Advertisment

കോണ്‍ഗ്രസില്‍ ഇനി അന്വേഷണസമിതികളുടെ പൂക്കാലം ! പരാജയം പഠിക്കാന്‍ സമിതി. പാര്‍ട്ടി പുനരുജ്ജീവിപ്പിക്കാന്‍ രഹസ്യ സമിതി. രഹസ്യ കമ്മിറ്റിയുടെ വാര്‍ത്ത ചോര്‍ത്തിയത് അന്വേഷിക്കാന്‍ വേറെ സമിതി. 'ആന്റണി വേട്ടയാടല്‍' അന്വേഷിക്കാന്‍ വരെ സമിതി. ഇനിയും ചില സമിതികള്‍ കൂടി വേണമെന്ന് ആവശ്യം

New Update

തിരുവനന്തപുരം:  കോണ്‍ഗ്രസില്‍ ഇനി അന്വേഷണ സമിതികളുടെ കാലമാണ്. എ ഐ സി സിയിലാണെങ്കില്‍ പരാജയം പഠിക്കാന്‍ ഒരു സമിതി, പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ 15 അംഗ സമിതി, പുനരുജ്ജീവന സമിതി രൂപീകരിച്ച വാര്‍ത്ത ചോര്‍ത്തിയത് അന്വേഷിക്കാന്‍ സുര്‍ജേവാല ഏകാംഗ സമിതി എന്നിവയാണ് അടുത്തിടെ രൂപീകരിച്ച സമിതികള്‍.

Advertisment

2014 ലെ പരാജയം വിലയിരുത്താന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ഇനി ഇരട്ട പരാജയങ്ങളുടെ പുതിയ റിപ്പോര്‍ട്ടാകും പുറത്ത് വരിക.

publive-image

കെ പി സി സിയില്‍ ആലപ്പുഴ പരാജയം അന്വേഷിക്കാന്‍ കെ വി തോമസ്‌ അധ്യക്ഷനായ ഒരു സമിതി, എ കെ ആന്റണിക്കെതിരായ സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ അന്വേഷിക്കാന്‍ ശശി തരൂര്‍ സമിതി, ഇനി തരൂരിനെ സഹായിക്കാന്‍ വേണ്ടി വന്നാല്‍ പ്രൈവറ്റ് ഡിക്ടടീവ് ഏജന്‍സി എന്നിവയാണ് നിലവില്‍ പ്രഖ്യാപിക്കപ്പെട്ടത്. ഇക്കൂട്ടത്തില്‍ മറ്റ്‌ 2 വിഷയങ്ങളില്‍ കൂടി അന്വേഷണം നടത്താന്‍ 2 സമിതികള്‍ കൂടി വേണമെന്ന ആവശ്യം ശക്തമാണ്.

ഇല്ലാത്ത സമിതികള്‍ രണ്ട്

അതിലൊന്ന് രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം ഒരു ദിവസം വൈകാന്‍ കാരണക്കാരനായ നേതാവിനെപ്പറ്റി അന്വേഷിക്കാനുള്ള സമിതിയാണ്. രണ്ടാമത്തേത്‌ കേരളത്തില്‍ കോണ്‍ഗ്രസും യു ഡി എഫും ചരിത്ര വിജയം നേടിക്കൊണ്ടിരുന്ന വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കെ പി സി സി ഓഫീസില്‍ പ്രവര്‍ത്തകരുടെ ആവേശ പ്രകടനങ്ങള്‍ക്ക് നെടുനായകത്വം വഹിക്കേണ്ടിയിരുന്ന കെ പി സി സി അധ്യക്ഷന്‍ എവിടെയായിരുന്നുവെന്ന് അന്വേഷിക്കേണ്ട സമിതിയാണ്.

അവസാന രണ്ടെണ്ണത്തിലും പ്രതി ഒരാളാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ സമിതിയും എ ഐ സി സി പ്രഖ്യാപിക്കുന്നതായിരിക്കും ഉചിതമെന്നാണ് അഭിപ്രായം.

publive-image

പുനരുജ്ജീവന സമിതി രൂപീകരണം ചോര്‍ന്നു ! ചോര്‍ച്ച അന്വേഷിക്കാന്‍ സമിതി ?

കഴിഞ്ഞ ദിവസം ചോര്‍ന്ന കോണ്‍ഗ്രസിന്റെ ഉന്നതതല യോഗമാണ് ദേശീയ തലത്തില്‍ പാര്‍ട്ടി പുനരുജ്ജീവിപ്പിക്കേണ്ടത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ 15 അംഗ സമിതിയെ നിശ്ചയിച്ചത്.  ഈ സമിതി രൂപീകരണ തീരുമാനം രഹസ്യമാക്കി വയ്ക്കാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. പക്ഷെ, വാര്‍ത്ത ചോര്‍ന്നു. ഇതോടെ ഈ ചോര്‍ച്ച അന്വേഷിക്കാന്‍ പാര്‍ട്ടി വക്താവ് റണ്‍ദീപ് സുര്‍ജേവാലയെ ഏകാംഗ കമ്മീഷനായി നിയോഗിച്ചിരിക്കുകയാണ്.

ഉന്നത ചാരനാര് ?

പാര്‍ട്ടിയുടെ ദേശീയ നേതൃനിരയിലെ നേതാക്കള്‍ മാത്രം പങ്കെടുത്ത ഒരു യോഗത്തിലെ സുപ്രധാന രഹസ്യ തീരുമാനം ചോര്‍ന്നുവെന്നത് കോണ്‍ഗ്രസ് ഗൌരവമായാണ് കാണുന്നത്. ഏതോ ഉന്നതനാണത്രെ വാര്‍ത്ത ചോര്‍ത്തിയത്. അത് കണ്ടെത്തുകയാണ് സുര്‍ജേവാലയുടെ കര്‍ത്തവ്യം.

അതേസമയം, 2014 ലെ പരാജയം സംബന്ധിച്ച എ കെ ആന്റണി സമിതിയുടെ റിപ്പോര്‍ട്ട് ഇതുവരെ പാര്‍ട്ടിയുടെ മുമ്പിലെത്തിയിട്ടില്ല. അതിനിടെയാണ് രണ്ടാമത്തെ പരാജയവും പുതിയ കമ്മിറ്റിയും ഉണ്ടായിരിക്കുന്നത്.

publive-image

കമ്മ്യൂണിക്കേഷന്‍ എറര്‍ ! രാഹുലിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകി !

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വമായിരുന്നു ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യു ഡി എഫും അഭിമുഖീകരിച്ച വലിയ പ്രതിസന്ധി.

ആദ്യം മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് മത്സരിച്ച് പ്രഖ്യാപനം നടത്തി. തൊട്ടുപിന്നാലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായി. അതോടെ രാഹുല്‍ കേരളത്തിലേക്ക് എന്ന് കേട്ടപ്പോള്‍ ആവേശഭരിതരായ പ്രവര്‍ത്തകര്‍ നിരാശരായി. പിന്നീട് രാഹുലിന്റെ സ്ഥാനാര്‍ഥിത്വവും വടകരയിലെ കെ മുരളീധരന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനവും അനിശ്ചിതമായി നീണ്ടു.

എ ഐ സി സിയുടെ അന്തിമ തീരുമാനം കാത്തായിരുന്നു ആദ്യ ഘട്ടത്തില്‍ തീരുമാനം നീണ്ടതെങ്കില്‍ പിന്നീട് എ ഐ സി സി ഇക്കാര്യത്തില്‍ തീരുമാനം എടുത്ത ശേഷം പ്രഖ്യാപനത്തിന് ഒരുങ്ങിയപ്പോള്‍ കെ പി സി സി അധ്യക്ഷനെ ഫോണില്‍ കിട്ടിയില്ലെന്നായിരുന്നു ആക്ഷേപം.

publive-image

ഒളിച്ചുകളിയില്‍ കളഞ്ഞത് ഒരുദിനം

കെ പി സി സി അധ്യക്ഷന്റെ അനുമതിയില്ലാതെ പ്രഖ്യാപനം നടത്താനാകില്ല. പക്ഷെ, എ ഐ സി സി നേതാക്കള്‍ക്ക് മണിക്കൂറുകളോളം മുല്ലപ്പള്ളി രാമചന്ദ്രനെ ഫോണില്‍ ലഭിച്ചില്ലെന്നായിരുന്നു അറിവ്. അന്ന് വയനാട് പായ്ക്കേജിന്റെ ഭാഗമായി സ്ഥാനാര്‍ഥിത്വത്തിന് എ ഐ സി സി മുല്ലപ്പള്ളിയില്‍ സമ്മര്‍ദ്ദം ചെലുത്തിവന്ന സമയമായിരുന്നു.

മുല്ലപ്പള്ളിയ്ക്കാണെങ്കില്‍ ലോക്സഭയിലേക്ക് മത്സരിക്കാന്‍ താല്പര്യം ഉണ്ടായിരുന്നില്ല. ഒടുവില്‍ രണ്ടാമനും മൂന്നാമനും വഴിയാണ് ആളെ പറഞ്ഞുവിട്ട് മുല്ലപ്പള്ളിയെയും എ ഐ സി സിയെയും തമ്മില്‍ കണക്റ്റ് ചെയ്യിക്കുന്നത്. ഇതോടെ പ്രഖ്യാപനം ഒരു ദിവസം വൈകുകയും ചെയ്തു. ഈ സമയത്ത് പ്രചരണ രംഗത്തുണ്ടായിരുന്ന സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരുമാണ് അത്രസമയം സമ്മര്‍ദ്ദത്തിലായത്.

publive-image

മുല്ലപ്പള്ളി എവിടെ ?

കേരളത്തിലെ പാര്‍ട്ടി അതിന്റെ സമീപകാല ചരിത്രത്തിലെ വന്‍ വിജയം ആഘോഷിക്കുമ്പോള്‍ സകല മാധ്യമങ്ങളും ഉറ്റുനോക്കിയത് ഇന്ദിരാ ഭവനിലേക്കാണ്. പ്രവര്‍ത്തകര്‍ ഇവിടെ അത്യാഹ്ലാദത്തിലായിരുന്നു. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെയാണ് ഈ സമയം എല്ലാവരും ഇന്ദിരാ ഭവനില്‍ പരതിയത്.

പ്രസിഡന്റ് സ്ഥലത്തില്ല. എവിടെയെന്നും ആര്‍ക്കും അറിവില്ല. കോണ്‍ഗ്രസ് 20 സീറ്റുകളിലും മുന്നേറിക്കൊണ്ടിരുന്നപ്പോഴൊക്കെ ആവേശത്തിന്റെ കൊടുമുടി കയറിയ നേതാക്കള്‍ എത്ര പരതിയിട്ടും പ്രസിഡന്റിനെ കണ്ടെത്താനായില്ല.

ജനകീയനായ നേതാവ് പ്രവര്‍ത്തകരുടെ ആവേശത്തിലും നിരാശയിലുമൊക്കെ ഒപ്പം നില്‍ക്കേണ്ടതാണ്. മുല്ലപ്പള്ളി രാമചന്ദ്രനെക്കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ള ആക്ഷേപവും അത് തന്നെയാണ്; അദ്ദേഹം 'അവൈലബിള്‍' അല്ല. വീട്ടില്‍ സന്ദര്‍ശകരെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല മുല്ലപ്പള്ളി. പ്രവര്‍ത്തകര്‍ അത്യാവശ്യത്തിനല്ലാതെ ഫോണില്‍ വിളിച്ചാലും അദ്ദേഹത്തെ കിട്ടില്ല.

ഓഫീസില്‍ സന്ദര്‍ശനത്തിന് അങ്ങനെ നിയന്ത്രണമൊന്നുമില്ലെങ്കിലും മുന്‍ പ്രസിഡന്റുമാരെപ്പോലെയൊക്കെ മുല്ലപ്പള്ളിയെ ചെന്നുകാണുക അത്ര എളുപ്പമല്ലെന്ന പരാതിയാണ് പ്രവര്‍ത്തകര്‍ക്കുള്ളത്.

അതിനാല്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം വൈകിയത് അന്വേഷിക്കാനും വോട്ടെണ്ണല്‍ ദിവസം ഉച്ചകഴിയും വരെ പ്രസിഡന്റ് എവിടെയായിരുന്നെന്ന് അന്വേഷിക്കാനും ഓരോ സമിതികള്‍ ആകാമെന്നാണ് ചില കോണുകളില്‍ നിന്നുള്ള ആവശ്യം.

loksabha ele 2019 cong
Advertisment