Advertisment

ആത്മഹത്യയെക്കുറിച്ച് പോലും ആലോചിച്ച എന്നെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത് കെ ഐ നജീബ് എന്ന വലിയ മനുഷ്യന്‍ - കഴിഞ്ഞ ദിവസം അന്തരിച്ച കൊടുങ്ങല്ലൂരിലെ രാഷ്രീയ സാമൂഹ്യ പ്രവര്‍ത്തകന്‍ കെ ഐ നജീബിനെ അനുസ്മരിച്ച് കലാഭവൻ മണികണ്ഠൻ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

ഴിഞ്ഞ ദിവസം അന്തരിച്ച കൊടുങ്ങല്ലൂരിലെ പ്രാദേശിക രാഷ്രീയ സാമൂഹ്യ പ്രവര്‍ത്തകന്‍ കെ ഐ നജീബിനെ സുഹൃത്തും കലാഭവന്‍ താരവുമായ കലാഭവൻ മണികണ്ഠൻ അനുസ്മരിക്കുന്നു.

Advertisment

publive-image

ജീവിതത്തിൽ നമ്മെ ഉപദ്രവിച്ചവരെ മറന്നാലും ഉപകാരം ചെയ്തവരെ മറക്കരുത്. മറന്നാൽ അവൻ മനുഷ്യനല്ല.

എനിക്ക് അഞ്ച് സഹോദരിമാരാണുള്ളത്. " കഴിവുണ്ടായിട്ടും മണികണ്ഠൻ രക്ഷപ്പെടാത്തത് കൈയ്യിലിരുപ്പുകൊണ്ടാണ് " എന്ന് വിമർശകർ വിലയിരുത്തുന്നു കുറ്റപ്പെടുത്തുന്നവരെ ഞാൻ തിരിച്ച് കുറ്റപ്പെടുത്താറില്ല. അത് അവരുടെ കാഴ്ചപ്പാട് അവരുടെ സ്വാതന്ത്ര്യം .

ഓരോ പെങ്ങളുടേയും വിവാഹം അത് കഴിഞ്ഞാൽ അടുക്കള കാണൽ വയറു കാണൽ പ്രസവം മരുന്ന് അങ്ങനെ പോകുന്നു ചിലവുകൾ. അതു കൊണ്ട് കാസറ്റിനായി എഴുതി കിട്ടിയതും മിമിക്രി ചെയ്ത് കിട്ടിയതൊന്നും കൂട്ടി വെയ്ക്കാൻ കഴിഞ്ഞില്ല.

publive-image

ഏതാണ്ട് 20 വർഷം മുൻപ് ആലുവയിലുള്ള രണ്ട് നിർമ്മാതാക്കൾ ഇറക്കുന്ന ഒരു കാസറ്റിനുവേണ്ടിയുള്ള സ്ക്രിപ്റ്റുംപാട്ടും ഞാനെഴുതുന്നു. ഈ സമയത്താണ് നാലാമത്തെ പെങ്ങളുടെ വിവാഹം ഒത്തുവന്നത്. എന്റെ ഉറപ്പിൽ അമ്മ വാക്കുകൊടുത്തു ചെറുതെങ്കിലും പറഞ്ഞ സ്ത്രീധനമൊപ്പിക്കാൻ കൈയ്യിലുള്ളതും കടം വാങ്ങിയതും തികഞ്ഞില്ല.

അപ്പോഴാണ് മറ്റൊരു വഴി തെളിഞ്ഞത് നിർമ്മാതാക്കളോട് കാര്യം പറഞ്ഞു " പെങ്ങളുടെ കല്യാണമാണ് എന്റെ പ്രതിഫലതുക മുൻകൂറായി തന്നാൽ എനിക്ക് കുറച്ച് സ്വർണ്ണം വാങ്ങിക്കാം .. " " അതിനെന്താ കല്യാണതലേന്ന് തരാമെന്നേറ്റ തുകയ്ക്കുള്ള സ്വർണ്ണവുമായി ഞങ്ങൾ വരാം എന്താ.. " നിർമ്മാതാക്കളുടെ വാക്ക് വിശ്വാസത്തിലെടുത്ത് വീട്ടിലെത്തി

"മാലയാണ് ഇനി വേണ്ടത് വളയും കമ്മലുമൊക്കെ ഒപ്പിച്ചു " അമ്മ പറഞ്ഞു " അത് തലേന്ന് എത്തും " ഞാൻ അമ്മയ്ക്ക് വാക്കുകൊടുത്തു.

publive-image

എന്നാൽ കല്യാണ പിറ്റേന്ന് എട്ടുമണി കഴിഞ്ഞിട്ടും നിർമ്മാതാക്കൾ വന്നില്ല. എനിക്കാധിയായി വീട്ടിൽ ആളുകളെത്തി തുടങ്ങി. "മാലയെവിടെ ..?" അമ്മ തിരക്കി. ഞാൻ വീട്ടിൽ നിന്നും മുങ്ങി മൂന്ന് കിലോമീറ്റർ അകലെയുള്ള കോണത്തക്കുന്നിലേക്ക് ഓടി എം എസ് മേനോന്റെ ടെലഫോൺ ബൂത്തിൽ കയറി അവരെ വിളിച്ചു, " ഇപ്പോൾ വരാൻ ഞങ്ങൾക്ക് നിവർത്തിയില്ല തത്ക്കാലം മറ്റെവിടെ നിന്നങ്കിലും സംഘടിപ്പിക്കൂ" നിർമ്മാതാവിന്റെ വാക്കുകൾ കേട്ടപ്പോൾ ചവുട്ടി നിന്ന ഭൂമി പിളർന്ന് താഴോട്ട് പോകുന്നതു പോലെ എനിക്ക് തോന്നി.

publive-image

ഒരു എത്തും പിടിയുമില്ലാതെ നിന്നു ഇരുട്ടത്ത് മാറി നിന്ന് ശബ്ദമില്ലാതെ കരഞ്ഞു മാലയില്ലാതെ എങ്ങനെ വീട്ടിലേക്ക് ചെല്ലും ? എവിടെയെങ്കിലും പോയി ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. തിളയ്ക്കുന്ന മനസ്സുമായി അങ്ങനെ തരിച്ച് നിൽക്കേ സുഹൃത്ത് നജാഹ് ആ വഴിവന്നു, "അല്ലാ .. പെങ്ങളുടെ കല്യാണമായിട്ട് നീ എന്താ ഇവിടെ...? നജാഹ് ആശ്ചര്യത്തോടെ ചോദിച്ചു.

publive-image

ആദ്യമൊക്കെ മറ്റുകാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞ് മാറിയെങ്കിലും എന്റെ ഈർപ്പമുള്ള കണ്ണുകൾ കണ്ടപ്പോൾ നജാഹിനെന്തോ പന്തികേട് തോന്നി. നജാഹിന്റെ നിർബന്ധത്തിന് വഴങ്ങി ഞാൻ ഉള്ള സത്യം പറഞ്ഞു, "നീ ചാവൊന്നും വേണ്ടാ നമുക്ക് വഴിയുണ്ടാക്കാം " നജാഹ് തോളിൽ തട്ടി ആശ്വസിപ്പിച്ചു.

ഈ സമയം കോൺഗ്രസ് നേതാവും നജാഹിന്റെ ഇക്കയുമായ കെ ഐ നജീബിന്റെ ജീപ്പ് അതുവഴി വന്നു. നജാഹ് ആ വണ്ടി കൈ കാണിച്ച് നിർത്തി നജീബിനോട് എന്റെ അവസ്ഥ വിവരിച്ചു. എല്ലാം ശ്രദ്ധയോടെ കേട്ട നജീബ് എന്നോട് ജീപ്പിൽ കയറാൻ ആജ്ഞാപിച്ചു. ആ ജീപ്പ് എന്നേയും കൂടി ചുമന്നുകൊണ്ട് കൊടുങ്ങല്ലൂരിലുള്ള സുവർണ്ണ ജ്വല്ലറിയുടെ മുന്നിൽ വന്ന് കിതച്ച് നിന്നു.

publive-image

ജ്വല്ലറിയുടമ നജീബിന്റെ പരിചയക്കാരനാണ്. ഒരു മാസത്തിനുള്ളിൽ പണം കൊടുക്കണം എന്ന കരാറിൽ മൂന്നുപവന്റെ മാല നജീബ് വാങ്ങി തന്നു. അതു വാങ്ങിയപ്പോൾ എന്റെ കണ്ണ് രണ്ടാമതും നിറഞ്ഞു. അതേ ജീപ്പിൽ തന്നെ അദ്ദേഹം എന്നെ വീട്ടിൽ കൊണ്ടുവിട്ടു.

ബന്ധുക്കളും നാട്ടുകാരുമൊക്കെ വന്നിട്ടും എന്നെ കാണാത്തതിൽ അച്ഛൻ രോഷം കൊണ്ടു കുറേ ചീത്തയും കേട്ടു. എന്നാൽ മാല ഏറ്റ് വാങ്ങിയ അമ്മയ്ക്ക് കാര്യം മനസ്സിലായി. കല്യാണം ഭംഗിയായി നടന്നു. ദൈവസഹായം കൊണ്ട് കുറച്ച് വർക്ക് കിട്ടി പറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ ജ്വല്ലറിയിലെ കടം വീട്ടാൻ കഴിഞ്ഞു. കെ ഐ നജീബ് എന്ന ആ വലിയ മനുഷ്യനെ മരണം കൂട്ടികൊണ്ട് പോയി. മറക്കില്ല ഞാൻ മരിക്കുവോളം .

Advertisment