Advertisment

കൊട്ടക്കമ്പൂര്‍ ഭൂമി കൈയ്യേറ്റം: ജോയ്‌സ്‌ ജോര്‍ജ്‌ എം.പി. ജനപ്രതിനിധി പദവി ദുരുപയോഗം ചെയ്‌ത്‌ ഭൂമി സ്വന്തമാണെന്ന്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്നെന്ന്‌ പി.ടി.തോമസ്‌ എം.എല്‍.എ.

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  കൊട്ടക്കമ്പൂര്‍ ഭൂമി കൈയ്യേറ്റ സംഭവത്തില്‍ ഇടുക്കിയെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന അഡ്വ. ജോയ്‌സ്‌ ജോര്‍ജ്‌ നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുകയാണെന്ന്‌ പി.ടി.തോമസ്‌ എം.എല്‍.എ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

Advertisment

ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകളുണ്ടെങ്കില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട്‌ ദേവികുളം സബ്‌ കളക്‌ടര്‍ നോട്ടീസ്‌ നല്‍കിയിട്ടും ഹാജരാകാതെ ഒളിച്ചു കളിക്കുന്നതില്‍ ദുരൂഹതയുണ്ട്‌. ഇതിനോടകം മാറിമാറി വന്ന മൂന്നു സബ്‌ കളക്‌ടര്‍മാര്‍ നോട്ടീസ്‌ നല്‍കിയെങ്കിലും ഹാജരാകുവാന്‍ എം.പി. തയ്യാറായിട്ടില്ല.

publive-image

ഹാജരാകാതിരുന്നതിനു പുറമെ മന്ത്രി എം.എം. മണിയുടെ നേതൃത്വത്തില്‍ സബ്‌ കളക്‌ടര്‍ ഓഫീസിനു മുന്നില്‍ രണ്ടു പ്രാവശ്യം സമരം നടത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുവാനും ശ്രമം നടന്നു. സബ്‌കളക്‌ടര്‍ ഓഫീസ്‌ ഉപരോധം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ സി പി എം നേതൃത്വത്തില്‍ നടത്തിയത്‌ എം.പി.യെ വഴിവിട്ട്‌ സഹായിക്കുന്നതിനാണ്‌.

2017 നവംബര്‍ 7-ന്‌ അന്നത്തെ സബ്‌കളക്‌ടര്‍ പ്രേംകുമാര്‍ രേഖകള്‍ ഹാജരാക്കുവാന്‍ ആവശ്യപ്പെട്ട നോട്ടീസ്‌ നല്‍കി. ഇതിനെതിരെ എം.പി ജില്ലാ കളക്‌ടര്‍ക്ക്‌ പരാതി നല്‍കുകയായിരുന്നു. കൂടാതെ അഭിഭാഷകനെ വച്ച്‌ ഹാജരാകാതെ മറുപടി നല്‍കുവാന്‍ ശ്രമിച്ചെങ്കിലും സബ്‌കളക്‌ടര്‍ അതിന്‌ അനുവദിച്ചില്ല.

ഇതിനിടെ 2017 നവംബര്‍ 9-ന്‌ ഇടുക്കി എം.പി,യുടെ പേരില്‍ കൊട്ടക്കമ്പൂരിലുള്ള ഭൂമിയുടെ പട്ടയം ദേവികുളം സബ്‌കളക്‌ടര്‍ റദ്ദാക്കി. ഇതിനെതിരെ അന്നത്തെ ജില്ലാകളക്‌ടര്‍ ജി.ആര്‍. ഗോകുലിന്‌ എം.പി. അപ്പീല്‍ നല്‍കി. ഈ അപേക്ഷ 7 മാസത്തോളം പൂഴ്‌ത്തിവച്ച ശേഷം ജില്ലാ കളക്‌ടര്‍ സ്ഥലം മാറുന്നതിന്‌ തൊട്ടുമുമ്പ്‌ ദേവികുളം സബ്‌കളക്‌ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ ചോദിച്ച്‌ തിരിച്ചയക്കുകയായിരുന്നു.

വീണ്ടും സബ്‌ കളക്‌ടര്‍ നോട്ടീസ്‌ കൊടുക്കാന്‍ തീയതി നിശ്ചയിച്ചപ്പോള്‍ ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ക്ക്‌ അപ്പീല്‍ നല്‍കി. അപ്പീലിന്റെ പേരു പറഞ്ഞ്‌ ഹാജരാകാതിരിക്കുവാന്‍ തുടങ്ങിയപ്പോള്‍ സബ്‌ കളക്‌ടര്‍ വീണ്ടും നോട്ടീസ്‌ നല്‍കി. ലാന്‍ഡ്‌ റവന്യൂ കമ്മീഷണറുടെ തീര്‍പ്പ്‌ വരുന്നതുവരെ ഹാജരാകാതിരിക്കുന്നതിന്‌ സ്റ്റേ വേണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സ്റ്റേ അനുവദിക്കുകയും ചെയ്‌തു. എന്നാല്‍ 2018 നവംബര്‍ 23-ന്‌ ആറ്‌ ആഴ്‌ചക്കകം ദേവികുളം സബ്‌കളക്‌ടറുടെ മുന്നില്‍ ഹാജരാകുവാന്‍ ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ ഉത്തരവിട്ടു. ഇതനുസരിച്ച്‌ ഇപ്പോഴത്തെ സബ്‌കളക്‌ടര്‍ രേണു രാജ്‌ എം.പി.യ്‌ക്ക്‌ നോട്ടീസ്‌ നല്‍കി. 2019 ജനുവരി 10-ന്‌ ഹാജരാകുവാനായിരുന്നു നിര്‍ദ്ദേശം. ഇതിനെതിരെ വീണ്ടും ഹൈക്കോടതിയെ എം.പി. സമീപിക്കുകയായിരുന്നു.

എം.പി. എന്ന നിലയില്‍ നേരിട്ട്‌ ഹാജരാക്കുന്നതില്‍ നിന്ന്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. മൂന്നു സബ്‌കളക്‌ടര്‍മാര്‍ 5 പ്രാവശ്യം വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തതിനെതിരെ യഥാര്‍ത്ഥ രേഖ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും രേഖ ഹാജരാക്കാതെ അതിനെതിരെ എവിടെയെല്ലാം അപ്പീല്‍ നല്‍കാമോ അത്‌ നല്‍കിയത്‌ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പു വരെ കേസ്‌ നീട്ടുക്കൊണ്ടു പോകുക എന്ന ഉദ്ദേശത്തോടെയാണ്‌.

യഥാര്‍ത്ഥത്തില്‍ എം.പി എന്ന പദവി ജോയ്‌സ്‌ ജോര്‍ജ്‌ ദുരുപയോഗം ചെയ്യുകയാണ്‌. യാതൊരു രേഖകളുടെയും പിന്‍ബലമില്ലാതെ ഇത്രയും ഭീമമായ തട്ടിപ്പ്‌ നടത്തിയതും, ലക്ഷക്കണക്കിന്‌ ആളുകളുടെ പ്രാതിനിധ്യം അവകാശപ്പെടുന്ന ജനപ്രതിനിധി പദവി ദുരുപയോഗം ചെയ്യുന്നതും സമ്മതിദായകരോടുള്ള വെല്ലുവിളിയുമാണ്‌.

ഇതേസമയം ഹൈക്കോടതി നിര്‍ദ്ദേശാനുസരണം ഇടുക്കിജില്ലാ പോലീസ്‌ മേധാവി മൂന്നാര്‍ ഡി വൈ എസ്‌ പി മുഖേന ഭൂമി സംബന്ധിച്ച രേഖകളെക്കുറിച്ച്‌ അന്വേഷണം നടത്തുകയുണ്ടായി. ഒരു രേഖയും ലഭ്യമല്ല എന്നാണ്‌ പോലീസ്‌ നല്‍കിയ മൊഴി. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ഭൂമി സംബന്ധിച്ച മുഴുവന്‍ രേഖകളും ലഭ്യമാണ്‌.

ഒരു രേഖയും ലഭ്യമല്ലെന്ന്‌ പോലീസ്‌ പറയുന്ന എല്ലാ രേഖകളും ആര്‍ക്കും ലഭിക്കും. ഉന്നതതലങ്ങളില്‍ സ്വാധീനം ചെലുത്തി കേസ്‌ അട്ടിമറിക്കാനുള്ള നീക്കമാണ്‌ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നിരിക്കുന്നത്‌. പോലീസിനെയും ജില്ലാ ഭരണകൂടത്തെയും സ്വാധീനിച്ച്‌ ഭൂമി തട്ടിയെടുക്കുവാനാണ്‌ എം.പി. ശ്രമിക്കുന്നത്‌.

വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ യഥാര്‍ത്ഥത്തില്‍ സത്യത്തിന്റെ രേഖകളാണ്‌. അത്‌ പരിശോധിക്കാന്‍പോലും ബന്ധപ്പെട്ട അധികാരികള്‍ തയ്യാറായിട്ടില്ല. ഈ രേഖകള്‍ പരിശോധിക്കാതെ തെറ്റായ റിപ്പോര്‍ട്ട്‌ നല്‍കിയ ജില്ലാ പോലീസ്‌ മേധാവിയുള്‍പ്പെടെയുള്ള പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ നടപടി വേണമെന്നും പി ടി തോമസ്‌ ആവശ്യപ്പെട്ടു.

5 പ്രാവശ്യം നോട്ടീസ്‌ നല്‍കിയിട്ടും ഹാജരാകാതിരിക്കുന്നത്‌ പിടിക്കപ്പെടുമെന്ന ഭയം മൂലമാണ്‌. മൂന്നു സബ്‌കളക്‌ടര്‍മാരും രണ്ട്‌ കളക്‌ര്‍മാരും പരിശോധിച്ചിട്ടും രേഖകള്‍ കൃത്രിമമാണെന്ന്‌ മനസ്സിലായതാണ്‌ അവസാനമായി വീണ്ടും നോട്ടീസ്‌ നല്‍കുവാന്‍ കാരണമായത്‌.

വസ്‌തുതകള്‍ മറിച്ചാണെങ്കില്‍ രേഖകള്‍ ഹാജരാക്കി താന്‍ നിരപരാധിയാണെന്ന്‌ തെളിയിക്കാന്‍ എം.പി.യെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുകയാണെന്നും പി.ടി.തോമസ്‌ പറഞ്ഞു. യൂത്ത്‌ കോണ്‍ഗ്രസ്സ്‌ ഇടുക്കി പാര്‍ലമെന്റ്‌ മണ്‌ഡലം പ്രസിഡന്റ്‌ ബിജോ മാണി, കോണ്‍ഗ്രസ്സ്‌ നേതാക്കളായ ജോണ്‍ നെടിയപാല, എന്‍ഐ.ബെന്നി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisment