ഒരു ഭാഗത്ത് നവകേരളനിർമ്മിതിക്കായി പിരിവോ പിരിവ് ! മറുഭാഗത്ത് നവോത്ഥാന മതിലിനായി ചിലവോ ചിലവ് ! ശരിക്കും ഇതാണ് അഴിമതി. ഇതാണ് അനാവശ്യം. ഇതാണ് ധൂർത്ത് !

ദാസനും വിജയനും
Thursday, December 20, 2018

നവകേരളമാണോ നവോത്ഥാന കേരളമാണോ ഇന്നിന്റെ ആവശ്യമെന്ന് ഈ വരുന്ന ഒന്നാം തിയതി കേരളത്തിലെ പ്രബുദ്ധരായ പെണ്ണുങ്ങൾ തീരുമാനിക്കും. ഒരു ഭാഗത്ത് നവകേരളനിർമ്മിതിക്കായി പിരിവോ പിരിവ് ! മറുഭാഗത്ത് നവോത്ഥാന മതിൽ നിർമ്മിതിക്കായി ചിലവോ ചിലവ് ! അല്ലെങ്കിലും ചിലർ അങ്ങനെയാണ് .

ബാങ്ക് അക്കൗണ്ടിൽ കുറച്ചു കാശ് , അതാരുടെയായാലും വന്നു കഴിഞ്ഞാൽ പിന്നെ ഇല്ലാത്ത ചിലവുകൾ ഉണ്ടാക്കിയെടുത്ത് അത് പുട്ടടിച്ച് തീർത്തില്ലെങ്കിൽ ഒരു മനസ്സമാധാനവും ഉണ്ടാകില്ല . ഇന്നിപ്പോൾ കേരള ഖജനാവിൽ കുറച്ചു പണം വന്നുകിടപ്പുണ്ട് . അത് ചങ്ങലയായും മതിൽ ആയും ഒക്കെ പണിത് തീർക്കാതെ ചിലര്‍ക്ക് ഉറക്കം വരില്ല.

റാന്നിയും കോന്നിയും ആലുവയും ചെങ്ങന്നൂരും ചാലക്കുടിയും പറവൂരും ഹെലികോപ്റ്ററും മത്സ്യത്തൊഴിലാളികളും ആശ്വാസ ദുരിതാശ്വാസ ക്യാമ്പുകളും ഒക്കെ ജനത്തെക്കൊണ്ട് മറന്നു കളയുവാൻ ശീലിപ്പിച്ചു . ശബരിമലയെ അതിന്നായി ഉപയോഗിച്ചു . അല്ലെങ്കിൽ മനുഷ്യന്റെ കൈപ്പിഴകൊണ്ട് പറ്റിയ ഒരു പ്രളയത്തെ ആരെങ്കിലും എടുത്തിട്ടു കളിച്ചാൽ മന്ത്രിസഭ തന്നെ രാജിവെക്കേണ്ടി വന്നേനെ .

എന്തിനാണ് ഇപ്പോൾ ഇങ്ങനെയൊരു വനിതാ മതിൽ എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഇപ്പോൾ അതിന്റെ ആവശ്യകത എന്താണ് ? പട്ടേൽ പ്രതിമയെ കുറ്റം പറയുവാൻ ഇവർക്കെന്തവകാശം ? പ്രധാനമന്ത്രിയുടെ വിദേശ യാത്രകളെ കുറിച്ച് പറയുവാൻ ഇവർക്കെന്തവകാശം ? അഴിമതിക്കഥകൾ പുറത്തുകൊണ്ടുവരുവാൻ ഇവർ ആരാ ?

ശരിക്കും ഇതാണ് അഴിമതി . ശരിക്കും ഇതാണ് അനാവശ്യം , ശരിക്കും ഇതാണ് ധൂർത്ത് . എൺപതുകളിൽ ഡിവൈഎഫ്ഐ എന്നൊരു സംഘടനക്ക് സഖാവ് എംവിആർ രൂപം കൊടുക്കുകയും എംവിആറിനെ പുറത്താക്കിയപ്പോൾ അണികളെ പിടിച്ചു നിർത്തുവാൻ മനുഷ്യ ചങ്ങല ഉണ്ടാക്കുകകയും ബംഗാളികൾ ഇല്ലാതെ തന്നെ അത് വിജയിക്കുകയും ചെയ്തപ്പോള്‍ പിന്നീട് മനുഷ്യക്കോട്ടയുമായി വന്നു .

പക്ഷെ കോട്ട എട്ടു നിലയിൽ പൊട്ടി , നിരവധിയനവധി സ്ഥലങ്ങളിൽ കോട്ടയിൽ വിള്ളലുകൾ കണ്ടപ്പോൾ തത്ക്കാലം മതില്‍കെട്ട് അവസാനിപ്പിക്കുകയായിരുന്നു.

ഇത്രേം ചെറിയൊരു സംസ്ഥാനം ഭരിക്കുവാൻ പതിമൂന്നോ പതിനഞ്ചോ ഉപദേശകരുള്ള ഈ നാട്ടിൽ ഏതോ ഒരുപദേശകൻ ആര്‍ക്കിട്ടോ പണിയുവാനായാണ് ഈ മണ്ടത്തരം പറഞ്ഞുകൊടുത്തത് എന്ന് തോന്നിപ്പോകുന്നു . അല്ലെങ്കിൽ ഇന്നത്തെ ഈ കാലഘട്ടത്തിൽ ഇതിന്റെയൊന്നും ആവശ്യകതയില്ല . മറ്റാരോ പണിതുവെച്ച എയർപോർട്ട് ഉത്ഘാടനം ചെയ്യുന്നതുപോലെയല്ല ഈ മനുഷ്യ മതിൽ . ഇതിന് കുറച്ചു അധ്വാനമുണ്ട് .

കോവളത്തെ വിൻസെന്റിന്‌ ലഭിക്കാത്ത നീതി ഷൊർണൂരിലെ ശശിക്ക് കൊടുത്തപ്പോൾ കെ സുരേന്ദ്രന് ലഭിക്കാത്ത നീതി എംഎം മണിക്ക് ലഭിച്ചുകൊണ്ടിരിക്കുമ്പോൾ ഇളയച്ഛൻ ജയരാജന് ലഭിക്കാത്ത നീതി കൊച്ചാപ്പ ജലീലിന് ലഭിക്കുമ്പോൾ ഒരു കാര്യം മനസ്സിലാക്കാം , നമ്മെ ഭരിക്കുന്നയാൾക്ക് ഇരട്ടച്ചങ്ക് മാത്രമല്ല ഇരട്ട മുഖവും ഉണ്ടെന്ന് . ഇത്രയും നാൾ ജനങ്ങളെ പറ്റിച്ചതുപ്പോലെ ഇനിയും പറ്റിക്കണമെന്നു തോന്നുമ്പോൾ ബംഗാളും ത്രിപുരയും ഒന്നോർക്കുന്നത് നന്ന് .

കവിത മോഷ്ടിക്കുന്നവരെ സ്‌കൂൾ യുവജനോത്സവ ജഡ്ജിയാക്കുക , പെണ്ണുപിടിയന്മാരെ എംഎൽഎ ആക്കുക , പാവപ്പെട്ടവന്റെ പണം തട്ടിയെടുത്ത് സിനിമ നിർമ്മിച്ച് സംവിധാനം ചെയ്യുന്നവരെ സമ്മേളനങ്ങളിലെ പ്രഭാഷകരാക്കുക എന്നിങ്ങനെയൊക്കെയുള്ള ദൈവത്തിന് നിരക്കാത്ത കാര്യങ്ങൾ വരിവരിയായി ചെയ്തുകൂട്ടിയപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം കേരളത്തിന്റെ വളർച്ചയെ മുപ്പതുകൊല്ലം പിറകിലോട്ടടിച്ചു .

അനാവശ്യമായ 97 ഓളം ഹർത്താലുകൾ കൂടിയായപ്പോൾ എല്ലാം ഭംഗിയായി . വിതച്ചതേ കൊയ്യൂ എന്നതിന്റെ ഉത്തമോദാഹരണമായി ഹർത്താലുകൾ .

നമ്മുക്ക് എന്തൊക്കെ ചെയ്തുതീർക്കുവാനുണ്ട് . ബീഹാറും ബംഗാളും വരെ ഇപ്പോൾ പുരോഗമനത്തിന്റെ വഴിത്താരയിലാണ്. നമ്മളോ പതിറ്റാണ്ടുകൾ പിറകിലും . ഇല്ലാത്ത തള്ളുകളും പത്രപ്പരസ്യങ്ങളും കൊടുത്തതുകൊണ്ട് മാത്രം ഒരു സംസ്ഥാനം രക്ഷപ്പെടണമെന്നില്ല . ഇപ്പോഴും അസുഖം വന്നാൽ കുത്തകകളായ അമേരിക്കക്കാരെയും ജർമ്മൻകാരെയും ദുബൈക്കാരെയും ഒക്കെ ആശ്രയിക്കേണ്ടിവരുന്നത് ദീര്ഘവീക്ഷണമില്ലായ്മയാണ് .

കൊടി സുനിയെയും കുഞ്ഞനന്തനെയും പരോളിൽ വിടുന്ന കാര്യത്തിലുള്ള ശുഷ്‌കാന്തി മറ്റു പല കാര്യങ്ങളിലുമാണ് വേണ്ടത് . അണികൾ ചോർന്നുപോകാതിരിക്കുവാൻ അതും നിങ്ങൾ ചെയ്തോളൂ , പക്ഷെ വിമർശിക്കുന്നവരെ ജയിലിലാക്കുന്ന കാടൻ ഭരണരീതി മാറ്റിയേപറ്റൂ .

അഹങ്കാരം തലക്കടിച്ച രണ്ടുപേർ ഇന്ത്യയിൽ ഉണ്ടായിരുന്നു . ജീവിതത്തിൽ തെറ്റുകൾ മാത്രം ചെയ്തുകൂട്ടി അതിൽനിന്നൊക്കെ രക്ഷപെട്ട് ജയിച്ചു ജയിച്ചു കയറുകയായിരുന്നു അവർ . ആൾക്കൂട്ട കൊലപാതകങ്ങളും എതിരാളികളെ ജയിലിൽ ആക്കിയും വകവരുത്തിയും ഒക്കെ അവർ ജയിച്ചു ജയിച്ചുപോന്നു .

കേരളം പിടിക്കുവാൻ ശബരിമല എന്ന ഭൂതത്തെ തുറന്നുവിട്ടു . ഇവിടത്തെ മനസമാധാനം ഇല്ലാതാക്കുവാൻ ജുഡീഷ്യറിയെ വരെ ഉപയോഗിച്ചു . അവസാനം ഇപ്പോൾ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയിൽ കയ്യിലുണ്ടായിരുന്ന ഹൃദയഭൂമി നഷ്ടപ്പട്ടു . ഒപ്പം മാനവും ആത്മവിശ്വാസവും എല്ലാം .

എല്ലാം തള്ളിലൂടെ നേടാമെന്ന് കരുതിയവരൊക്കെ ഇന്നിപ്പോൾ ഈ വർഷാവസാനം തിരിച്ചടികൾ നേരിടുകയാണ് . പോരാളി ഷാജിമാരായാലും , അമിട്ട് ഷാജിമാരായാലും , ഒടിയൻ മേനോനായാലും , മോഷണകവയത്രി ദീപയായാലും എന്തിനധികം ഇന്ത്യൻ പ്രധാനമന്ത്രിയായാലും ഈ വർഷം ആവർക്ക് മോശം തന്നെയായിരുന്നു . എല്ലാ തള്ളുകൾക്കും ഒരു അന്ത്യം വന്നുകൊണ്ടിരിക്കുന്നു .

പണ്ടൊക്കെ ജനാധിപത്യത്തിലൂടെ നമ്മുക്ക് പ്രതികരിക്കുവാൻ കഴിഞ്ഞിരുന്നു , ഇന്നിപ്പോൾ വോട്ടിങ് യന്ത്രങ്ങളെ വരെ സ്വാധീനിച്ചിരിക്കുന്നു . പിന്നെ നമ്മുക്ക് ഏക ആശ്വാസം ജുഡീഷണറിയായിയുന്നു , അതും ഇപ്പോൾ ഏതാണ്ട് തീരുമാനം ആയിരിക്കുന്നുവെന്നാണ് വിരമിച്ച ജസ്റ്റീസുമാര്‍ പറയുന്നത്. ഇനിയുള്ള ആശ്വാസം മുകളിൽ ഉള്ളവൻ അഥവാ ദൈവം തമ്പുരാൻ മാത്രം .

ആയതുകൊണ്ട് ഈ വർഷത്തെ അവസാനത്തെ തള്ളായ ഈ വനിതാ മതിലിലും ദൈവം ഒരു നല്ല തീരുമാനം എടുത്തുകൊണ്ട് അടുത്തകാലത്തൊന്നും ഇതുപോലെയുള്ള അഹങ്കാരങ്ങൾ അല്ലെങ്കിൽ മണ്ടത്തരങ്ങൾ ചെയ്യുവാൻ ഭരണകൂടങ്ങളെ പ്രേരിപ്പിക്കില്ലെന്ന വിശ്വാസത്തിൽ

വനിതാമതിലിൽ പങ്കെടുക്കില്ലെന്ന ദൃഢനിശ്ചയത്തിൽ മിസ്സിസ് ദാസനും അന്ന് കല്ല് മഴപെയ്യട്ടേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് മിസ്സിസ് വിജയനും

×