കുടിയേറ്റത്തിന്‍റെ പുത്രന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വ്യാഴാഴ്ച പ്രൌഡപ്രഭയാര്‍ന്ന മലയോര രൂപതയുടെ ആത്മീയ ഇടയനായി അഭിഷിക്തനാകും. ഇടുക്കി രൂപതയ്ക്കൊപ്പം നെല്ലിക്കുന്നേല്‍ കുടുംബങ്ങളുടെ സ്വന്തം പാലാ രൂപതയ്ക്കും ധന്യ മുഹൂര്‍ത്തം

ന്യൂസ് ബ്യൂറോ, ഇടുക്കി
Tuesday, April 3, 2018

ചെറുതോണി:  ഇടുക്കി രൂപതയുടെ പുതിയ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ മെത്രാഭിഷേകത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വാഴത്തോപ്പ് കത്തീഡ്രല്‍ ദേവാലയത്തില്‍ കര്‍ദിനാള്‍ മാർ. ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് മെത്രാഭിഷേക ചടങ്ങുകള്‍ നടക്കുക.

ഇടുക്കി മുന്‍ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, കോതമംഗലം ബിഷപ്‌ മാര്‍ ജോര്‍ജ്ജ് മഠത്തില്‍ക്കണ്ടത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. ആര്‍ച്ച് ബിഷപ്‌ എം സൂസപാക്യം വചന സന്ദേശം നല്‍കും. സിറോ മലബാർ സഭയിലെ മുപ്പതോളം ബിഷപ്പുമാരും മുന്നൂറിലേറെ വൈദികരും ചടങ്ങുകളില്‍ പങ്കെടുക്കും.

വ്യാഴാഴ്ച ഉച്ചയോടെ കരിമ്പനയിലെ രൂപതാ കാര്യാലയത്തില്‍ എത്തുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെയും മറ്റ്‌ ബിഷപ്പുമാരെയും നിയുക്ത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലും മുന്‍ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലും വൈദികരും ചേര്‍ന്ന് സ്വീകരിക്കും.

തുടര്‍ന്ന്‍ ഇവിടെ ഉച്ച ഭക്ഷണത്തിനു ശേഷമായിരിക്കും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെയും നിയുക്ത മെത്രാന്‍ ജോണ്‍ നെല്ലിക്കുന്നേലിനെയും മെത്രാഭിഷേക ചടങ്ങുകള്‍ക്കായി വാഴത്തോപ്പിലെ കത്തീഡ്രല്‍ ദേവാലയത്തിലേക്ക് യാത്രയാവുക.  ഉച്ചയ്ക്ക് രണ്ടു മണിക്കായിരിക്കും മെത്രാഭിഷേക ചടങ്ങുകള്‍.

മെത്രാഭിഷേക ചടങ്ങുകള്‍ക്ക് ശേഷം 5.30 ന് ഇടുക്കി രൂപതാ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ യാത്രയയപ്പ് സമ്മേളനവും പുതിയ ബിഷപ്‌ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ അനുമോദന സമ്മേളനവും നടക്കും.

സമ്മേളനം മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ബിഷപ്‌ മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ അധ്യക്ഷത വഹിക്കും.

ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ്‌ മാര്‍ കൂറിലോസ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഇടയന്റെ പാദമുദ്രകള്‍ എന്ന സ്മരണിക പ്രകാശനം ചെയ്യും. മന്ത്രി എം എം മണി, ജോയ്സ് ജോര്‍ജ്ജ് എം പി, എം എല്‍ എ മാരായ റോഷി അഗസ്റ്റിന്‍, പി ജെ ജോസഫ്, മറ്റ്‌ ജനപ്രതിനിധികള്‍, വൈദികര്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിക്കും.

പുതിയ ബിഷപ്പിനെ വരവേല്‍ക്കാന്‍ കരിമ്പനിലെ ഇടുക്കി രൂപത കാര്യാലയം അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. നിലവിലെ രൂപത കാര്യാലയത്തോട് ചേർന്നു പുതുതായി നിർമിച്ച ക്രിസ്തുജ്യോതി പാസ്റ്ററൽ സെന്ററും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പുതുമോടിയില്‍ ആക്കിയിട്ടുണ്ട്.

ഇതിന്റെ ഒന്നാം നിലയില്‍ ആയിരിക്കും മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ കാര്യാലയം സ്ഥിതി ചെയ്യുക.

ചടങ്ങുകളോടനുബന്ധിച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 5 മണി വരെ പള്ളിക്കവലയില്‍ വണ്‍ വേ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതിനയ്യായിരത്തോള൦ പേര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പന്തലിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍ ഇ ഡിയും ബോളുകളും സ്ഥാപിക്കും. പങ്കെടുക്കുന്നവര്‍ക്കെല്ലാം കുടിവെള്ളവും ലഘു ഭക്ഷണവും ഒരുക്കിയിട്ടുള്ളതായി വികാരി ജനറാള്‍ മോണ്‍ ജോസ് പ്ലാച്ചിക്കല്‍ അറിയിച്ചു.

ഇടുക്കി രൂപതയുടെ രണ്ടാമത് ബിഷപ്പാണ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ആയിരുന്നു രൂപതയുടെ പ്രഥമ ബിഷപ്പ്. വിരമിച്ച അദ്ദേഹം കരിമ്പനിലെ രൂപത കാര്യാലയത്തിൽ ഒരുക്കിയിട്ടുള്ള വസതിയില്‍വിശ്രമജീവിതം നയിക്കും.

2003 ല്‍ രൂപീകൃതമായ ഇടുക്കി രൂപതയില്‍ 155 ഇടവകകളും 183 വൈദികരു൦ രണ്ടേമുക്കാൽ ലക്ഷം വിശ്വാസികളു൦ ഉള്‍പ്പെടുന്നു.

പാലാ രൂപതയിലെ അതിപുരാതന കുടുംബമായ നെല്ലിക്കുന്നേല്‍ കുടുംബത്തില്‍ നിന്നും ഇടുക്കി മരിയാപുരത്തേക്ക് കുടിയേറിയ നെല്ലിക്കുന്നേൽ വർക്കി – മേരി ദമ്പതികളുടെ മകനാണ് ജോണ്‍ നെല്ലിക്കുന്നേല്‍.

പാലാ ഇടമറ്റത്തും കടപ്ലാമറ്റത്തും രൂപതയുടെ പല ഭാഗങ്ങളിലും ശാഖകളുള്ള നെല്ലിക്കുന്നേല്‍ കുടുംബത്തിന്റെ കടപ്ലാമറ്റം ശാഖയില്‍ നിന്നാണ് നിയുക്ത മെത്രാന്റെ കുടുംബം ഇടുക്കി മരിയാപുരത്തേക്ക് കുടിയേറിയത്.

1973 മാർച്ച് 22 നായിരുന്നു ജനനം. 1988-ൽ വൈദികപഠനം ആരംഭിച്ചു. വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി 1998 ഡിസംബർ 30ന് പൌരോഹിത്യം സ്വീകരിച്ചു.

പിന്നീട് നിരവധി ഇടവകകളിൽ സഹവികാരിയായി സേവനം ചെയ്ത ശേഷം ഉപരിപഠനാര്‍ഥം റോമിലേക്ക് പോയി. അവിടെ നിന്നാണ് ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടിയത്.

ഇടുക്കി രൂപത ചാൻസലർ, രൂപത മതബോധന വിഭാഗത്തിന്‍റെയും ബൈബിൾ അപ്പസ്തോലേറ്റിന്‍റെയും ഡയറക്ടർ, മംഗലപ്പുഴ സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ റെസിഡന്‍റ് അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഇടുക്കി രൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ സെക്രട്ടറിയായി സേവനം ചെയ്തുവരുന്നതിനിടെയാണ് നിയുക്ത ഇടുക്കി ബിഷപ്പായി സഭ ഇദ്ദേഹത്തെ നിയോഗിക്കുന്നത്.

ഇടുക്കി രൂപതയുടെ ആദ്യ ബിഷപ്പായിരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ 75 വയസ് പൂര്‍ത്തിയായതോടുകൂടിയാണ് പദവിയില്‍ നിന്നും വിരമിക്കുന്നത്. ഈ സാഹചര്യത്തിലാണ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നിയമനം.

×