Advertisment

എടയന്ത്രത്ത് പ്രതീക്ഷിച്ചത് മാനത്തോടത്തിന് കിട്ടി : എറണാകുളം - അങ്കമാലി രൂപതയുടെ പുതിയ തലവനായി നിയമിതനായ മാര്‍ മാനത്തോടത്ത് വിമതരുടെയും പ്രിയങ്കരന്‍ ! വിമതരുടെ തീവ്ര നിലപാടുകളെ എതിര്‍ക്കുക വഴി കര്‍ദ്ദിനാളിനും സമ്മതന്‍ ! തലവേദന ഒഴിവാക്കിയ ആശ്വാസത്തില്‍ മാര്‍ ആലഞ്ചേരി !

New Update

കൊച്ചി:  എറണാകുളം - അങ്കമാലി അതിരൂപതയുടെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി മാര്‍പ്പാപ്പ നിയമിച്ച മാര്‍ ജേക്കബ്ബ് മാനത്തോടത്ത് അതിരൂപതയിലെ വിമതരുമായ സൗഹൃദം സൂക്ഷിക്കുകയും എന്നാല്‍ ഇവരുടെ തീവ്ര നിലപാടുകളെ എതിര്‍ക്കുകയും കര്‍ദ്ദിനാളിനെ ആദരിക്കുകയും ചെയ്യുന്ന സൗമ്യ വ്യക്തിത്വമെന്ന് റിപ്പോര്‍ട്ട്.

Advertisment

പുതിയ നിയമനം ആരുടെ വിജയമെന്ന് ചോദിച്ചാല്‍ ഉത്തരമില്ലെങ്കിലും കര്‍ദ്ദിനാളിനും വിമത വൈദികര്‍ക്കും ഒരേപോലെ ആശ്വാസമാണെന്ന് പറയാം. അതേസമയം, കുളംകലക്കി മീന്‍ പിടിക്കാനിരുന്ന ചിലര്‍ക്ക് ഇത് നിരാശയുമാണ്‌.

publive-image

അതിരൂപതാംഗമായ (ചേര്‍ത്തല സ്വദേശി) അതിരൂപതയിലെ തന്നെ ഏറ്റവും സീനിയര്‍ ബിഷപ്പാണ് മാര്‍ ജേക്കബ്ബ് മാനത്തോടത്ത്. പാലക്കാട് രൂപതയുടെ ചുമതലയില്‍ അദ്ദേഹം തുടരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒപ്പം എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ ആര്‍ച്ച് ബിഷപ്പ് എന്ന സ്ഥാനത്ത് മാര്‍ ആലഞ്ചേരിയും തുടരും.

നിയമന ഉത്തരവില്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ എന്ന സംജ്ഞയോട് ചേര്‍ത്ത് പറഞ്ഞിരിക്കുന്ന sede plena എന്ന ലത്തീന്‍ പ്രയോഗം അര്‍ഥമാക്കുന്നത് അതാണ്‌. ഫലത്തില്‍ ആര്‍ച്ച് ബിഷപ്പിന്റെ സമ്പൂര്‍ണ്ണ ചുമതലയാണ് അദ്ദേഹം നിര്‍വഹിക്കുക.

publive-image

എറണാകുളം - അങ്കമാലി അതിരൂപതയില്‍പ്പെട്ട കോടംതുരുത്തില്‍ മനത്തോടത്ത് പരേതരായ കുര്യന്‍ - കത്രീന ദമ്പതികളുടെ മകനായി 1947 ഫെബ്രുവരി 22 നാണ് മാര്‍ മാനത്തോടത്തിന്റെ ജനനം. ഒരു സഹോരനും അഞ്ച് സഹോദരിമാരുമുണ്ട്. 1972 നവംബര്‍ 4 നാണ് പൌരോഹിത്യം സ്വീകരിച്ചത്.

1992 നവംബര്‍ 8 ന് എറണാകുളം- അങ്കമാലി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായി. 1996 നവംബര്‍ 11 നാണ് പാലക്കാട് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടത്. നാളെ ഉച്ചകഴിഞ്ഞ് മൂന്ന്‍ മണിക്ക് എറണാകുളം സെന്റ്‌ മേരീസ് ബസലിക്കയില്‍ വച്ച് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയില്‍ നിന്നും മാര്‍ മനത്തോടത്ത് ഔദ്യോഗികമായി പദവി ഏറ്റെടുക്കും.

publive-image

കര്‍ദ്ദിനാളിനെ സംബന്ധിച്ച് അതിരൂപതയുടെ ചുമതല ഒരേസമയം ഭാരവും തലവേദനയുമായിരുന്നു. തനിക്ക് അറിവോ തീരുമാനമോ ഇല്ലാത്ത വിഷയങ്ങളില്‍ ചുമതലക്കാരന്‍ എന്ന നിലയില്‍ ഒപ്പിട്ട് നല്‍കാന്‍ ബാധ്യസ്ഥനാണെന്നതാണ് കര്‍ദ്ദിനാളിന് ഈ ചുമതല ഭാരമാകുന്നത്.

വിവാദ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പഴി കേട്ടതും വിവാദത്തിലകപ്പെട്ടതും ചുമതലയുള്ള ആര്‍ച്ച് ബിഷപ്പ് എന്ന പേരിലാണ്. ആ ഭാരമാണ് അദ്ദേഹം ഇപ്പോള്‍ ഇറക്കി വച്ചിരിക്കുന്നത്.

publive-image

കാലങ്ങളായി കര്‍ദ്ദിനാള്‍ മാര്‍ കൈകാര്യം ചെയ്തിരുന്ന ചുമതലയാണ് മാര്‍ ആലഞ്ചേരി ഒഴിവാക്കിയിരിക്കുന്നത്. എല്ലാക്കാലവും അതിരൂപതയുടെ ഭരണം കര്‍ദ്ദിനാളുമാര്‍ക്ക് തലവേദനയായിരുന്നു. അതിന്റെ പേരില്‍ പുറംലോകം അറിഞ്ഞില്ലെങ്കിലും മാര്‍ ആലഞ്ചേരി അനുഭവിച്ചതിനേക്കാള്‍ യാതന മറ്റ്‌ കര്‍ദ്ദിനാള്‍മാര്‍ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ ആര്‍ച്ച് ബിഷപ്പ് അല്ലെങ്കില്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ മാര്‍ മാനത്തോടത്തിനടുത്തായിരുന്നു വിമത വൈദികര്‍ ആദ്യം കര്‍ദ്ദിനാളിനെതിരെ പടയൊരുക്കത്തിനായി ഉപദേശം തേടിയത്. അദ്ദേഹം പ്രോത്സാഹിപ്പിച്ചില്ല, നിരുത്സാഹപ്പെടുത്തിയുമില്ലെന്നാണ് പിന്നാമ്പുറ സംസാരം.

publive-image

പിന്നീട് വിമതരുടെ നീക്കങ്ങള്‍ തീവ്രനിലപാടുകളിലെക്ക് വഴിമാറിയതോടെ അതിനെ അപലപിക്കുന്നവരുടെ കൂട്ടത്തിലായി മാര്‍ മാനത്തോടതത്തും. അതേസമയം, അദ്ദേഹം എല്ലാ സമയത്തും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് പ്രിയങ്കരനുമായിരുന്നു. കര്‍ദ്ദിനാളിനോടുള്ള സ്നേഹ ബഹുമാനങ്ങള്‍ അദ്ദേഹം നിലനിര്‍ത്തിയിരുന്നു എന്നതാണ് ശരി.

ഫലത്തില്‍ പുതിയ നിയമനം വഴി തിരിച്ചടി നേരിട്ടത് സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനാണ്. കര്‍ദ്ദിനാള്‍ അദ്ദേഹത്തിന് കൈമാറിയിരുന്ന ചുമതലകളൊക്കെ ഇനി സഹായ മെത്രാനില്‍ നിന്നെടുത്ത് പുതിയ ആര്‍ച്ച് ബിഷപ്പിന് കൈമാറും. മാത്രമല്ല എടയന്ത്രത്ത് പ്രതീക്ഷിച്ചിരുന്ന പദവി കൂടിയാണ് അദ്ദേഹത്തിന് കൈമോശം വന്നിരിക്കുന്നതും. മാത്രമല്ല, എടയന്ത്രത്തിനെതിരെ അച്ചടക്ക നടപടി വരുന്നു എന്ന അഭ്യൂഹങ്ങളും ശക്തമാണ്.

alanchery
Advertisment