Advertisment

പാർട്ടിയേത് ? സ്ഥാനാർഥിയാര് ? - കുട്ടനാടിന്റെ കാര്യത്തിൽ ഒരു നിലപാട് വേണ്ടേ ? 1980 ന് മുമ്പുള്ള രാഷ്ട്രീയം മാറിയത് നിങ്ങൾ മനസിലാക്കണം. സ്വന്തം തലയിലെ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുക. മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് അനിൽ ബോസ്

New Update

ആലപ്പുഴ: കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്നതിൽ വിമുഖത കാട്ടുന്ന കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവും അസംഘടിത തൊഴിലാളി കോൺഗ്രസ് ദേശീയ കോർഡിനേറ്ററുമായ അഡ്വ. അനിൽ ബോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Advertisment

കുട്ടനാട് കാര്യത്തിൽ പാർട്ടിയും മുന്നണിയും ഒരു വ്യക്തത വരുത്തണമെന്നാണ് അനിൽ ബോസിന്റെ ആവശ്യ൦. സീറ്റ് കോൺഗ്രസ് ഏറ്റെടുത്താൽ മത്സരിക്കാൻ സാധ്യതയുള്ളവരുടെ പാനലിൽ ഉൾപ്പെട്ട നേതാവാണ് അനിൽ ബോസ്. സുപ്രീംകോടതി അഭിഭാഷകനാണ് അനിൽ.

publive-image

കുട്ടനാട് മത്സരിക്കുന്ന പാർട്ടി ഏതെന്നോ സ്ഥാനാർഥി ഏതെന്നോ ഉടനെ നിശ്ചയിക്കുക. 1980 ന് മുമ്പുള്ള രാഷ്ട്രീയം മാറിയത് നേതാക്കൾ തിരിച്ചറിയണം. നിങ്ങൾ തലയിൽ പുതിയ സോഫ്റ്റ്വെയർ അപ്‌ഡേറ്റ് ചെയ്യണം.

പി ജെ ജോസഫും കെ എം മാണിയും താൻ ബഹുമാനിക്കുന്ന നേതാക്കൾ തന്നെയാണ്. മുന്നണികൾ മാറിമാറി മന്ത്രിയായ നേതാവാണ് പി ജെ ജോസഫ്. മാണി മുഖ്യമന്ത്രി കസേരയ്ക്ക് അരികെവരെയെത്തി. പോസ്റ്റിൽ സീറ്റ് ആവശ്യപ്പെട്ട് രംഗത്തുള്ള ജോസഫ് വിഭാഗത്തെ പരിഹസിക്കാനും അനിൽ മറന്നിട്ടില്ല.

പോസ്റ്റിന്റെ പൂർണ്ണരൂപം:

പറയാതെ വയ്യ.. ഒരു വലിയ രാഷ്ട്രീയ നേതാവല്ല ഞാൻ. ഒരു എളിയ പ്രവർത്തകൻ ആണ്. കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ ജീവവായു പോലെ കാണുന്ന ലക്ഷങ്ങളിൽ ഒരുവൻ മാത്രം .

പാർട്ടിയിൽ നിന്ന് കൂറുമാറുന്നവർ രാഷ്ട്രീയ മത്സരങ്ങൾ തുടങ്ങിയ കാലം മുതൽ ഉള്ളതാണ് .. അധികാര- ആശയ തർക്കങ്ങൾക്ക് രാഷ്ട്രീയ മുഖം നൽകുക പാർട്ടികൾ ഉണ്ടാക്കുക, കർഷക മുഖം നൽകി ,പറയാതെ പറയുന്ന സഭാ പശ്ചാത്തലം കൂടെയുണ്ടെന്ന് ഉറപ്പാക്കി.

കയറ്റിറക്കങ്ങളിൽ പതറാതെ ഈ രണ്ടു നേതാക്കൾ പി.ജെയും ,മാണിസാറും. '' മുന്നണികളെ പ്രത്യേകിച്ച് ജനകീയ അടിത്തറയിൽ ശക്തരായ കോൺഗ്രസിനെയും ,സി .പി .എമ്മിനെയും കാലാകാലങ്ങളിൽ ഉപയോഗിക്കുന്ന രാഷ്ട്രീയം .. അത് രാഷ്ട്രീയ വിദ്യാർത്ഥികൾ പഠിക്കേണ്ടുന്ന ഒന്നാണ് ..

പി.ജെ ഇടത് വലത് മുന്നണികളിൽ തുടർച്ചയായി മന്ത്രിയാകുന്ന രീതി ... മാണിസാറും അങ്ങനെ തന്നെ ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിക്കസേരയോട് തൊട്ടരികിൽ എത്തുന്ന ചിത്രം :... വ്യക്തിപരമായ കിടമത്സരക്കളികളിൽ..: ഇവരെ പല വിയോജിപ്പുകൾക്കിടയിലും ബഹുമാനിക്കാതെ വയ്യ.  വിയോജിപ്പുകൾക്കിടയിലും എനിക്കും ഒരുപാട് ഇഷ്ടമാണ് ഈ നേതാക്കളെ.

ഇപ്പോൾ എന്തിന് കുറിക്കുന്നു എന്ന് ചോദിച്ചാൽ കാരണം "കുട്ടനാട് "തന്നെ സ്ഥാനാർത്ഥി ആരെന്നോ മത്സരിക്കുന്ന പാർട്ടിയേതെന്നോ അല്ല. മുൻ പിൻ നോക്കാതെ അവരുടെ പാർട്ടിക്കും നിലപാടിന്റെ വിജയത്തിനും വേണ്ടി നടത്തുന്ന ജോലികൾ ഉണ്ടല്ലോ അത് എല്ലാവരും അറിയുന്നുവല്ലോ? കാണ് ,കണ്ടാൽ പോര പഠിക്കണം നമ്മുടെ നേതാക്കൾ !!!

നമ്മൾ ഒരു പ്രസ്ഥാനമാണ്, നേതാക്കൾ എല്ലാവരും നമ്മുടെതാണ്, ഒക്കെ ശരി. പക്ഷെ കുത്യത ,സുവ്യക്തത അത് വേണ്ടേ ? പാർട്ടിക്ക് ഒരു നിലപാട് ഒന്നുകിൽ ഏറ്റെടുക്കും ഇല്ലെങ്കിൽ ഇല്ല.  നേതൃത്വം എടുക്കുന്ന തീരുമാനങ്ങളെ ഞങ്ങൾ ആരും എതിർക്കില്ലല്ലോ ?

അത് കൊണ്ട് വിഴുപ്പലക്കലിന് വിട്ടുകൊടുക്കാതെ കാലത്തിനൊത്തുയരാൻ തയ്യാറാകുക , പൊതു മനസ് പഠിക്കുക. എല്ലാ നേതാക്കളോടും പറയാൻ ഉള്ളത് ഒന്ന് മാത്രം.

1980 ന് മുമ്പുള്ള രാഷ്ട്രീയം മാറി. ന്യു ജൻ ഭാഷയിൽ പറഞ്ഞാൽ പുതിയ സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യുക . നിലപാടുകൾ ഉണ്ടാകണം ചിലപ്പോൾ തെറ്റിയെന്നു വരാം പക്ഷെ സ്ഥിരതക്കൊരു അംഗീകാരം ഉണ്ടാകും.

ഇല്ലെങ്കിൽ എത്തുന്ന ഇടങ്ങളിൽ കൂടുന്നവരോ , വരുന്നയിടങ്ങളിൽ മൈക്കുമായി വരുന്ന ചാനലുകാരോ ഒന്നും കാണില്ല. സമയ പ്രാധാന്യം, വരാൻ പൊതു തെരഞ്ഞെടുപ്പ് അതിന്റെ രാഷ്ട്രീയ പ്രാധാന്യം ഒക്കെ ഓർത്താൽ നന്ന്.

Advertisment