Advertisment

കഴിഞ്ഞ ദിവസം നിര്യാതയായ ആനിക്കാട് സ്വദേശി ഡോ. നീതുവിന്റെ മരണത്തിൽ അനുശോചിച്ച് നാട്ടുകാരനും പ്രവാസിയുമായ രാജു കുന്നക്കാട്ടിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

author-image
admin
New Update

ആനിക്കാട്:  ആനിക്കാടിന് കണ്ണീരോര്‍മയായി ഡോ. നീതു എന്നേക്കുമായി യാത്ര പറഞ്ഞു. മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് എം ടി എഴുതിയത് എത്രയോ ശരിയെന്ന് തോന്നിപ്പോയി.

Advertisment

പൂമ്പാറ്റയെപ്പോലെ പാറിനടന്ന്, ആനിക്കാട് പള്ളിക്കത്തോട് ജനങ്ങളുടെ സ്‌നേഹവാത്സ്യത്തില്‍ വളര്‍ന്ന നീതു ജീവിതത്തിന്റെ ഔന്നത്യങ്ങളിലേക്ക് വളര്‍ന്ന കാലങ്ങളില്‍ ഏവരും അഭിമാനിച്ചു, സന്തോഷിച്ചു. കളങ്കമില്ലത്ത ചിരിയും സംസാരിവുമായി നടന്ന ഡോ. നീതുവിന്റെ വേര്‍പാട് വിശ്വസിക്കാനാവാതെ ഏവരും വിതുമ്പുകയാണ്.

publive-image

യുവ ഡോക്ടര്‍ അകാലത്തില്‍ വേര്‍പിരിയുമ്പോള്‍ കോലംകുഴിയില്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുവാന്‍ ഏവരും പാടുപെടുന്നു.

നന്നേ ചെറുപ്പത്തില്‍ അമ്മയെ (തങ്കമ്മ) നഷ്ടപ്പെട്ട നീതുവിനെ, ആ ദുഖം അറിയിക്കാതെ വളര്‍ത്തിയത് എന്റെ ഗുരുനാഥ കൂടിയായ തെയ്യാമ്മ ടീച്ചറും, പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന തോമസ് സാറും, പിതാവ് ബാബുച്ചായനും, വിന്‍സിയും ബെന്നിച്ചായിയും തങ്കമ്മയും, സിസമ്മയും, ബിജുവും, ബോണിയും, സോണിയും നീതുവിന്റെ ജ്യേഷ്ഠ സഹോദരിമാരായ ഹിമയും നിമിഷയുമൊക്കെയായിരുന്നു. നീതുവിന് കൂട്ടായി ഷോണ്‍ എന്ന കുഞ്ഞനുജനും കൂട്ടിനുണ്ടായിരുന്നു.

കോലംകുഴിയില്‍ കുടുംബത്തിന്റെ സ്‌നേഹവലയത്തിലും കരുതലിലും അവള്‍ മാതൃവിയോഗത്തിന്റെ നൊമ്പരം അറിയാതെ വളര്‍ന്നു. ഉന്നതമായ നിലയില്‍ പഠനം പൂര്‍ത്തിയാക്കി വൈദ്യശുശ്രൂഷയിലേക്ക് കടന്ന് ഒന്‍പതു മാസം മുന്‍പ് വിവാഹിതയായി.

തൃശൂര്‍, കട്ടിലപൂവം, കുരിശുപറമ്പില്‍ റിയോണിനൊപ്പം ഖത്തറില്‍ താമസിച്ചിരുന്ന നീതു ഒന്നര മാസം മുന്‍പ് നാട്ടിലേക്കു മടങ്ങി. അപ്രതീക്ഷിതമായി നീതുവിനെ മരണം തട്ടിയെടുത്തു. ഒരു പക്ഷെ ആയുസിന്റെ പുസ്തകത്തില്‍ അവളുടെ താള്‍പ്പുറങ്ങള്‍ ഇത്രയൊക്കെയേ ഉണ്ടായിരുന്നുവെന്ന് കരുതാം.

മധുവിധുകാലം മായുംമുന്‍പ് പ്രിയതമ യാത്രയായ ദുഖം താങ്ങാനാവാതെ് റിയോണ്‍ അന്ത്യചുംബനം നല്‍കാന്‍ ഇന്നു ഖത്തറില്‍ നിന്നെത്തും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡോ. നീതുവിന് അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ എല്ലാവര്‍ക്കും ആവില്ലല്ലോ എന്ന ദുഖവും അവശേഷിക്കുന്നു.

എന്റെ മകൾ ആര്‍ലിനോടും, പുത്തൻപുരക്കൽ നോയൽ ഫിലിപ്പിനോടും, കൊല്ലംപറമ്പിൽ ജോസഫ് ജെയിംസിനോടുമൊപ്പമായിരുന്നു ആനിക്കാട്ടു നിന്നും കുന്നുംഭാഗം സെന്റ് ജോസഫ്‌സ് സ്‌കൂളിലേക്ക് നീതു ബാല്യത്തില്‍ പോയിരുന്നത്.

കൂടാതെ പുത്തൻപുരക്കൽ നോയൽ ഫിലിപ്പും, കൊല്ലംപറമ്പിൽ ജോസഫ് ജെയിംസുംമൊക്കെയുണ്ടാകും. ആര്‍ലിനെ ബസില്‍ യാത്രയാക്കാന്‍ എത്തുമ്പോള്‍ കേട്ടിരുന്ന നീതുവിന്റെ നിഷ്‌കളങ്കമായ സംസാരവും അങ്കിള്‍ എന്ന വിളിയുമാണ് ഓര്‍മയില്‍ മുഴങ്ങുന്നത്.

പ്രിയ മകള്‍ നീതുവിന് അന്തിമോപചാരമര്‍പ്പിക്കാന്‍ ആവാത്തതില്‍ ഏറെ ദുഖമുണ്ട്. കോലംകുഴിയില്‍ കുടുംബാംഗങ്ങള്‍ക്കും നീതുവിനെ അറിയുന്ന എല്ലാ ദേശവാസികള്‍ക്കുമൊപ്പം എന്റെയും കണ്ണീര്‍പൂക്കള്‍ അര്‍പ്പിക്കുന്നു. പ്രിയപ്പെട്ട നീതുവിന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നു.

Advertisment