Advertisment

കേരള കോണ്‍ഗ്രസ്‌ (എം) ഇടുക്കി ജില്ലയിലെ പോഷക സംഘടനകള്‍ ജോസ്‌ കെ മാണിക്കൊപ്പം

New Update

കട്ടപ്പന:  ഇടുക്കി ജില്ലയിലെ കേരള കോണ്‍ഗ്രസ്‌ (എം) പോഷക സംഘടനകള്‍ ജോസ്‌ കെ. മാണിക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. യൂത്ത്‌ ഫ്രണ്ട്‌ (എം) ജില്ലാ പ്രസിഡന്റ്‌ ഷിജോ തടത്തില്‍, വനിത കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സെലിന്‍ കുഴിഞ്ഞാലില്‍, കെ.റ്റി.യു.സി. ജില്ലാ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ അമ്പഴം, കര്‍ഷക യൂണിയന്‍ ജില്ലാ പ്രസിഡന്റ്‌ തങ്കച്ചന്‍ വാലുമ്മേല്‍, കെ.എസ്‌.സി. ജില്ലാ പ്രസിഡന്റ്‌ ജോമറ്റ്‌ ഇളംതുരുത്തിയില്‍ എന്നിവര്‍ പങ്കെടുത്ത പത്രസമ്മേളനത്തിലാണ്‌ ജോസ്‌ കെ. മാണിയുടെ നേതൃത്വത്തിന്‌ പിന്തുണ പ്രഖ്യാപിച്ചത്‌.

Advertisment

publive-image

കേരള രാഷ്‌ട്രീയത്തില്‍ നിന്നും അപ്രസക്തമാകുമായിരുന്ന ജോസഫ്‌ വിഭാഗത്തെ കൂടെ നിര്‍ത്തി പുനര്‍ജ്ജീവിപ്പിച്ചതിനുള്ള പ്രത്യുപകാരമാണ്‌ മാണി സാറിന്റെ നിര്യാണത്തെത്തുടര്‍ന്ന്‌ പാര്‍ട്ടി പിടിച്ചെടുക്കുന്നതിനുവേണ്ടി നടത്തുന്ന സ്വയം പ്രഖ്യാപിത തീരുമാനങ്ങള്‍.

ജനാധിപത്യ പാര്‍ട്ടികളില്‍ ഏതെങ്കിലും കാര്യത്തില്‍ തര്‍ക്കമുണ്ടായാല്‍ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്ത്‌ ഭൂരിപക്ഷ അഭിപ്രായപ്രകാരം തീരുമാനങ്ങള്‍ കൈക്കൊള്ളുകയാണ്‌ പതിവ്‌. ഇപ്രകാരം വിളിച്ചു ചേര്‍ത്ത സംസ്ഥാന കമ്മിറ്റിയിലാണ്‌ ജോസ്‌ കെ. മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തിട്ടുള്ളത്‌.

127 അംഗങ്ങള്‍ ഒപ്പിട്ട്‌ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടും സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാതെ പാര്‍ട്ടിയെ പിളര്‍ത്തി ഒരു വിഭാഗത്തെ കൂടെ നിര്‍ത്തി ചെയര്‍മാനും പാര്‍ട്ടി ലീഡറുമാകാനുള്ള ശ്രമമാണ്‌ ഇതോടെ ഇല്ലാതായത്‌.

കേരള കോണ്‍ഗ്രസ്‌ ലയനത്തിന്‌ ശേഷം ജില്ലയില്‍ പാര്‍ട്ടിക്ക്‌ കരുത്തേകുന്ന നേതൃത്വത്തിന്റെ അഭാവമാണ്‌ തുടരുന്നത്‌. കര്‍ഷകരേയും പുതു തലമുറയേയും പാര്‍ട്ടിയിലേക്ക്‌ ആകര്‍ഷിക്കുന്നതിന്‌ ഉതകുന്ന സമരങ്ങളും തുടര്‍പരിപാടികളും ജില്ലയിലുടനീളം സംഘടിപ്പിക്കുന്നതിന്‌ നിലവിലെ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിന്‌ കഴിഞ്ഞില്ല.

റോഷി അഗസ്റ്റിന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളും കര്‍ഷക സമരങ്ങളുമാണ്‌ പാര്‍ട്ടിക്ക്‌ കരുത്തേകിയത്‌. ലയനത്തോടെ ജോസഫ്‌ വിഭാഗത്തിന്‌ വിട്ടുനല്‍കിയ മണ്‌ഡലം കമ്മിറ്റികളുടെ പ്രവര്‍ത്തനം നിര്‍ജ്ജീവമാണ്‌. പത്ത്‌ വര്‍ഷമായിട്ടും പുതുതായി ഒരാളെ മണ്‌ഡലം പ്രസിഡന്റാക്കാന്‍ പോലും കണ്ടെത്താനാകാതെ തുടരുന്നവരാണ്‌ പലരും.

ജില്ലാ പ്രസിഡന്റായിരുന്ന ജോണി പൂമറ്റത്തിന്റെ നിര്യാണത്തെ തുടര്‍ന്ന്‌ ജില്ലയിലെ സീനിയര്‍ നേതാക്കന്മാരെ മറികടന്ന്‌ സ്വന്തം ഇഷ്‌ടപ്രകാരം പ്രൊഫ. എം.ജെ. ജേക്കബിനെ ജില്ലാ പ്രസിഡന്റായി തീരുമാനിച്ചത്‌ പി.ജെ. ജോസഫ്‌ സാറിന്റെ സ്വന്തം ഇഷ്‌ടപ്രകാരമായിരുന്നു. ലയനസമയത്തെ ധാരണപ്രകാരവും പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം മാണി വിഭാഗത്തിന്‌ അവകാശപ്പെട്ടതാണ്‌.

മാണി സാറിന്റെ നിര്യാണം കഴിഞ്ഞ്‌ രണ്ടര മാസം പിന്നിടുമ്പോഴും ജില്ലാ കമ്മിറ്റി വിളിച്ചു ചേര്‍ത്ത്‌ ഒരു അനുസ്‌മരണ യോഗം പോലും നടത്തുവാന്‍ കഴിയാത്തത്‌ കഴിഞ്ഞ അര നൂറ്റാണ്ട്‌ പൊതുപ്രവര്‍ത്തന രംഗത്ത്‌ സ്‌തുത്യര്‍ഹമായ സേവനം ചെയ്‌ത കേരള കോണ്‍ഗ്രസ്‌ (എം) നേതാവ്‌ മാണി സാറിനോടുള്ള അവഹേളനമാണെന്നും നേതാക്കള്‍ പറഞ്ഞു.

Advertisment