ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് രാഷ്ട്രീയ തീരുമാനമായി ! സഭാ നേതൃത്വവും അറസ്റ്റിന് മൗനാനുവാദം നല്‍കിയതായി സൂചന ! ബിഷപ്പിന്റെ ശ്രമം ഇനി മുന്‍‌കൂര്‍ ജാമ്യത്തിന് !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, September 12, 2018

തിരുവനന്തപുരം:  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണത്തില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് ജനപിന്തുണ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബിഷപ്പിന്റെ അറസ്റ്റ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടതായി സൂചന.

19 ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ബിഷപ്പിനു നോട്ടീസ് നല്‍കിയിട്ടുണ്ട്. അന്ന് തന്നെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ബിഷപ്പിനെതിരെ അറസ്റ്റിന് പാകമായ ജനവികാരം ശക്തമായ സാഹചര്യത്തില്‍ അറസ്റ്റല്ലാതെ മറ്റ്‌ മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുകയാണ്.

കന്യാസ്ത്രീ പറയുന്ന ദിവസങ്ങളില്‍ ബിഷപ്പ് കുറവിലങ്ങാട്ടെ മഠത്തില്‍ എത്തിയിരുന്നു എന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും അറസ്റ്റ്. ഇപ്പോഴും കോടതിയില്‍ നിലനില്‍ക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്.

അതേസമയം, സംഭവത്തില്‍ സര്‍ക്കാരിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ശക്തമായിരിക്കെ അറസ്റ്റ് നടപ്പിലാക്കാതെ മറ്റ്‌ മാര്‍ഗ്ഗങ്ങള്‍ അവശേഷിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ ബിഷപ്പിനെ സംരക്ഷിക്കുന്നുവെന്ന പഴി കേട്ട് ഇനിയും മുന്നോട്ട് പോകാനാകില്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍.

സഭകള്‍ക്കും അറസ്റ്റിനോട് എതിരഭിപ്രായമില്ലെന്ന സൂചനകളാണ് സര്‍ക്കാരിന് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ നിലവില്‍ ജലന്ധറിലുള്ള ബിഷപ്പിന് കേരളത്തിലെത്താന്‍ മതിയായ നോട്ടീസ് കാലാവധി നല്‍കി വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യാനാണ് തീരുമാന൦.

അതേസമയം, അറസ്റ്റ് ഉറപ്പായതോടെ ബിഷപ്പ് മുന്‍‌കൂര്‍ ജാമ്യത്തിന് ശ്രമിച്ചേക്കുമെന്ന അഭ്യൂഹവും ശക്തമാണ്. അങ്ങനെ വന്നാല്‍ അറസ്റ്റ് നീളാന്‍ സാധ്യതയുണ്ട്.

×