട്ടുകളുണ്ട്. അത്രയും വോട്ടുകളാണ് ചെങ്ങന്നൂരില്‍ യു ഡി എഫും എല്‍ ഡി എഫും തമ്മിലുള്ള അന്തരം. അതിനാല്‍ മാണിയുടെ പിന്തുണ ഉറപ്പായാല്‍ ചെങ്ങന്നൂര്‍ സുരക്ഷിതമാക്കാം എന്നാണ് സി പി എം കണക്കുകൂട്ടുന്നത്. അത്തരം മണ്ഡലങ്ങള്‍ മധ്യ കേരളത്തില്‍ നിരവധിയുണ്ട്.

അതിനാല്‍ തന്നെ കേരളാ കോണ്‍ഗ്രസിനെ ഇനി മാറ്റി നിര്‍ത്തേണ്ടതില്ലെന്ന നിലപാടിലാണ് സി പി എം. മാര്‍ച്ച് മാസത്തില്‍ തന്നെ മാണിയുടെ മുന്നണി പ്രവേശന കാര്യത്തില്‍ കാര്യമായ നീക്കുപോക്കുകളുണ്ടാകും.

km mani kanam chengannur byelection
Advertisment