Advertisment

മുല്ലപ്പള്ളിയുടെ മഹാജനയാത്രയ്ക്ക് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ യാത്രയുടെ മുന്നൊരുക്കങ്ങള്‍ അവതാളത്തില്‍. പോസ്റ്ററില്ല, ചുവരെഴുത്തില്ല, കട്ടൌട്ടുകളോ ബാനറുകളോ ഇല്ല, നോട്ടീസില്ല, ബുക്ക് ലെറ്റുകള്‍ ഇല്ല, ടീമംഗങ്ങള്‍ ആയില്ല, നയിക്കാന്‍ കെപിസിസി ഭാരവാഹികളോ ഇല്ല. കോണ്‍ഗ്രസ് ആള്‍ക്കൂട്ടങ്ങളുടെ ആരവമായപ്പോള്‍ പാര്‍ട്ടി ജാഥ ഘടകകക്ഷികളുടെ യാത്രയേക്കാള്‍ ഗതികേടില്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന മഹാജനയാത്ര ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ യാത്രയുടെ മുന്നൊരുക്കങ്ങള്‍ അവതാളത്തില്‍. യാത്രയുടെ പോസ്റ്ററുകള്‍ പോലും ഇതുവരെ അതാത് ഡി സി സി ഓഫീസുകളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ചുവരെഴുത്തുകളും ബുക്ക് ലെറ്റുകളും തയാറായിട്ടില്ല. മൂന്നാം തീയതി ഞായറാഴ്ച കാസര്‍കോഡു നിന്നാണ് യാത്ര തുടങ്ങുന്നത്.

Advertisment

publive-image

ജാഥ ടീമും യാത്ര നിയന്ത്രിക്കാന്‍ കെ പി സി സി സമിതികളും പൂര്‍ണമായും നിശ്ചയിക്കപ്പെട്ടിട്ടില്ല. കെ പി സി സിയ്ക്ക് ഭാരവാഹികളില്ലെന്നതാണ് നിലവിലെ ഗതികേടിലേക്ക് കാര്യങ്ങളെത്തിച്ചത്. ആകെയുള്ളത് പ്രസിഡന്റും 3 വര്‍ക്കിംഗ് പ്രസിഡന്റുമാരുമായിരുന്നു. അതില്‍ എം ഐ ഷാനവാസ് മരിച്ചതോടെ അത് രണ്ടായി ചുരുങ്ങി. ബാക്കിയുള്ള 2 പേരുടെ വര്‍ക്ക് മോശമാണെന്ന അഭ്യൂഹം കെ പി സി സിയില്‍ ശക്തമാണ്.

കൊടിക്കുന്നില്‍ സുരേഷ് മഹാജനയാത്രയുടെ നിയന്ത്രണം ലഭിക്കാത്തതില്‍ ക്ഷുഭിതനായി മാറിനില്‍ക്കുന്നുവെന്നാണ് ഒരു വിഭാഗം പറയുന്നത്. യാത്രയുടെ കണ്‍വീനര്‍ സ്ഥാനം ലഭിച്ചത് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന് തന്നെയാണ്. അതോടെ കൊടിക്കുന്നില്‍ അസംതൃപ്തനായി.

publive-image

കെ സുധാകരന്‍ പണ്ട് മുതലേ മുല്ലപ്പള്ളി രാമചന്ദ്രനുമായി ലോഹ്യത്തിലല്ല.  ഒന്നിച്ച് ഭാരവാഹികളായി വന്നെങ്കിലും ഇരുവരും തമ്മിലുള്ള ധാരണ പരിഹരിക്കപ്പെട്ടിട്ടില്ലെന്നത് കെ പി സി സി നേതൃഭരണത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.

ജാഥയ്ക്ക് വേണ്ടി ഒരു ഡോക്യുമെന്‍ററിയും രാജീവ് ഗാന്ധിയെക്കുറിച്ച് ഒരു ബുക്ക് ലെറ്റും തയാറായിട്ടുണ്ടെന്നു പറയുന്നുണ്ടെങ്കിലും അതും ഡി സി സി ഓഫീസുകളില്‍ എത്തിയിട്ടില്ല.

publive-image

ജാഥാ ടീമിനെയും സ്ഥിരം ടീമംഗങ്ങളെയും ഇന്ന് തീരുമാനിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എല്ലാവരെയും തൃപ്തിപ്പെടുത്തി അത് തീരുമാനിക്കണമെങ്കില്‍ യാത്ര കാസര്‍കോട് നിന്നും എറണാകുളം വരെയെങ്കിലും എത്തേണ്ടിവരുമെന്ന് പറയുന്നു.  ഇത് തീരുമാനിക്കാന്‍ ഇന്ന് കൊച്ചിയില്‍ ബെന്നി ബഹന്നാന്റെ അധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

publive-image

സമീപകാലത്തൊന്നും ബെന്നി ബെഹന്നാന്‍ ഏറ്റെടുത്ത ഒരു ദൌത്യവും കോണ്‍ഗ്രസില്‍ വിജയകരമായി പര്യവസാനിച്ചതായി കേട്ടിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.  അത് ശരിവയ്ക്കുന്നതാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ യാത്രയുടെ മുന്നൊരുക്കങ്ങള്‍ അവതാളത്തിലായ നിലവിലെ സാഹചര്യം.

തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ പി സി സി പുനസംഘടനയ്ക്ക് പകരം 4 താല്‍ക്കാലിക സമിതികള്‍ നിലവില്‍ വരുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും ഇതിനായി ഗ്രൂപ്പുകള്‍ സമര്‍പ്പിച്ച ലിസ്റ്റിലെ പേരുകളുടെ ബാഹുല്യം മൂലം അതും നടപ്പിലായില്ല.

publive-image

കെ പി സി സിയ്ക്ക് പ്രസിഡന്റിനെയും വര്‍ക്കിംഗ് പ്രസിഡന്റുമാരെയും നിശ്ചയിച്ചപ്പോള്‍ പഴയ ഭാരവാഹികളെ തുടരാന്‍ അനുവദിക്കാതിരുന്നതാണ് ഏറ്റവും വലിയ അപാകതയായി മാറിയതെന്ന് പറയപ്പെടുന്നു. പഴയ ജനറല്‍ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും ട്രഷററെയും തല്ക്കാലത്തേക്ക് തുടരാന്‍ അനുവദിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ക്ക് ഇവ്വിധം താമസം നേരിടില്ലായിരുന്നത്രെ.

publive-image

അതേസമയം, അടുത്തിടെ നടന്ന യൂത്ത് ലീഗിന്റെ കേരള യാത്രയും ഇപ്പോള്‍ നടക്കുന്ന ജോസ് കെ മാണിയുടെ കേരളയാത്രയുമൊക്കെ 6 മാസവും 3 മാസവുമൊക്കെ മുമ്പേ ഈ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയവയാണ്. എന്നാല്‍ കോണ്‍ഗ്രസിന് സംസ്ഥാനമൊട്ടുക്കും ശക്തമായ അടിത്തറയുള്ളതിനാല്‍ ഇനിയുള്ള ഒരു ദിവസമെങ്കിലും ഒരുക്കങ്ങള്‍ നേരാംവണ്ണം നടത്താനായാല്‍ യാത്രയുടെ വിജയത്തിന് അത് ധാരാളമായിരിക്കും. പക്ഷേ, അത് നടത്താന്‍ പ്രാപ്തിയുള്ള ആളുകളെ അതിന്റെ സംഘാടക ചുമതലയിലേക്ക് കൊണ്ടുവരേണ്ടിവരും എന്ന് മാത്രം.

mullappally
Advertisment