ഉപ്പള റെയിൽവേ സ്റ്റേഷൻ: കൂടുതൽ ദിവസം സമരമിരിക്കേണ്ടി വരില്ല. റെയിൽവേ പ്രതിനിധികൾ ഉടൻ തന്നെ ഉപ്പളയില്‍ എത്തും – ഉറപ്പ് നല്‍കി പിയൂശ് ഗോയല്‍

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Saturday, January 12, 2019

കാസർകോട്:  ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷന്റെ (HRPM) നേതൃത്വത്തിൽ ഉപ്പള റെയിൽവേ സ്റ്റേഷൻ സംരക്ഷണത്തിനായി നടത്തി വരുന്ന “ബച്ചാവോ ഉപ്പള റെയിൽവേ സ്റ്റേഷൻ” സത്യാഗ്രഹ സമരം പന്ത്രണ്ടാം നാൾ പിന്നിടുമ്പോൾ ശുഭകരമായ വാർത്ത.  എച്ച് ആര്‍ പി എം ദേശീയ പ്രസിഡണ്ട് പ്രകാശ് ചെന്നിത്തല കേന്ദ്ര റെയിൽവേ മന്ത്രി പിയൂശ് ഗോയലുമായി ഡൽഹിയിൽ ചർച്ച നടത്തി.

സംഘടനയുടെ ഡൽഹി ഘടകം പ്രസിഡണ്ട് ഡോ.മാധവ്, ലീഗൽ അഡ്വൈസർ അഡ്വ.കണ്ണൻ എന്നിവരും കൂടെയുണ്ടായിരുന്നു. എച്ച് ആര്‍ പി എം നേതൃത്വം നൽകി മഞ്ചേശ്വരം താലൂക്കിലെ ജനങ്ങൾ ഒറ്റക്കെട്ടായി സത്യാഗ്രഹ സമരം നടത്തി വരുന്നതായി ഫോട്ടോ വീഡിയോ സഹിതം മന്ത്രിയെ ബോധ്യപ്പെടുത്തി.

കൂടുതൽ ദിവസം സമരമിരിക്കേണ്ടി വരില്ലെന്നും ഉടൻ തന്നെ റെയിൽവേ പ്രതിനിധികൾ ഉപ്പള റെയിൽവേ സ്റ്റേഷനിൽ എത്തുമെന്നും റിപ്പോർട്ട് കിട്ടിയ ഉടൻ നിങ്ങളുടെ നിവേദനത്തിൽ പറഞ്ഞ കാര്യങ്ങൾ പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി പിയൂശ് ഗോയൽ പ്രകാശ് ചെന്നിത്തലക്ക് മറുപടി നൽകി.

മറ്റ് ചില പ്രമുഖരെയും അദ്ദേഹം ഈ വിഷയം ബോധ്യപ്പെടുത്തി. എന്നാൽ അനുകൂലമായ തീരുമാനമുണ്ടാവുന്നത് വരെ സമരം ശക്തമാക്കാനാണ് എച്ച്.ആർ.പി.എമ്മിന്റെയും, സമരസമിതിയുടെയും തീരുമാനം.

×