കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പുനസംഘടിപ്പിച്ചപ്പോള്‍ ലാഭം ഉമ്മന്‍ചാണ്ടിക്കും കെസിയ്ക്കും. മോഹഭംഗം ആന്റണിയ്ക്കും ചെന്നിത്തലയ്ക്കും സുധീരനും. ചെന്നിത്തല ആഗ്രഹിച്ച സ്ഥാനം വളര്‍ത്തി വലുതാക്കിയ ശിഷ്യന്‍ അടിച്ചുമാറ്റിയതില്‍ ഐ ഗ്രൂപ്പില്‍ അമര്‍ഷം. തരൂരിന്റെ നഷ്ടം താത്ക്കാലികം

ജെ സി ജോസഫ്
Thursday, July 19, 2018

ഡല്‍ഹി:  കോണ്‍ഗ്രസിന്റെ 23 അംഗ പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചപ്പോള്‍ സന്തോഷിച്ചത് കേരളത്തിലെ കോണ്‍ഗ്രസുകാരാണെങ്കില്‍ ഞെട്ടിയതും കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ. ഒപ്പം മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും. കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ച ലഭിച്ച കര്‍ണ്ണാടകയ്ക്ക് പോലും പ്രവര്‍ത്തക സമിതിയില്‍ 2 പ്രാതിനിധ്യങ്ങള്‍ (സിദ്ദരാമയ്യയും മല്ലിഗാര്‍ജുന ഗാര്‍ഗെയും) ലഭിച്ചപ്പോള്‍ കേരളത്തിന് ലഭിച്ചത് മൂന്ന്‍ പേര്‍, സ്ഥിരം ക്ഷനിതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ട പി സി ചാക്കോ വേറെയും.

പക്ഷേ പട്ടികയില്‍ നഷ്ടങ്ങള്‍ സംഭവിച്ചവരുടെ എണ്ണം നാലാണ്. എ കെ ആന്റണി, രമേശ്‌ ചെന്നിത്തല, വി എം സുധീരന്‍, ശശി തരൂര്‍, നേട്ടമുണ്ടാക്കിയത് ഉമ്മന്‍ചാണ്ടിയും കെ സി വേണുഗോപാലും തന്നെ. കെ സിയെ സംബന്ധിച്ച് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഗുരുവായ രമേശ് ചെന്നിത്തല വര്‍ക്കിംഗ് കമ്മിറ്റിക്ക് വേണ്ടി തീവ്രശ്രമം നടത്തിയിട്ടും അദ്ദേഹത്തെ കടത്തിവെട്ടി പ്രവര്‍ത്തക സമിതിയില്‍ എത്താനായാണ് നേട്ടമായി.

ഇക്കാര്യത്തില്‍ ഐ ഗ്രൂപ്പിനിടയില്‍ കടുത്ത അതൃപ്തിയുണ്ട്. ആന്റണി, ഉമ്മന്‍ചാണ്ടി, പി സി ചാക്കോ എന്നീ മൂന്ന്‍ ക്രിസ്ത്യന്‍ പ്രതിനിധികള്‍ വന്നപ്പോള്‍ ഒരു ഭൂരിപക്ഷ സമുദായാംഗത്തെ കൂടി ഉള്‍പ്പെടുത്തി സാമുദായിക ബാലന്‍സ് പാലിക്കാന്‍ ഹൈക്കമാണ്ട് നിര്‍ബന്ധിതരായി. അതിനായി പരിഗണിച്ചത് വേണുഗോപാലിനെയും തരൂരിനെയും ചെന്നിത്തലയെയും സുധീരനെയുംആയിരുന്നു.

തരൂരിനെ തത്കാലം മാറ്റി നിര്‍ത്തിയത് സുനന്ദ പുഷ്കരുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ്. അക്കാര്യം രാഹുല്‍ ഗാന്ധി നേരിട്ട് തരൂരിനെ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദൈനംദിന പാര്‍ട്ടി കാര്യങ്ങളില്‍ തരൂരിന്റെ റോളിനെപ്പറ്റി ആര്‍ക്കും സംശയമില്ല. അതിനി തുടരുകയും ചെയ്യും.

ബാക്കിയുള്ള മൂന്ന്‍ പേര്‍ തമ്മില്‍ ശക്തമായ അവകാശ വാദം തന്നെ നടന്നു. മുതിര്‍ന്ന നേതാവും കേരളത്തിലെ പ്രതിപക്ഷ നേതാവുമെന്ന നിലയില്‍ രമേശ്‌ ചെന്നിത്തലയും മുകുള്‍ വാസ്നിക് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. എന്നാല്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി എന്നതും പാര്‍ലമെന്റിലെ സജീവ ഇടപെടലും കെ സിയെ തീരുമാനിക്കാന്‍ രാഹുലിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളായി.

സുധീരനോട് രാഹുലിന് പഴയ താല്പര്യം ഇപ്പോഴില്ല. ചുരുക്കത്തില്‍ ചെന്നിത്തല, വേണുഗോപാല്‍ എന്നിവരില്‍ രാഹുല്‍ ഗാന്ധിയുടെ ഗുഡ് ബുക്കില്‍ കയറിപ്പറ്റിയത് വേണുഗോപാലാണ്. രമേശിനെ സംബന്ധിച്ചിടത്തോളം ഇത് അപ്രതീക്ഷിത തിരിച്ചടിയാണ്. രമേശ്‌ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെ അന്ന് ആ സംഘടനയില്‍ ഒന്നുമില്ലാതിരുന്ന രണ്ടുപേരാണ് അദ്ദേഹത്തെ കടത്തിവെട്ടി പാര്‍ട്ടിയുടെ പരമോന്നത സമിതിയിലെത്തിയത്. വേണുഗോപാലും മുകുള്‍ വാസ്നിക്കും.

എ കെ ആന്റണിയെ സംബന്ധിച്ച് കരുണാകരന് ശേഷ൦ പ്രവര്‍ത്തക സമിതി അംഗമെന്ന നിലയ്ക്ക് കേരളത്തിലെ ഏകദൈവം എന്ന പദവിയാണ്‌ നഷ്ടപ്പെടുന്നത്. അതിനു൦ പുറമേ സര്‍വ്വ വ്യാപിയായ ഉമ്മന്‍ചാണ്ടി സമാന പദവിയില്‍ എത്തുന്നതോട് കൂടി ചെയ്യുന്നതോടെ ആന്റണി ഇനി അപ്രസക്തനായി മാറുകയാവും ഫലം. ആന്റണിയെയും അംബികാ സോണിയെയും സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ രാഹുല്‍ ഗാന്ധി ആലോചിച്ചെങ്കിലും സോണിയാ ഗാന്ധിയുടെ ഇടപെടലാണ് അത് ഒഴിവാക്കിയത്.

അതേസമയം, ഉമ്മന്‍ചാണ്ടിക്ക് തീര്‍ന്നു പോയി പദവി എന്ന് കരുതിയിരുന്നിടത്ത് നിന്ന് പാര്‍ട്ടിയിലേക്ക് ശക്തമായ തിരിച്ചുവരവാണ് ഉണ്ടായിരിക്കുന്നത്. എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനവും ആന്ധ്രയുടെ ചുമതലയും പ്രവര്‍ത്തക സമിതി അംഗത്വവും കൂടിയായപ്പോള്‍ ഉമ്മന്‍ചാണ്ടി പാര്‍ട്ടിയില്‍ ദേശീയ നേതാക്കളില്‍ ഏറ്റവും തലയെടുപ്പുള്ള നേതാവായി മാറി. ആന്റണിക്കൊപ്പം സീനിയോറിറ്റിയും രണ്ടു തവണ മുഖ്യമന്ത്രിയും രണ്ടു തവണ പ്രതിപക്ഷ നേതാവുമായ ഉമ്മന്‍ചാണ്ടിക്കൊപ്പം നില്‍ക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ ചുരുക്കമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി രാഹുല്‍ ഗാന്ധിയുമായി കൊമ്പുകോര്‍ത്തതും ഒടുവില്‍ മുന്നണിക്ക്‌ ദയനീയ പരാജയം സംഭവിച്ചതും ഉമ്മന്‍ചാണ്ടിയെ രാഹുലിന്‍റെ ഗുഡ് ബുക്കില്‍ നിന്നും അകറ്റിയിരുന്നു. ഇതിനു ശേഷം കേരളത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനവും കെ പി സി സി അധ്യക്ഷ പദവിയും ഉള്‍പ്പെടെ ഒരു പദവിയും ഏല്‍ക്കാതെ ഉമ്മന്‍ചാണ്ടി സജീവ നേതൃത്വത്തില്‍ നിന്നും മാറി നിന്നതോടെ അദ്ദേഹം തീര്‍ത്തും അപ്രസക്തനായി മാറും എന്ന പ്രതീതി സൃഷ്ടിച്ചിരുന്നു.

അതിനിടയിലാണ് ഒരു മാസം മുമ്പ് ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്റ് ഏറ്റവും നിര്‍ണ്ണായക ദൌത്യവുമായി ആന്ധ്രയിലേക്ക് നിയമിക്കുന്നത്. ആന്ധ്രയുടെ ചുമതലയില്‍ ആഴ്ചകള്‍ക്കുള്ളില്‍ വലിയ മാറ്റങ്ങള്‍ തന്നെ സൃഷ്ടിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞത് രാഹുല്‍ ഗാന്ധിയെ ഏറെ സംതൃപ്തനാക്കിയിരുന്നു.

ഭാവിയില്‍ പാര്‍ട്ടിക്ക് വേണ്ടി നിര്‍ണ്ണായക കരുനീക്കങ്ങള്‍ നടത്താന്‍ ഉമ്മന്‍ചാണ്ടിയെ ഉപകരിക്കും എന്ന പ്രതീക്ഷയാണ് പ്രവര്‍ത്തക സമിതിയിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

×