ഒരിക്കല്‍ കൊട്ടിയടച്ച വാതില്‍ വീണ്ടും തുറന്നതും 15 കോടി നഷ്ടം സഹിച്ച് 2 ക്യാബിനറ്റ് റാങ്കുകള്‍ സഹിച്ചതും വ്യക്തമാക്കുന്നത് ജയരാജന്റെ ‘വില’ ! പിണറായി വിദേശത്തേക്ക് പോകുമ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണം വീണ്ടും മലബാര്‍ ലോബിക്ക് !

കൃഷ്ണന്‍കുട്ടി
Tuesday, August 14, 2018

തിരുവനന്തപുരം:  മന്ത്രി ഇ പി ജയരാജന്റെ മടങ്ങി വരവ് ജയരാജനേക്കാള്‍ പ്രധാനം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആവശ്യമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. മന്ത്രിമാരുടെ എണ്ണം 19 ല്‍ നിര്‍ത്തി ഒരു മന്ത്രിക്ക് 7.5 കോടി ലാഭിക്കുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി 20 -)൦മത്തെ മന്ത്രിയായി ക്ഷണിച്ചത് മറ്റ്‌ ഗത്യന്തരങ്ങളില്ലാതെയാണെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി രണ്ടാഴ്ചയിലധികം ചികിത്സാര്‍ത്ഥം അമേരിക്കയിലേക്ക് പോകുമ്പോള്‍ സര്‍ക്കാര്‍ ബിസിനസ് കോ ഓര്‍ഡിനേറ്റ് ചെയ്യാന്‍ ശക്തരായ പകരക്കാരനില്ലാത്തതാണ് ജയരാജനെ തിടുക്കപ്പെട്ട് തിരികെ വിളിക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭയുടെ നിയന്ത്രണം കണ്ണൂര്‍ ലോബിയുടെ കയ്യില്‍ ഭദ്രമാക്കാനും മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുമ്പില്‍ മറ്റ്‌ മാര്‍ഗ്ഗങ്ങളില്ലായിരുന്നു.

സാധാരണ ഗതിയില്‍ ഇടത് മുന്നണി ഒരു നയം പ്രഖ്യാപിച്ചാല്‍ ഉടനടി അതില്‍ മാറ്റം വരുത്തുന്നത് പതിവില്ല. മന്ത്രിസഭയുടെ എണ്ണം 19 എന്ന് യു ഡി എഫ് സര്‍ക്കാരിന്റെതിനേക്കാള്‍ 2 പേരെ ലാഭിക്കുമ്പോള്‍ ഒരു മന്ത്രിക്ക് 7.5 കോടി വീതം 15 കോടി ലാഭമെന്നുമൊക്കെ ഇടതുമുന്നണി നേരത്തെ പ്രഖ്യാപിച്ചതാണ്.

ഒരു വേളയില്‍ ജയരാജനും പിണറായിയും തമ്മിലുള്ള ബന്ധം വഷളായപ്പോഴാണ് 19 -)൦മനായി എം എം മണിയെ മന്ത്രിസഭയിലെടുത്ത് ജയരാജന് മുന്നില്‍ മന്ത്രിസഭയുടെ വാതില്‍ കൊട്ടിയടച്ചത്. പക്ഷേ, പിന്നീട് ഓരോ സന്ദര്‍ഭങ്ങളിലും പാര്‍ട്ടിയില്‍ ജയരാജന്റെ പ്രാധാന്യം വര്‍ധിക്കുകയായിരുന്നു. പല നിര്‍ണ്ണായക ഇടപെടലുകള്‍ക്കും ചുക്കാന്‍ പിടിക്കാനും ജയരാജനെ ആശ്രയിക്കേണ്ടി വന്നു.

പിണക്കം മറന്ന് മുന്‍കാലങ്ങളിലേതുപോലെ എല്ലാം ‘സെറ്റില്‍’ ചെയ്ത് ജയരാജന്‍ തന്റെ പ്രാധാന്യവും പ്രസക്തിയും പ്രകടമാക്കി കാണിക്കുകയും ചെയ്തു. സി പി എമ്മിനെ സംബന്ധിച്ച് ജയരാജനെപ്പോലുള്ള ഒരു ‘ഓപ്പറേറ്റര്‍’ ഇല്ലാതെ ഭരണം ഉപയോഗപ്പെടുത്താനാകില്ലെന്നതും മറ്റൊരു തിരിച്ചറിവായി.

സി പി എമ്മിനെ സഹായിക്കുന്ന വ്യവസായ ലോബി ഉള്‍പ്പെടെയുള്ള സാമ്പത്തിക ശക്തികളുടെ വിശ്വസ്തനാണ് ജയരാജന്‍. അവരെ കൈകാര്യം ചെയ്യുന്നതിനുള്ള മെയ് വഴക്കവും അദ്ദേഹത്തിന് മാത്രമാണ്. പ്രത്യേകിച്ച് സെക്രട്ടറിയേറ്റിലെ ഒന്നാം നമ്പര്‍ കസേരയില്‍ മുഖ്യമന്ത്രിയുടെ ഇടവേള സംഭവിക്കുമ്പോള്‍ ഒന്നിനും കുറവുണ്ടാകാതെ മന്ത്രിസഭയെ നയിക്കാന്‍ വിശ്വസ്തനും ശക്തനുമായ രണ്ടാമനായാണ് ജയരാജന്റെ മടങ്ങി വരവ്.

നിലവില്‍ രണ്ടാമനായി എ കെ ബാലനെക്കൊണ്ട് മന്ത്രിമാരെ കൊണ്ടുനടക്കുക നടപടിയുള്ള കാര്യമായി സി പി എം കാണുന്നില്ല. മുതിര്‍ന്ന മന്ത്രിമാരായ തോമസ്‌ ഐസക്കും ജി സുധാകരനും സി പി ഐ മന്ത്രിമാരുമൊന്നും ബാലനെ അംഗീകരിക്കില്ല.

അതേസമയം, പിണറായിയെക്കാള്‍ ഒട്ടും മോശമല്ലാത്ത ഭയം ജയരാജനോടുണ്ട്. അതിനാല്‍ തന്നെയാണ് ഒന്നിന് പകരം 2 ക്യാബിനറ്റ് റാങ്കുകള്‍ ബലികൊടുത്തും ജയരാജനെ മടക്കി കൊണ്ടുവന്നത്.

×