Advertisment

കൃത്യമായി ശമ്പളം നല്‍കുന്ന മലയാളത്തിലെ 5 ചാനലുകളുടെ ഗണത്തിലേക്ക് ആദ്യമായി ജയ്‌ഹിന്ദ്‌ ടിവിയും ! ചാനല്‍ വിഴുങ്ങികളെ തെറിപ്പിച്ച് അനാവശ്യ ചിലവുകള്‍ വെട്ടിക്കുറച്ചപ്പോള്‍ മാത്രം ലാഭം മാസം 20 ലക്ഷം. കോണ്‍ഗ്രസ് ഭരണത്തിലിരുന്നിട്ടും ലാഭത്തിലാകാത്ത ചാനല്‍ 10 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി സ്വയംപര്യാപ്തതയിലേക്ക്. പുതിയ സാരഥി ബി എസ് ഷിജുവിന് ലൈക്കടിച്ച് ജയ്‌ഹിന്ദ്‌ ജീവനക്കാര്‍

New Update

publive-image

Advertisment

തിരുവനന്തപുരം:  കോണ്‍ഗ്രസ് അനുകൂല ചാനലായ ജയ്‌ഹിന്ദ്‌ അതിന്റെ ചരിത്രത്തിലാദ്യമായി സ്വയം പര്യാപ്തതയിലേക്ക് ! എല്ലാ മാസവും കൃത്യമായി ശമ്പളം നല്‍കുന്ന മലയാളത്തിലെ 5 -)൦മത് ചാനലായി മാറിയ ജയ്‌ഹിന്ദ്‌ കഴിഞ്ഞ ഏതാനും മാസങ്ങളായി മലയാളത്തില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില ചാനലുകളില്‍ ഒന്നായി മാറിയിരിക്കുന്നു.

അടുക്കും ചിട്ടയുമില്ലാതെ സ്ഥാപനങ്ങള്‍ നടത്തി നഷ്ടത്തിലാക്കി അവസാനിപ്പിക്കുന്നത് പതിവാക്കിയ കോണ്‍ഗ്രസിന്റെ മാധ്യമ വിഭാഗത്തില്‍ ജയ്‌ഹിന്ദിന്റെ നിലവിലെ മുന്നേറ്റം അത്ഭുതകരമായ വിജയമായി മാറിയിരിക്കുകയാണ്.

publive-image

വീക്ഷണം, ജയ്‌ഹിന്ദ്‌ എന്നിവയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ബി എസ് ഷിജു 1 വര്‍ഷം മുമ്പ് ജയ്‌ഹിന്ദിന്റെ ജോയിന്റ് എംഡിയായി ചുമതലയേറ്റതോടെയാണ് ചാനലിന്റെ ശനിദശ മാറിതുടങ്ങിയത്.

ഷിജുവിന്റെ നേതൃത്വത്തില്‍ അടിമുടി മാറ്റങ്ങളാണ് പിന്നീട് ചാനലില്‍ നടപ്പിലാക്കിയത്. ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും എം എം ഹസ്സനും ഷിജുവിന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.

ആദ്യം തെറിച്ചത്‌ ചീഫ് എഡിറ്റര്‍

ഇതോടെ ആദ്യം തെറിച്ചത്‌ 2.50 ലക്ഷം രൂപ ശമ്പളത്തില്‍ സിഇഓയും  ചീഫ് എഡിറ്ററുമായി പ്രവര്‍ത്തിച്ചിരുന്ന കെ പി മോഹനന്‍ തന്നെയായിരുന്നു. ആ ശമ്പളത്തിനും മോഹനനന്റെ സീനിയോറിറ്റിയ്ക്കും ആനുപാതികമായ ഗുണം ചാനലിന് ലഭിക്കുന്നില്ലെന്നതായിരുന്നു ഷിജുവിന്റെ നിലപാട്.

തൊട്ടുപിന്നാലെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലെ മറ്റൊരു ഗുരുതരമായ ക്രമക്കേടും കയ്യോടെ പൊക്കി. പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് ചാനലിലേക്ക് വരുന്ന പരസ്യങ്ങള്‍ ഈ വിഭാഗത്തിലെ ഉന്നതന്റെ സ്വന്തം പരസ്യ ഏജന്‍സി വഴി തിരിച്ചുവിട്ട് ലാഭം കൊയ്യുന്നതായിരുന്നു സംഭവം. അതോടെ മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജറുടെ കസേരയും തെറിച്ചു.

publive-image

കൃത്യമായ ശമ്പളം, തുടര്‍ച്ചയായ 5-)൦ മാസവും  !

പുതിയ ജോയിന്റ് എംഡിയുടെ കാഴ്ചപ്പാടില്‍ ചാനലിലേക്ക് പണം വരുന്നത് ഒരു വഴി, പോകുന്നത് വേറൊരു വഴി. രണ്ടും ശരിയായ വഴിക്കല്ലാതായതോടെ സാമ്പത്തിക കാര്യങ്ങളിലും ബി എസ് ഷിജു പിടിമുറുക്കി. ഇതോടെ 20 ലക്ഷം രൂപയാണ് പ്രതിമാസം അനാവശ്യ ചിലവുകള്‍ വെട്ടിച്ചുരുക്കിയത്.

അങ്ങനെ ലഭിക്കുന്ന വരുമാനം കൊണ്ട് ശമ്പളവും ഇതര ചിലവുകളും വഹിക്കാവുന്ന അവസ്ഥയിലേക്ക് ചാനല്‍ മാറി. അങ്ങനെ കഴിഞ്ഞ അഞ്ച് മാസമായി ഒരു ദിവസം തെറ്റിക്കാതെ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം കൊടുത്തു.

മറ്റ്‌ ചിലവുകളിലും കുടിശിഖയില്ലാതായി. അതേസമയം, പഴയ കടബാധ്യതകള്‍ അതേപടി നിലനില്‍ക്കുകയും ചെയ്യുന്നു. അത് വീട്ടാനുള്ള മാര്‍ഗ്ഗം കെ പി സി സി ഇടപെട്ട് നിര്‍വഹിക്കും എന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ.

publive-image

വ്യൂവര്‍ഷിപ്പിലേക്ക് ആദ്യം മടക്കിക്കൊണ്ടുവന്നത് കോണ്‍ഗ്രസുകാരെ ?

ജയ്‌ഹിന്ദിന്റെ പരിപാടികളിലും അടിമുടി മാറ്റം വരുത്തി. മുഴുവന്‍ സമയ വാര്‍ത്താ ചാനലാക്കി ഇതിനെ മാറ്റിക്കഴിഞ്ഞു. ഓരോ ഒരു മണിക്കൂര്‍ ഇടപെട്ടും അര മണിക്കൂര്‍ വാര്‍ത്ത അവതരണം തുടങ്ങി. ഏഴോളം വാര്‍ത്താധിഷ്ടിത പരിപാടികളും ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.

ഇതോടെ വ്യൂവര്‍ഷിപ്പിലും വമ്പന്‍ കുതിപ്പുണ്ടായി.  പണ്ട് കോണ്‍ഗ്രസുകാര്‍ പോലും കാണാന്‍ മടിച്ചിരുന്ന ചാനല്‍ ഇപ്പോള്‍ മുഖ്യധാര ചാനലുകള്‍ക്കൊപ്പം വ്യൂവര്‍ഷിപ്പുമായി മുന്നേറ്റത്തിലാണ്.

വമ്പന്‍ റിയാലിറ്റി ഷോ ഉള്‍പ്പെടെയുള്ള പുതിയ പ്രോഗ്രാമുകള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. കിഴക്കേക്കോട്ടയിലെ പ്രതിമാസം നാല് ലക്ഷം രൂപ വാടകയുള്ള കെട്ടിടത്തില്‍ നിന്നും പി എം ജി ജംഗ്ഷനിലുള്ള കെ മുരളീധരന്റെ ജനപ്രിയ കമ്മ്യൂണിക്കേഷന്‍സിന്റെ കെട്ടിടത്തിലേക്ക് ഓഫീസ് മാറുന്നതോടെ വാടകയിനത്തിലും നാല് ലക്ഷത്തോളം രൂപയുടെ ലാഭമുണ്ടാകും.

അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള പുതിയ ഓഫീസ് / സ്റ്റുഡിയോ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ പൂര്‍ത്തിയായി വരികയാണ്.

publive-image

ജയ്ഹിന്ദില്‍ ഇപ്പോള്‍ എല്ലാം ഭംഗിയാണ് !

മാര്‍ക്കറ്റിംഗ്, പ്രോഗ്രാം, എഡിറ്റോറിയല്‍ വിഭാഗങ്ങളിലും വലിയ അഴിച്ചുപണിയാണ് നടത്തിയത്. മാതൃഭൂമി ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകളില്‍ നിന്നും മികച്ച ഓഫറുകള്‍ നല്‍കി പ്രഗല്ഭരെയാണ് ജയ്‌ഹിന്ദ്‌ സ്വന്തമാക്കിയിരിക്കുന്നത്. എഡിറ്റോറിയലില്‍ പ്രധാനപ്പെട്ട ചില പുതിയ നിയമനങ്ങള്‍ ഉടനെ ഉണ്ടാവുകയും ചെയ്യും.

അതിനൊപ്പം പാര്‍ട്ടിക്കൂറ് ഇല്ലാതിരുന്ന നിഷ്ക്രിയരായ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കളുടെ ശുപാര്‍ശയില്‍ സി പി എം ഏരിയാ സെക്രട്ടറിയുടെ മകള്‍ വരെ ജയ്‌ഹിന്ദില്‍ സ്റ്റാഫായിരുന്നു. കോണ്‍ഗ്രസുകാര്‍ വേണമെന്നില്ല, എന്നാല്‍ കോണ്‍ഗ്രസ് വിരുദ്ധരെ സ്റ്റാഫില്‍ അ൦ഗീകരിക്കില്ലെന്നാണ് പുതിയ മാനേജ്മെന്റിന്റെ നിലപാട്.

publive-image

ചാനലില്‍ എല്ലാം ഭംഗിയായി നടക്കുന്നുവെന്ന് അറിഞ്ഞതോടെ മുമ്പ് വിട്ടുപോയ പലരും ജയ്‌ഹിന്ദിലേക്ക് തിരിച്ചു പോകാനും ഒരുങ്ങുന്നുണ്ട്. എന്നാല്‍ ആവശ്യ സമയത്ത് ഉപേക്ഷിച്ചു പോയവരെ തിരിച്ചെടുക്കില്ലെന്നാണ് ചാനലിന്റെ പുതിയ നിലപാടത്രെ .

കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസ് ഭരണത്തിലിരുന്ന കാലഘട്ടത്തില്‍ പോലും നേരെചൊവ്വേ നടത്താന്‍ കഴിയാതിരുന്ന പാര്‍ട്ടി ചാനലാണ്‌ പാര്‍ട്ടി പ്രതിപക്ഷത്തിരിക്കെ ലാഭത്തിലായിരിക്കുന്നതെന്നാണ് ശ്രദ്ധേയം. മാനേജ്മെന്റില്‍ സ്ഥാപനത്തോട് കൂറും പ്രോഫഷണലിസവുമുള്ളവര്‍ എത്തിയതോടെ ജയ്‌ഹിന്ദില്‍ എല്ലാം ശരിയാവുകയാണ്.

മുങ്ങുന്ന ചാനലിനെ കരകയറ്റാന്‍ ഷിജുവിനെ നിയോഗിക്കുന്നത് ആന്റണി !

ഡല്‍ഹിയില്‍ ദീര്‍ഘകാലം വീക്ഷണത്തിന്‍റെയും ജെയ്ഹിന്ദ്‌ ടിവിയുടെയും ബ്യൂറോ ചീഫ് ആയിരുന്ന ബി എസ് ഷിജുവിനെ പാര്‍ട്ടിയോടും പ്രസ്ഥാനത്തോടുമുള്ള കൂറും പ്രതിബദ്ധതയും മനസിലാക്കിയാണ് എ കെ ആന്റണി ഇടപെട്ട് മുങ്ങുന്ന പാര്‍ട്ടി ചാനലിനെ കരകയറ്റാന്‍ എഐസിസി വഴി കേരളത്തിലേയ്ക്ക് നിയോഗിച്ചത്.

ഗ്രൂപ്പ് വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ നേതാക്കളുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഷിജുവിന് സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും മുതലിങ്ങോട്ടുള്ള എഐസിസി നേതാക്കളുമായും അടുത്ത ബന്ധമാണുള്ളത്.

ജേര്‍ണലിസം നേടി എംബിഎ ബിരുദധാരിയായ ഷിജു കൂടുതല്‍ ശമ്പളം ലഭിക്കുന്ന വിധം മറ്റു പല മാധ്യമങ്ങളിലും ജോലി ചെയ്യാന്‍ ലഭിച്ച അവസരങ്ങള്‍ വേണ്ടെന്നു വച്ചാണ് പരിമിതികള്‍ക്കിടയിലും സ്വന്തം പാര്‍ട്ടിയുടെ മാധ്യമ വിഭാഗത്തില്‍ ഒതുങ്ങി നിന്ന് പ്രവര്‍ത്തിച്ചത് . ഇതിനു പാര്‍ട്ടി ഒറ്റക്കെട്ടായി നല്‍കിയ പ്രതിഫലം കൂടിയാണ് ഷിജുവിന് പുതിയ ദൗത്യം.

ramesh chennithala kpcc jaihind
Advertisment