Advertisment

കൃതി സാഹിത്യോത്സവം: ഇന്ന് പൊട്ടിച്ചിരിക്കാം, മലബാര്‍ കഥകളുമായി ബിനോയ് നമ്പാലയുടെ 'സുലൈമാന്റെ പയക്കംപറച്ചിലുകള്‍'

author-image
admin
New Update

കൊച്ചി: 1960-കളോടെ ഇല്ലാതായിപ്പോയ പയക്കംപറച്ചില്‍ എന്ന രസികന്‍ കലാരൂപത്തിന് രണ്ടു മൂന്നു വര്‍ഷത്തെ പ്രയത്‌നം കൊണ്ടാണ് അനുഗ്രഹീത നടന്‍ ബിനോയ് നമ്പാല വീണ്ടും ജീവന്‍ കൊടുത്തത്.

Advertisment

publive-image

മലബാറിന്റെ നാട്ടുഭാഷയില്‍ അവതരിപ്പിപ്പെടുന്ന ഈ ഏകാഭിനയ നര്‍മപരിപാടി ഏറെ ചിരിക്കാനും അതിലേറെ ചിന്തിക്കാനും പ്രേരണയായിരുന്നതാണ്. പൂര്‍ണ മികവുകളോടെ അതിനെ പുനര്‍ജീവിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ബിനോയ് നമ്പാലയുടെ വിജയം. ഇന്ന് വൈകിട്ട് 7 മണിക്കാണ് കൃതി പുസ്തകോത്സവ വേദിയോടു ചേര്‍ന്നുള്ള കലോത്സവ വേദിയില്‍ വ്യത്യസ്തമായ ആറു കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ബിനോയ് അരങ്ങു തകര്‍ക്കുക.

പ്രശസ്ത നാടകപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ഗോപന്‍ ചിദംബരത്തിന്റെ സഹായത്തോടെ ബിനോയ് തന്നെ വികസിപ്പിച്ചെടുത്തതാണ് ഇതിന്റെ സ്‌ക്രിപ്റ്റ് എന്നതും ശ്രദ്ധേയമാണ്. ഗോപന്‍ ചിദംബരം സംവിധാനം ചെയ്ത ഈ പയക്കം പറച്ചിലിന് തോമസ് ജോ നല്‍കുന്ന നല്‍കുന്ന പശ്ചാത്തല സംഗീതവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ റുപ്പി, ആട് 2 തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുള്ള ബിനോയിയുടെ അസാമന്യ അഭിനയമികവാണ് പയക്കം പറച്ചിലിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

പയക്കം പറച്ചിലിനു മുമ്പ്, ആറു മണിക്ക് ആരംഭിക്കുന്ന ഗസല്‍ സന്ധ്യയില്‍ നാലായിരത്തതിലേറെ വേദികളില്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള പിന്നണി ഗായിക സോണി സായി ഗസലുകള്‍ പാടും. പ്രശസ്തമായ ഹിന്ദി-ഉറുദു ഗസലുകള്‍ക്കൊപ്പം ഗസല്‍ച്ഛായയുള്ള മലയാള സിനിമാഗാനങ്ങളും സോണി സായി അവതരിപ്പിക്കും.

Advertisment