Advertisment

കാമ്പസുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കണം - ഷംസീര്‍ ഇബ്രാഹിം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്:   'വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക' എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജൂലൈ 1 മുതല്‍ 20 വരെ സാഹോദര്യ രാഷ്ട്രീയ ജാഥ നടത്തുകയാണ്. രാജ്യത്ത് ഇന്ന് പകയുടെയും വിദ്വേഷത്തിന്റയും രാഷ്ട്രീയമാണ് ആധിപത്യം നേടിക്കൊണ്ടിരിക്കുന്നത്. വ്യവസ്ഥാപിതമായ ഭരണകൂട പദ്ധതികളായും ആള്‍ക്കൂട്ട കൊലപാതകങ്ങളായും ഈ പകയുടെ രാഷ്ട്രീയം പ്രത്യക്ഷപ്പെടുന്നുണ്ട്.

Advertisment

ദേശീയ തലത്തില്‍ മുസ്ലിംകളെയും മറ്റ് പിന്നാക്ക വിഭാഗങ്ങളെയും അപരവല്‍കരിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിയടക്കമുള്ളവര്‍ നടത്തിയ നിരന്തര വിദ്വേഷ പ്രചാരണങ്ങളാണ് ഭരണ പരാജയം മറച്ചുവെച്ച് സംഘ ്ശക്തികളെ വീണ്ടും അധികാരത്തിലെത്തിച്ചത്. ഏത് കള്ള പ്രചാരണവും കണ്ണടച്ച് വിശ്വസിക്കാനാകുന്ന തരത്തിലേക്ക് സമൂഹത്തെ മാറ്റിയെടുക്കാനും സംഘ്പരിവാറിന് സാധിച്ചിട്ടുണ്ട്.

കേരളത്തില്‍ ഇടതുപക്ഷമടക്കമുള്ള പാര്‍ട്ടികള്‍ സംഘ്പരിവാറിന്റെയും മറ്റും ഇത്തരം പ്രചാരണങ്ങള്‍ക്ക് ശക്തി പകരുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. വിദ്വേഷത്തിന്റെയും പകയുടെയും രാഷ്ട്രീയത്തെ മറികടക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും രൂപപ്പെടുന്ന സാഹോദര്യത്തിന്റെ രാഷ്ട്രീയം. ഈ സാഹോദര്യത്തിന്റെ രാഷട്രീയം രൂപപ്പെടുത്താന്‍ പ്രാഥമികമായി ഇവിടെയുള്ള വിവേചനങ്ങളെ തിരിച്ചറിഞ്ഞ ് അതിനെ പ്രതിരോധിക്കാനാകണം.

ജാതി, വംശം, മതം, ലിംഗം, പ്രദേശം, വര്‍ഗം തുടങ്ങി പല ഘടകങ്ങളായി ഇവിടെ വിവേചനം നിലനില്‍ക്കുന്നുണ്ട്. രോഹിത് വെമുല, നജീബ്, അഖ്‌ലാഖ് എല്ലാം ഇത്തരത്തില്‍ വ്യത്യസ്ത രീതിയില്‍ ഇരകളാക്കപ്പെട്ടവരായിരുന്നു. വിവേചനം നേരിടുന്നവനോടും നീതിനിഷേധിക്കപ്പെടുന്നവനോടും അക്രമിക്കപ്പെടുന്നവനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും അവര്‍ക്കായി പോരാടാനും സാഹോദര്യം പ്രേരിപ്പിക്കണം.

ഇരകളോട് ഐക്യപ്പെടുന്നതും അധികാരികളോട് വിയോജിക്കുന്നതും വലിയ പാതകമാണ് ഇന്ന്. ഗൗരി ലങ്കേഷ്, ധബോല്‍ക്കര്‍, പന്‍സാരെ, ജസ്റ്റിസ് ലോയ, സഞ്ജീവ് ഭട്ട് എന്നിങ്ങനെ നീളുന്നുണ്ട് ജനാധിപത്യത്തിന്റെ ആത്മാവായ വിയോജിക്കാനുള്ള അവകാശത്തിനായി പോരാടി ജീവനും ജീവിതവും നഷ്ടപ്പെടുത്തേണ്ടി വന്നവരുടെ നിര. കേരളത്തില്‍ ഇടതുപക്ഷത്തോട് വിയോജിക്കുന്നവരോട് അവരും സ്വീകരിക്കുന്ന നിലപാട് വ്യത്യസ്തമല്ല.

കേരളത്തിലെ രാഷട്രീയ കൊലപാതകങ്ങളും കാമ്പസ് അക്രമങ്ങളും അതിന്റെ വ്യക്തമായ തെളിവുകളാണ്. കാമ്പസുകളില്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടന നടപ്പാക്കുന്ന അക്രമ രാഷ്ട്രീയത്തിന്റെ അവസാന ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജില്‍ നടന്നത്. ഇത്തരം സംഭവങ്ങള്‍ ആധിപത്യങ്ങളെയും മേധാവിത്തങ്ങളെയും എതിര്‍ക്കുന്നവര്‍ക്കുള്ള സൂചനകള്‍ കൂടിയാണ്.

തങ്ങള്‍ക്ക് വിധേയപ്പെടാത്തവരുടെ അവസ്ഥ ഇതാകുമെന്നാണ് അധികാരികള്‍ ഇവിടെ പ്രഖ്യാപിക്കുന്നത്. ഇത്തരം വിവേചനങ്ങളെ ചെറുക്കാനും വിധേയത്ത മനസ്ഥിതിയെ ഇല്ലാതാക്കാനുമാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഉയര്‍ത്തുന്ന സാഹോദര്യ രാഷ്ട്രീയം ആവശ്യപ്പെടുന്നത്. ഈ രാഷ്ട്രീയത്തിന്റെ പ്രചരണത്തിനും ഒപ്പം കേരളത്തിലെ പൊതു ജനങ്ങളുടെ പിന്തുണ ഈ രാഷ്ട്രീയത്തിനുണ്ടാവണമെന്ന് അഭ്യര്‍ഥിക്കാനുമാണ് ഫ്രറ്റേണിറ്റി സാഹോദര്യ രാഷ്ട്രീയ ജാഥ നടത്തുന്നത്.

ഈ ജാഥയുടെ തുടക്കം മുതല്‍ തന്നെ അതിനെ തടയാന്‍ സംസ്ഥാന സര്‍ക്കാറും അവരുടെ പൊലീസും ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയും കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്. തിരുവനന്തപുരം ലോകോളേജിലും ആലപ്പുഴ എസ്.ഡി കോളേജിലും എറണാകുളം മഹാരാജാസിലും പെരിന്തല്‍മണ്ണ പോളിയിലും വ്യാപകമായ അക്രമങ്ങളാണ് പൊലീസും ഇടത് പാര്‍ട്ടികളും നടത്തിയത്.  ഇത്തരമെല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് സാഹോദര്യ രാഷ്ട്രീയത്തെ വിവിധ ജനവിഭാഗങ്ങള്‍ ഏറ്റെടുക്കുക തന്നെ ചെയ്യും.

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍: 1. ഷംസീര്‍ ഇബ്രാഹിം (ജാഥാ ക്യാപ്റ്റന്‍, ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ്) 2. കെ.എസ്.നിസാര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി) 3. നജ്ദ റൈഹാന്‍ (സംസ്ഥാന വൈസ് പ്രസിഡന്റ്) 4. സാന്ദ്ര എം.ജെ (സംസ്ഥാന സെക്രട്ടറി) 5. റഹീം ചേന്ദമംഗല്ലൂര്‍ (ജില്ലാ പ്രസിഡന്റ്).

Advertisment