Advertisment

കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ച കേസില്‍ മാരിയറ്റ് ഹോട്ടല്‍ ജീവനക്കാരനായ യുവാവ് അറസ്റ്റില്‍. നിര്‍ദ്ദേശം നല്‍കിയവരിലേക്കും അന്വേഷണം നീങ്ങുന്നു. അന്വേഷണ സംഘത്തെ സമ്മര്‍ദ്ദത്തിലാക്കി കേസ് അട്ടിമറിക്കാനൊരുങ്ങി ചില വൈദികരും രംഗത്ത് !

New Update

കൊച്ചി:  കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ കേസില്‍ കുടുക്കാന്‍ വ്യാജരേഖകള്‍ ചമച്ച കേസില്‍ എറണാകുളം കോന്തുരുത്ത് സ്വദേശി വളരി ആദിത്യയെ പോലീസ് അറസ്റ്റ് ചെയ്തു. ലുലു മാരിയറ്റ് ഹോട്ടലില്‍ ജീവനക്കാരനായിരുന്ന ആദിത്യയുടെ കമ്പ്യൂട്ടറിലാണ് വ്യാജരേഖകള്‍ നിര്‍മ്മിച്ച് ഫാ. പോള്‍ തേലക്കാടിന് അയച്ചുകൊടുത്തതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Advertisment

ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ആദിത്യയെക്കൊണ്ട് വ്യാജരേഖകള്‍ നിര്‍മ്മിച്ചതെന്നും ഇതിനുവേണ്ട വിശദാംശങ്ങള്‍ കൈമാറിയത് ആരൊക്കെയെന്നും ഇനി കണ്ടെത്തേണ്ടതുണ്ട്. ആദിത്യ ഒരുപകരണം മാത്രമായിരുന്നുവെന്നും മറ്റ്‌ പ്രമുഖരായ ആളുകള്‍ തന്നെയാണ് ഇയാളെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചതെന്നും പോലീസിന് ബോധ്യമായിട്ടുണ്ട്.

publive-image

കഴിഞ്ഞ ദിവസം കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ മുന്‍ സെക്രട്ടറിയായിരുന്ന ഫാ. ആന്റണി കല്ലൂക്കാരനെ വിളിച്ചുവരുത്തി മണിക്കൂറുകള്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. കല്ലൂക്കാരന്റെ ചോദ്യം ചെയ്യല്‍ നീണ്ടുപോയതോടെ നാല് വൈദികരും ഏതാനും അല്‍മായരും പ്രതിഷേധവുമായി ഡി വൈ എസ് പി ഓഫീസിനു മുമ്പിലെത്തിയിരുന്നു.

പിന്നീട് കല്ലൂക്കാരനെ പോലീസ് വിട്ടയയ്ക്കുകയും ചെയ്തു. ഇന്ന് ആദിത്യയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വൈദികരും ചില അല്‍മായരും സ്റ്റേഷന് മുമ്പിലെത്തിയിരുന്നു. പക്ഷെ, ആദിത്യയ്ക്കും ഫാ. പോള്‍ തേലക്കാടിനും ഏതാനും ചില വൈദികര്‍ക്കും എതിരെ വ്യക്തമായ തെളിവുകളാണ് പോലീസിന്റെ പക്കലുള്ളത്‌.

കേസില്‍ പ്രതിയായ ഫാ. പോള്‍ തേലക്കാടിനെ അനുകൂലിക്കുന്ന വൈദിക സമിതിയുടെ മിനിട്സില്‍ പോലും തേലക്കാടിനെതിരെയാണ് തെളിവുകളുള്ളത്. ഇതും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

എല്ലാ കാര്യങ്ങള്‍ക്കും പിന്തുണയും സൌകര്യങ്ങളും ചെയ്തുകൊടുത്ത ഉന്നതനിലെക്കും അന്വേഷണം നീളാനാണ് സാധ്യത. ആദിത്യയെ ചോദ്യം ചെയ്തതില്‍ നിന്നും സഭയിലെ ഉന്നതന് കേസുമായി ബന്ധമുണ്ടെന്നതിന് ചില തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെ നിര്‍ണ്ണായകമായ പല അറസ്റ്റുകള്‍ക്കും സാധ്യതയുണ്ട്.

അതിനിടെ സഭാ തലവനായ കര്‍ദ്ദിനാളിനെ കേസില്‍ അകപ്പെടുത്താന്‍ വ്യാജരേഖ സൃഷ്ടിച്ച കേസിലെ പ്രതികളെ രക്ഷിക്കാന്‍ സഭയില്‍ നിന്ന് തന്നെ വിരലില്‍ എണ്ണാവുന്ന ചില വൈദികര്‍ പരസ്യമായി രംഗത്തിറങ്ങിയത് വിശ്വാസികളെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്.

പ്രതികളെ രക്ഷിക്കാനും അന്വേഷണം അട്ടിമറിക്കാനുമാണ് ഈ വൈദികരുടെ നീക്കമെന്നാണ് സംശയം. നിലവിലെ നേരായ രീതിയിലാണ് ഡി വൈ എസ് പി വിദ്യാധരന്റെ നേതൃത്വത്തിലുള്ള അന്വേഷണം നീങ്ങുന്നത്. എന്നാല്‍ പോലീസ് അന്വേഷണം നേരായ വഴിയ്ക്ക് നീങ്ങുന്നുവെന്ന് കണ്ടതോടെ വ്യാജരേഖയുടെ ഉറവിട കേന്ദ്രങ്ങളില്‍ അങ്കലാപ്പായി.

പ്രതികളെ രക്ഷിക്കാന്‍ പോലീസില്‍ നിന്ന് തന്നെ ചിലര്‍ രംഗത്തെത്തിയതും ആശങ്ക പരത്തി. പക്ഷെ, അന്വേഷണ സംഘം ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയില്ല. അതിനിടെ കേസിന്റെ മേല്‍നോട്ടത്തിന് ഇന്നലെ എ എസ് പി എം ജെ സോജനെ ചുമതലപ്പെടുത്തിയതില്‍ ഒരു വിഭാഗത്തിന് ആശങ്കയുണ്ട്.

എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭൂമിവില്‍പ്പനയെ തുടര്‍ന്ന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പേരില്‍ ആക്സിസ് ബാങ്ക് അക്കൌണ്ടിലേക്ക് ഒരു തവണയും ഐ സി ഐ സി ഐ ബാങ്ക് അക്കൌണ്ടിലേക്ക് രണ്ടു തവണയുമായി 25.85 ലക്ഷം രൂപയെത്തിയെന്ന്‍ വ്യാജരേഖ ചമച്ചതാണ് കേസ്.

അന്വേഷണത്തില്‍ കര്‍ദ്ദിനാളിന് ഈ ബാങ്കുകളില്‍ അക്കൌണ്ട് ഇല്ലെന്നു കണ്ടെത്തിയതാണ് പ്രതികളെ കുടുക്കിയത്. അതോടെ സഭ പോലീസിനെ സമീപിക്കുകയായിരുന്നു.

alanchery
Advertisment