Advertisment

കേരള ഘടകത്തിലൊതുങ്ങി സിപിഎം കേന്ദ്രകമ്മിറ്റി ? ശബരിമലയിലെ പിണറായി ലൈന്‍ ശരിവച്ചത് ഗത്യന്തരമില്ലാതെ ! 3 സിപിഎം എംപിമാരില്‍ 2 പേരും കോണ്‍ഗ്രസ് പറഞ്ഞാല്‍ അനുസരിക്കുന്നവരെന്ന്‍ വന്നതോടെ കോണ്‍ഗ്രസ് സഹകരണത്തിനും സിസിയുടെ പച്ചക്കൊടി !

New Update

ഡല്‍ഹി:  ബംഗാളും ത്രിപുരയും കൈവിട്ട സി പി എമ്മിന്റെ അവശേഷിക്കുന്ന തുരുത്ത് കേരളം മാത്രമാണ്.  അഖിലേന്ത്യാ പാര്‍ട്ടിയെന്ന പദവി ഇത്തവണ തലമുടിനാരിഴ വ്യത്യാസത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും സി പി എമ്മിന്റെ 'ദേശീയ സ്ഥിതി' കേരളത്തില്‍ ഒതുങ്ങുന്നതാണ്. തമിഴ് നാട്ടില്‍ 2 സീറ്റുകള്‍ ലഭിച്ചെങ്കിലും അത് കോണ്‍ഗ്രസിന്റെ കൂടി കരുണയിലാണ്.

Advertisment

publive-image

ഈ നിലയ്ക്ക് കേരള ഘടകത്തിന്റെ മേല്‍ക്കോയ്മയും പ്രാമാണിത്തവും അടിവരയിട്ട് തെളിയിക്കുന്നതാണ് ഇന്നലെ നടന്ന സി പി എം കേന്ദ്ര കമ്മിറ്റി യോഗം.

കേരളത്തിലെ വമ്പന്‍ പരാജയങ്ങളുടെ കാരണങ്ങള്‍ വിലയിരുത്താനുള്ള ചര്‍ച്ചയില്‍ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പറയാന്‍ പലര്‍ക്കും കാരണങ്ങള്‍ വ്യക്തമായി അറിയാമായിരുന്നിട്ടും പിണറായിക്ക് മുമ്പില്‍ മനസ് തുറക്കാന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പോലും ധൈര്യം വന്നില്ല. അതിനാല്‍ തന്നെ പരാജയ കാരണങ്ങളുടെ യാഥാര്‍ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ വി എസ് അച്യുതാനന്ദന്റെ കത്ത് പരിഗണനയ്ക്കെടുക്കാന്‍ പോലും കേന്ദ്ര കമ്മിറ്റി തയാറായില്ല.

ശബരിമല വിഷയത്തിലെ സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം ഉറപ്പിക്കുകയായിരുന്നു കേരള ഘടകത്തിന്റെ പ്രധാന ആവശ്യം. അത് സി സി അംഗീകരിച്ചു. സി സിയിലെ പല അംഗങ്ങള്‍ക്കും കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് പോലും ഇക്കാര്യത്തില്‍ വിയോജിപ്പുണ്ടായിരുന്നു. പക്ഷെ, തുറന്നുപറയാനുള്ള കരുത്ത് ഇപ്പോള്‍ കേരളത്തിന് പുറത്തുള്ള പാര്‍ട്ടി അംഗങ്ങള്‍ക്കില്ലെന്നതാണ് സത്യം.

publive-image

ഫലത്തില്‍ സി പി എമ്മില്‍ കൂടുതല്‍ കരുത്തനാകുകയാണ് പിണറായി. പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ ആകെ ഒരു സീറ്റാണ് സി പി എമ്മിന് കിട്ടിയത്. സി പി എമ്മിന് കാര്യമായ പോരാട്ടമില്ലാത്ത തമിഴ്നാട്ടില്‍ 2 സീറ്റുകള്‍ കിട്ടി.  അത് കോണ്‍ഗ്രസിന്റെയും ഡി എം കെയുടെയും തണലിലായിരുന്നു. കേരളത്തിലെ പാര്‍ട്ടി എന്ത് പറഞ്ഞാലും കോണ്‍ഗ്രസിനെയും ഡി എം കെയുടെ നിലപാടിനെയും തള്ളിപ്പറയാന്‍ അവരെ കിട്ടില്ല. അതിനു തുനിഞ്ഞാല്‍ അവര്‍ വേറെ പണി നോക്കും.

പാര്‍ലമെന്‍റിന് പോലും സി പി എമ്മിന്റെ പ്രഖ്യാപിത നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കണമെങ്കില്‍ അതിന് സി പി എം പറഞ്ഞാല്‍ കേള്‍ക്കുന്നത് കേരളത്തില്‍ നിന്നുള്ള എ എം ആരിഫ് മാത്രമായിരിക്കും.

ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായുള്ള സഹകരണത്തിന്റെ ആവശ്യകത കേന്ദ്ര കമ്മിറ്റി യോഗം 'ഊന്നിപ്പറഞ്ഞത്' ഈ നിര്‍വ്വാഹമില്ലായ്മ ഒന്നുകൊണ്ടു മാത്രമാണ്. അല്ലെങ്കില്‍ പ്രകാശ് കാരാട്ടും കേരള ഘടകവും അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമായിരുന്നു.

Advertisment