ക്രൈസ്തവര്‍ക്കെതിരെയുള്ള ആസൂത്രിത ഗൂഢാലോചന ചെറുക്കാന്‍ വിശ്വാസികള്‍ സംഘടിക്കുന്നു

എബി ജെ.ജോസ്, ചെയർമാൻ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ, പാലാ
Tuesday, October 9, 2018

കോട്ടയം:  ക്രൈസ്തവര്‍ക്കും ക്രൈസ്തവ വിശ്വാസത്തിനും എതിരെ നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാന്‍ വിശ്വാസക്കൂട്ടായ്മ. ക്രൈസ്തവ സംരക്ഷണസമിതി എന്ന പേരിലുള്ള വിശ്വാസക്കൂട്ടായ്മയ്ക്കാണ് ക്രൈസ്തവ വിശ്വാസികള്‍ രൂപം നല്‍കിയത്. സമീപകാലത്ത് പല കേന്ദ്രങ്ങളില്‍ നിന്നും ക്രൈസ്തവരെ ലക്ഷ്യം വച്ചു നടക്കുന്ന നീക്കങ്ങളെ ചെറുക്കുകയാണ് ലക്ഷൃം.

ക്രൈസ്തവസഭകള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ചു പഠിക്കുകയും തിരുത്തലുകള്‍ നിര്‍ദ്ദേശിക്കാനും സമിതിക്ക് ലക്ഷൃമുണ്ട്. എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാലാ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ക്രൈസ്തവ വിശ്വാസികളാണ് യോഗം ചേര്‍ന്ന് സമിതിക്ക് രൂപം നല്‍കിയത്.

ക്രൈസ്തവ സഭകളെ ലക്ഷ്യം വച്ച് ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സഭാ വിരുദ്ധര്‍ സഭയ്ക്ക് അകത്തും പുറത്തുമുണ്ട്. തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിച്ചു സഭക്കെതിരെയും ക്രൈസ്തവ വിശ്വാസത്തിനെതിരെയും ഗൂഢാലോചന നടത്തുന്നുണ്ടെന്ന പൊതു വികാരം യോഗത്തില്‍ പങ്കെടുത്തവര്‍ പ്രകടിപ്പിച്ചു.

വാസ്തവ വിരുദ്ധവും ദുരുദ്ദേശപരവുമായ ആക്ഷേപങ്ങള്‍ക്കു മറുപടി പറയേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇതോടൊപ്പം ക്രൈസ്തവ വിശ്വാസത്തെയും വിശ്വാസികളെയും ശക്തിപ്പെടുത്താനുള്ള നടപടികളും ഉണ്ടാവണമെന്ന പൊതുവികാരം ഉയര്‍ന്നു. ക്രൈസ്തവര്‍ക്കെതിരെ ആസൂത്രിതമായി നടക്കുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ യോഗം ആശങ്ക പ്രകടിപ്പിച്ചു.

വൈദികരുടെയും സഭാനേതൃത്വത്തിന്റെയും പിന്തുണയോടെയാണ് കേരള കത്തോലിക്കരുടെ കേന്ദ്രമായ പാലായില്‍ തുടക്കം കുറിച്ച ക്രൈസ്തവ സംരക്ഷണ സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്. സമിതിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രഥമ യോഗം ഉദ്ഘാടനം ചെയ്തത് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനാണ്. ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ പ്രസംഗിച്ചു.

സമിതിയുടെ ചെയര്‍മാനായി ജോസ് തോമസ് നിലപ്പന സെക്രട്ടറിയായി ജേക്കബ് തോമസ് കാഞ്ഞിരത്താനം പി.ആര്‍.ഓ. ആയി എബി ജെ. ജോസ് എന്നിവരെയും കമ്മിറ്റിയിലേയ്ക്ക് സെബി പറമുണ്ട, മൈക്കിള്‍, നിര്‍മ്മലാ ജിമ്മി, പ്രൊഫ. ജോസ് മാത്യു, പി.വി. തോമസ് പുളിക്കീല്‍, റോയി മുല്ലക്കര, തോമസ് അരുണാശ്ശേരി, അവിരാച്ചന്‍ തോ ലാനിക്കല്‍, കുര്യാക്കോസ് പടവന്‍, ജോജി കാലടി, അഡ്വ. സന്തോഷ് മണര്‍കാട്, സിറിയക്ക് ചാഴികാടന്‍, ആന്റോ പടിഞ്ഞാറെക്കര, ജോര്‍ജ് ആലുങ്കല്‍ ,ബാബു തോമസ്, കെ.ജെ. ജോണി കടപ്പൂരാന്‍, ലീനാ സണ്ണി, കെ.പി.പോള്‍, ബേബി വള്ളേപ്പള്ളി, ജോജോ കുടക്കച്ചിറ എന്നിവരെയും തെരഞ്ഞെടുത്തു.

×