Advertisment

ഉന്നത വിദ്യാഭ്യാസ രംഗത്ത് ലിംഗസമത്വത്തെക്കുറിച്ചുള്ള ശില്‍പശാല ജനു. 5 മുതല്‍ 8 വരെ സെന്റ് തെരേസാസ് കോളേജില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ ഫോര്‍ യൂണിവേഴ്‌സല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ സംരംഭമായ വിമെന്‍ ഇന്‍ സെക്യൂറിറ്റി, കോണ്‍ഫ്‌ളിക്റ്റ് മാനേജ്‌മെന്റമെന്റ് ആന്‍ഡ് പീസിന്റെ (WISCOMP) സഹകരണത്തോടെ സെന്റ് തെരേസാസ് കോളേജ് ഉന്നത വിദ്യാഭ്യാസ രംഗത്തെ ലിംഗ സമത്വത്തെക്കുറിച്ച് ജനുവരി 5 മുതല്‍ 8 വരെ ശില്‍പശാല സംഘടിപ്പിക്കുന്നു.

Advertisment

'ജെന്‍ഡര്‍ ഇക്വിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍: ട്രാന്‍സ്‌ഫോര്‍മേറ്റിവ് പാത്‌വേസ് ഇന്‍ ഹയര്‍ എഡ്യുക്കേഷന്‍' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ശില്‍പശാല കോളേജ് അങ്കണത്തിലാണ് നടക്കുക. ഡല്‍ഹിയിലെ യുഎസ് എംബസിയിലെ പബ്ലിക് അഫേഴ്‌സ് സെക്ഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന 'ഹംസ: കാമ്പസ് ഇക്വിറ്റി ഇനീഷ്യേറ്റിവ്' എന്ന പദ്ധതിയുടെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.

ഇന്ത്യയിലുടനീളമുള്ള യൂണിവേഴ്‌സിറ്റി, കോളേജ് കാമ്പസുകളില്‍ ജെന്‍ഡര്‍ ഓഡിറ്റിനുള്ള രൂപരേഖ വികസിപ്പിക്കുന്നതിനുള്ള ആദ്യത്തേതും സവിശേഷവുമായ രാജ്യവ്യാപക സംരംഭമാണ് ഈ പദ്ധതി.

സമാഗതി എന്ന പേരില്‍ കാമ്പസുകളിലെ ലിംഗനീതിയെക്കുറിച്ച് 2015-ല്‍ കേരള സര്‍ക്കാരിന് കീഴിലുള്ള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആരംഭിച്ച പഠനത്തിന്റെ കൂടി ചുവടുപിടിച്ചാണ് ശില്‍പശാല. കാമ്പസുകളില്‍ ലിംഗനീതി ഉറപ്പാക്കാന്‍ പ്രതിബദ്ധരായിട്ടുള്ള മാനേജ്‌മെന്റ്, ഫാക്കല്‍റ്റി, വിദ്യാര്‍ഥികള്‍ എന്നിവരെ സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനം വികസിപ്പിച്ചെടുക്കുകയെന്നതാണ് ശില്‍പശാലയിലൂടെ ലക്ഷ്യമിടുന്നത്.

ചെന്നൈ ലൊയോള കോളേജ്, ബംഗലൂരു, കോയമ്പത്തൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുക്കുന്ന ശില്‍പശാലയില്‍ ലിംഗനീതിക്കായി പ്രവര്‍ത്തിക്കുന്ന യുഎസിലെയും ഇന്ത്യയിലെയും പ്രശസ്തരും വിദ്യാഭ്യാസ വിചക്ഷണരും പങ്കെടുക്കും.

ഇന്ത്യയിലെ യുഎസ് എംബസി പ്രതിനിധികള്‍ക്ക് പുറമേ അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് റിസേര്‍ച്ച് സ്‌കോളറും ഡ്രെക്‌സല്‍ യൂണിവേഴ്‌സിറ്റിയിലെ വിസിറ്റിങ് ഫാക്കല്‍റ്റിയുമായ ഡോ. ക്രിസ്റ്റി കെല്ലി, ഡെല്‍ഹി അംബേദ്ക്കര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ഡെനീസ് പി. ലെയ്റ്റണ്‍, സേഫ്റ്റിപിന്‍ എന്ന സംഘടനയുടെ സഹസ്ഥാപകയും സിഇഒയുമായ ഡോ. കല്‍പന വിശ്വനാഥ്, ജാഗോരി എന്ന സംഘടനയുടെ മുന്‍ ഡയറക്ടറും പ്രമുഖ ലിംഗനീതി വിദഗ്ധയുമായ സുനീത ധര്‍, അംബേദ്കര്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഹ്യൂമന്‍ സയന്‍സസ് ഡീന്‍ ഡോ. കൃഷ്ണമേനോന്‍, വിസ്‌കോംപ് ഡയറക്ടര്‍ ഡോ. മീനാക്ഷി ഗോപിനാഥ്, സെന്റ് തെരേസാസ് കോളേജ് ഡയറക്ടര്‍ സിസ്റ്റര്‍ വിനിത, പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്‍, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ലത നായര്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ സംസാരിക്കും.

ദക്ഷിണേഷ്യയില്‍ സ്ത്രീ പങ്കാളിത്തത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള രണ്ട് ദശാബ്ദകാലത്തെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് ഈ പദ്ധതിയിലൂടെ വിസ്‌കോംപ് ലക്ഷ്യമിടുന്നത്. ഹംസ: കാമ്പസ് ഇക്വിറ്റി ഇനീഷ്യേറ്റിവിലൂടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലിംഗനീതി മാനദണ്ഡങ്ങളും നയങ്ങളും നടപ്പാക്കാനാണ് വിസ്‌കോംപ് ശ്രമിക്കുന്നത്.

ഇന്ത്യയിലെ ടയര്‍-1, ടയര്‍-2 പട്ടണങ്ങളിലെ പത്തിലേറെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പദ്ധതിയില്‍ പങ്കാളികളാണ്. ശില്‍പശാലകള്‍ക്ക് പുറമേ വിദ്യാര്‍ഥികളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി കാമ്പസുകളിലെ സുരക്ഷാ ഓഡിറ്റ്, രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലിംഗ സമത്വത്തിനുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ പങ്കുവെയ്ക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള ധീരമായ ശ്രമങ്ങള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്താനുള്ള തീരുമാനവും ഈ പദ്ധതിയുടെ ഭാഗമാണ്.

Advertisment