Advertisment

മുഖ്യമന്ത്രിയുടെ 6 മണി പത്രസമ്മേളനം കൃത്യമായ ആസൂത്രണത്തിലൂടെ. ചോദ്യകർത്താക്കൾ ദേശാഭിമാനി, കൈരളി പ്രതിനിധികൾ മാത്രം. അനിഷ്ട ചോദ്യങ്ങളുയരാതിരിക്കാൻ 'മൈക്ക് കൈമാറ്റ കരുതൽ' ! മീഡിയ റൂമിൽ മാധ്യമ പ്രവർത്തകർ തമ്മിൽ വാക്കേറ്റം !

New Update

തിരുവനന്തപുരം: സ്പ്രിംഗ്ലർ വിവാദത്തെ തുടർന്ന് നിർത്തിവച്ച ശേഷം വീണ്ടും പുനരാരംഭിച്ച മുഖ്യമന്ത്രിയുടെ 6 മണി വാർത്താസമ്മേളനം സി പി എം അനുകൂല മാധ്യമ പ്രവർത്തകർ ഹൈജാക്ക് ചെയ്തത് വിവാദത്തിൽ.

Advertisment

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ മുഖ്യധാരാ മാധ്യമങ്ങളുടെ പ്രതിനിധികൾ ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കാൻ പി ആർ ഡി ഉദ്യോഗസ്ഥരും സി പി എം അനുകൂല മാധ്യമങ്ങളുടെ പ്രതിനിധികളും ഇടത് മാധ്യമ പ്രവർത്തകരും ചേർന്ന് ഒത്തുകളി നടത്തിയതാണ് കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിലെ മീഡിയ റൂമിൽ മാധ്യമ പ്രവർത്തകർ തമ്മിൽ വാഗ്‌വാദത്തിനും രൂക്ഷമായ തർക്കത്തിനും കാരണമായത്.

publive-image

വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ ബ്രീഫിങ് കഴിയുന്ന ഉടൻ ചോദ്യങ്ങൾ ഉന്നയിക്കാനുള്ള മൈക്ക് ദേശാഭിമാനി, കൈരളി എന്നിവയിലെ മാധ്യമ പ്രവർത്തകരും ഇടത് അനുഭാവികളും കൈക്കലാക്കുന്നതാണ് തർക്ക വിഷയം.

ഇവരുടെ ചോദ്യങ്ങൾ കഴിയുമ്പോഴേ 7 മണിയായെന്നു പറഞ്ഞു മുഖ്യമന്ത്രി എഴുന്നേൽക്കുകയും ചെയ്യും. ചുരുക്കത്തിൽ 6.45 ന് മുഖ്യമന്ത്രിയുടെ ബ്രീഫിങ് കഴിഞ്ഞ ഉടൻ ഇവർ 'സുഖിപ്പിക്കൽ' ചോദ്യങ്ങളുമായി എഴുന്നേൽക്കും.

വാർത്താ സമ്മേളനത്തിന്റെ സമയം 7 വരെയെന്നു മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ട്. ഇതിനിടെയിലുള്ള 15 മിനിറ്റ് സി പി എം മാധ്യമങ്ങളുടെയും കലാകൗമുദിയിലെ ഇടത് അനുഭാവിയായ മാധ്യമ പ്രവർത്തകന്റെയും ചോദ്യങ്ങളും അതിന് മുഖ്യമന്ത്രിയുടെ ഉത്തരങ്ങളുമായി അവസാനിക്കും.

ഇതിനിടെ മറ്റ് മാധ്യമ പ്രവർത്തകർ മൈക്ക് ആവശ്യപ്പെട്ടാലും കൊടുക്കില്ല. പകരം സർക്കാർ അനുകൂല മാധ്യമ പ്രവർത്തകർ പരസ്പരം മൈക്ക് കൈമാറും. കൊറോണ നിയന്ത്രണങ്ങൾ ഉള്ളതിനാൽ മുഖ്യമന്ത്രി നോർത്ത് ബ്ലോക്കിലെ പ്രസ് കോൺഫറൻസ് ഹാളിലും മാധ്യമ പ്രവർത്തകർ സൗത്ത് ബ്ലോക്കിലെ പി ആർ ഡി ചേംബറിലും ഇരുന്നാണ് പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നത്.

വീഡിയോ കോൺഫറൻസിലൂടെയാണ് പത്രസമ്മേളനം. പി ആർ ഡി ചേമ്പറിൽ മാധ്യമ പ്രവർത്തകർക്ക് ആകെ അനുവദിച്ചിരിക്കുന്നത് 2 മൈക്കുകളാണ്.

ഇവ രണ്ടും പത്രസമ്മേളന ഹാളിൽ നേരത്തേയെത്തുന്ന ഇടത് അനുകൂലികളായ മാധ്യമ പ്രവർത്തകർ കൈക്കലാക്കിയിരിക്കും.

കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ ബ്രീഫിങ് അവസാനിച്ചത് 6.47 നായിരുന്നു. പിന്നീടുള്ള ആദ്യ ചോദ്യം കലാകൗമുദി പ്രതിനിധിയും ഇടത് കേന്ദ്രങ്ങളുമായി സൗഹൃദമുള്ള മാധ്യമ പ്രവർത്തകനായ അരവിന്ദ് ശശിയുടേതായിരുന്നു.

മുഖ്യമന്ത്രിക്ക് മറുപടി പറയാൻ താല്പര്യമുള്ള ചോദ്യം തന്നെയാണ് അരവിന്ദിൽ നിന്നുണ്ടായത്. ചോദ്യം പ്രതീക്ഷിക്കുന്നപോലെ ഇതിന് മുഖ്യമന്ത്രി മറുപടി ആരംഭിച്ചതോടെ ഏഷ്യാനെറ്റ് പ്രതിനിധി അരവിന്ദിനോട് മൈക്ക് ആവശ്യപ്പെട്ടു. എന്നാൽ മൈക്ക് ഏഷ്യാനെറ്റ് പ്രതിനിധിക്ക് കിട്ടുന്നതിന് മുമ്പ് ദേശാഭിമാനി ലേഖകന്റെ കൈകളിലെത്തി.

ഇതിനിടെ മാതൃഭൂമി പ്രതിനിധിയും മൈക്ക് ആവശ്യപ്പെടുന്നു. പക്ഷെ ദേശാഭിമാനിയുടെ ചോദ്യം കഴിഞ്ഞപ്പോൾ മൈക്ക് നേരെ കൈരളി പ്രതിനിധിയുടെ പക്കൽ. അതിനുള്ള ഉത്തരവും കൂടി കഴിഞ്ഞപ്പോൾ 7 മണി. അപ്പോൾ അവസാനിപ്പിക്കാം എന്നുപറഞ്ഞ് മുഖ്യമന്ത്രി എഴുന്നേറ്റു.

ഇതോടെയാണ് മാധ്യമ പ്രവർത്തകർ തമ്മിൽ വാക്കേറ്റമായത്. ഇതിനിടെ കോടികളുടെ അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രിയോട് മാധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കാത്തതിനെതിരെ സോഷ്യൽ മീഡിയയിൽ പത്രപ്രവർത്തകർക്കെതിരെ വിമർശനങ്ങൾ നിരന്നു.

ഒന്നും ചോദിക്കാനില്ലെങ്കിൽ നിങ്ങളെന്തിന് കാഴ്ചക്കാരാകുന്നു എന്ന മട്ടിൽ വിമർശനങ്ങളുയർന്നു. ഇനി ഇന്നത്തെ പത്രസമ്മേളനത്തിൽ എന്ത് സംഭവിക്കും എന്ന് കാത്തിരിക്കുകയാണ് മാധ്യമ പ്രവർത്തകർ.

Advertisment