Advertisment

ജോയ്‌സ്‌ ജോര്‍ജ്‌ എം പി യുടെ വികസന അവകാശവാദങ്ങള്‍ ആരാന്റെ കുഞ്ഞിനെ താലോലിക്കുന്നതിനു തുല്യമെന്ന്‌ പി.ടി. തോമസ്‌ എം.എല്‍.എ.

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  കഴിഞ്ഞ 5 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ജോയ്‌സ്‌ ജോര്‍ജ്‌ എം പി പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്‌തകം അസത്യപഞ്ചാംഗമാണെന്ന്‌ പി ടി തോമസ്‌. തൊടുപുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ജില്ലയിലെ കര്‍ഷ ആത്മഹത്യയില്‍ സര്‍ക്കാരിന്റെ അലംഭാവം പ്രകടമാണ്‌. ചുരുങ്ങിയ കാലത്തിനുള്ളില്‍ നാലു കര്‍ഷകരാണ്‌ ഇടുക്കിജില്ലയില്‍ ആത്മഹത്യ ചെയ്‌തത്‌. ജില്ലയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ പോരായ്‌മ കൂടിയാണ്‌ ആത്മഹത്യകള്‍ വര്‍ദ്ധിക്കാന്‍ കാരണം.

publive-image

ഇടുക്കിയുടെ വികസനത്തിന്റെ പേരില്‍ മേനി നടിക്കുന്ന എം.പി.യുടെ ഭാഗത്തു വനിന്നും ഇത്തരം സംഭവങ്ങളിലൊന്നും അവസരോചിതമായ ഇടപെടലുണ്ടായിട്ടില്ലെന്നും പി ടി തോമസ്‌ പറഞ്ഞു. 41 വര്‍ഷത്തെ തളര്‍ച്ചയ്‌ക്കുശേഷം ഇടുക്കിയ്‌ക്ക്‌ കഴിഞ്ഞ നാലു വര്‍ഷമാണ്‌ വളര്‍ച്ചയുണ്ടായതെന്ന എം.പി.യുടെ പ്രസ്‌താവന അപഹാസ്യമാണ്‌.

യു പി എ സര്‍ക്കാരിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍ തന്റേതാണെന്ന്‌ ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ്‌ എം.പി നടത്തുന്നതെന്നും പി ടി തോമസ്‌ പറഞ്ഞു. അടിമാലി -കുമളി ദേശീയപാത ഏറ്റെടുത്തത്‌ തന്റെ കാലത്താണാന്നാണ്‌ എം.പി അവകാശപ്പെടുന്നത്‌. അതിനുവേണ്ടി 164 കോടി രൂപയുടെ വികനസപ്രവര്‍ത്തനങ്ങള്‍ നടത്തിയതായും എംപി അവകാശപ്പെടുന്നു.

കൊല്ലം കുമളി ദിണ്ടിഗല്‍ എന്ന റോഡ്‌ നാഷണല്‍ ഹൈവേ ഏറ്റെടുത്തതും തന്റെ കാലത്താണെന്നാണ്‌ എം പി പ്രസ്‌താവനയിലൂടെ പറയുന്നത്‌. യഥാര്‍ത്ഥത്തില്‍ ഈ കാലഘട്ടത്തില്‍ അദ്ദേഹം എം.പി പോലുമായിരുന്നില്ല. ഈ രണ്ടു റോഡുകളും യു പി എ ഗവ. അധികാരത്തിലിരുന്നപ്പോള്‍ നാഷണല്‍ ഹൈവേ ഏറ്റെടുത്തിട്ടുള്ളതാണ്‌. ഇതടക്കം എം പി അവകാശപ്പെടുന്ന 90 ശതമാനം കാര്യങ്ങളും പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.

10 വര്‍ഷക്കാലം ഫ്രാന്‍സിസ്‌ ജോര്‍ജ്ജും 5 വര്‍ഷക്കാലം എം.എം. ലോറന്‍സും ഇടുക്കിയില്‍ എം പി ആയിരുന്നപ്പോള്‍ ഇടുക്കിയില്‍ വികസനപ്രവര്‍ത്തനങ്ങളൊന്നും നടത്തിയില്ലെന്നാണോ ഇടതുപക്ഷത്തിന്റെ എം പി യായ ജോയ്‌സ്‌ ജോര്‍ജ്‌ പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഇടുക്കി മണ്‌ഡലത്തിലെ നാനാവിധ വികസനങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്‌തകത്തില്‍ വണ്ടിപ്പെരിയാര്‍ പാലം കല്ലാര്‍ പാലം, മൂന്നാറിലെ പാലങ്ങള്‍ എല്ലാം താന്‍ എം പിയായിരുന്ന കാലത്ത്‌ ടെണ്ടര്‍ ചെയ്യുകയോ പണി ആരംഭിക്കുകയോ ചെയ്‌തിട്ടുള്ളതാണെന്ന്‌ പി.ടി.തോമസ്‌ പറഞ്ഞു. സര്‍ക്കാരോഫീസുകള്‍ ജോയ്‌സ്‌ ജോര്‍ജ്‌ എം പിയുടെ കാലത്ത്‌ നിരന്തരമായി അടച്ചു പൂട്ടുകയാണ്‌ ചെയ്‌തത്‌.

റെയില്‍വേ ബുക്കിംഗ്‌ ഓഫീസ്‌ നാലെണ്ണമുണ്ടായിരുന്നതില്‍ ഒന്നുപോലും പ്രവര്‍ത്തിക്കുന്നില്ല. സ്‌പൈസസ്‌ ബോര്‍ഡിന്റെ ജില്ലയിലെ 16 ഓഫീസുകള്‍ അടച്ചുപൂട്ടി. ഏലം കര്‍ഷകര്‍ക്ക്‌ 464 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ അനുവദിച്ചു കൊടുത്തുവെന്ന്‌ എം പി അവകാശവാദം ഉന്നയിക്കുന്നു. വിവരാവകാശ രേഖ അനുസരിച്ച്‌ 2014 മുതല്‍ 2018 വരെ ആകെ 27 കോടി രൂപയാണ്‌ ഏലം കര്‍ഷകര്‍ക്ക്‌ അനുവദിച്ചിട്ടുള്ളത്‌.

തമിഴ്‌ സിനിമാനടന്മാരെ വെല്ലുന്ന കൂറ്റന്‍ കട്ടൗട്ടുകള്‍ ജില്ലയിലുടനീളം സ്ഥാപിച്ചാല്‍ വികസനമാവില്ല. ഇതു തിരിച്ചറിയാന്‍ ഇടുക്കിജില്ലയിലെ ജനങ്ങള്‍ക്കാകും. ജോയ്‌സ്‌ ജോര്‍ജ്ജ്‌ എം പി അവകാശവാദമുന്നയിച്ചിരിക്കുന്ന പല വികസനപ്രവര്‍ത്തനങ്ങളും തന്റേയോ തന്റെ മുന്‍ഗാമികളുടെയോ കാലഘട്ടത്തില്‍ ആരംഭിച്ചതാണെന്നും ഇത്‌ സ്വന്തം വികസനപ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ ജോയ്‌സ്‌ ജോര്‍ജ്‌ ചേര്‍ക്കുകയാണുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തെറ്റായ അവകാശവാദങ്ങള്‍ കൊണ്ട്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാമെന്ന ധാരണ ശരിയല്ല. സ്വന്തം കുഞ്ഞിനെ താലോലിക്കുമ്പോഴാണ്‌ അച്ഛനമ്മമാര്‍ക്ക്‌ അഭിമാനവും സന്തോഷവും ഉണ്ടാകുന്നത്‌. ഈ അഭിമാനവും സന്തോഷവും ആരാന്റെ കുഞ്ഞിനെ താലോലിക്കുമ്പോള്‍ ഉണ്ടാകില്ലെന്നും പി ടി തോമസ്‌ പറഞ്ഞു. ഇത്തരം അസത്യപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്ക്‌ ജനങ്ങള്‍ തക്കതായ മറുപടി നല്‍കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ജില്ലാ സഹകരണബാങ്ക്‌ നടത്തുന്ന ലോണ്‍മേള ഒപ്പം പദ്ധതി പോലും എം പി തന്റേതാക്കി മാറ്റി. ഇടമലക്കുടി ആദിവാസികോളനിയില്‍ ആദ്യമായി പോയ എം പി താനാണെന്ന ജോയ്‌സ്‌ ജോര്‍ജ്ജിന്റെ പ്രചാരണം ബാലിശമാണ്‌. താന്‍ എം പിയായിരുന്ന കാലത്ത്‌ ആയിരക്കണക്കിനാളുകള്‍ക്ക്‌ ചികിത്സാസഹായം വാങ്ങി നല്‍കുവാന്‍ സാധിച്ചിട്ടുണ്ട്‌.

ഇടുക്കി പാര്‍ലമെന്റ്‌ നിയോജകമണ്‌ഡലത്തില്‍ പുതിയതായി 40-ഓളം ഗ്യാസ്‌ ഏജന്‍സികള്‍ക്ക്‌ അനുമതി കൊടുത്തതും താനാണെന്ന്‌ പി ടി തോമസ്‌ പറഞ്ഞു. എം പി പ്രസിദ്ധീകരിച്ചിരിക്കുന്ന അവകാശവാദങ്ങള്‍ തെറ്റാണെന്ന്‌ ചൂണ്ടിക്കാണിക്കാനാണ്‌ താന്‍ ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്‌. ജോണ്‍ നെടിയപാല, എന്‍.ഐ. ബെന്നി, മനോജ്‌ കോക്കാട്ട്‌, ബിജോ മാണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisment