Advertisment

സ്വന്തം എംഎല്‍എയ്ക്ക് അടികിട്ടിയിട്ടും സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച കാനത്തിന്റെ നിലപാടില്‍ അമ്പരന്ന് സി പി ഐ ! കാനം സി പി എമ്മിനെ ഭയക്കുന്നതെന്തിനെന്ന് ചോദ്യം !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  പിണറായി സര്‍ക്കാരിന്റെ ആദ്യ കാലത്ത് സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധേയനായ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൌനമാണ് ഇപ്പോള്‍ യു ഡി എഫ് കേന്ദ്രങ്ങളില്‍ ചര്‍ച്ച. സ്വന്തം പാര്‍ട്ടിയുടെ യുവ എം എല്‍ എയെ പോലീസ് അടിച്ചു കൈതല്ലിയൊടിച്ചിട്ടും സര്‍ക്കാരിനെ ന്യായീകരിക്കുന്ന തരത്തിലാണ് പഴയ വീരശൂര പരാക്രമിയായ കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്.

Advertisment

ഇത്രയും മോശം ഒരു പോലീസിനെ താന്‍ കണ്ടിട്ടില്ലെന്നായിരുന്നു അടികൊണ്ട എം എല്‍ എ എല്‍ദോ എബ്രാഹത്തിന്റെ പ്രതികരണം.  എന്നിട്ടും സംഭവത്തെക്കുറിച്ച് ശക്തമായൊന്ന് പ്രതികരിക്കാന്‍ കാനം രാജേന്ദ്രന്റെ നാവ് പൊങ്ങാത്തതെന്താണെന്ന ചോദ്യമാണ് നേതാക്കള്‍ക്കിടയില്‍ ഉയരുന്നത്.

publive-image

അടുത്തിടെ ഇടുക്കി എസ് പിയെ ചൊല്ലി എം എം മണിയും സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറിയും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴും കാനം സ്വന്തം പാര്‍ട്ടിക്കാരെ സംരക്ഷിക്കാനെത്തിയില്ല.

സര്‍ക്കാരിന്റെ തുടക്കകാലത്ത് സര്‍ക്കാര്‍ എന്ത് ചെയ്താലും അതിന് കാനം വക ഒരു വിമര്‍ശനം പതിവായിരുന്നു. ശക്തനായ പിണറായി വിജയനെതിരെ ഒരേ മുന്നണിയില്‍ നിന്നുകൊണ്ട് ശക്തമായി പ്രതികരിച്ചുകൊണ്ടിരുന്ന കാനം കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. കാനത്തിന്റെ പിടിവാശിയ്ക്ക് മുന്നില്‍ പല തവണ പിണറായിക്ക് മുട്ടുമടക്കേണ്ടി വന്നു.

എന്നാല്‍ പൊടുന്നനെയാണ് കാനത്തിന്റെ ആ വിമത ശബ്ദം നിലച്ചത്. ഇപ്പോള്‍ എന്തൊക്കെ പാളിച്ചകള്‍ ഉണ്ടായാലും സര്‍ക്കാരിനെതിരെ കാനം ഒരക്ഷരം മിണ്ടില്ല. സ്വന്തം സഹപ്രവര്‍ത്തകനായ എല്‍ദോ എബ്രാഹം എം എല്‍ എയ്ക്ക് തല്ലുകിട്ടിയ സംഭവത്തിലും സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ പ്രകീര്‍ത്തിച്ച് ഇന്ന് കാനം രംഗത്തെത്തിയത് സി പി ഐക്കാരെപ്പോലും അത്ഭുതപ്പെടുത്തി.  കാനത്തിന്റെ അനുസരണത്തിന് പിന്നില്‍ എന്താണ് കാരണമെന്നാണ് ഇപ്പോള്‍ എല്ലാവരും തിരയുന്നത്.

publive-image

കാനത്തെ സി പി എം മൂലയ്ക്കിരുത്തിയെങ്കില്‍ അതിന് കാരണമുണ്ടാകുമെന്ന സംശയവും ശക്തമാണ്.  പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.  കാനത്തിന് പിണറായിയുടെ അനിഷ്ടം ഏറ്റുവാങ്ങാന്‍ പറ്റാത്തത്ര തരത്തിലുള്ള എന്തോ കാരണങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നതായാണ് മറ്റ്‌ നേതാക്കളും പറയുന്നത്.

ഇതിനിടെ ഈ അവസരം മുതലെടുക്കാന്‍ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയിലും രംഗത്തുണ്ട്.  കാനം സര്‍ക്കാരിനെ ന്യായീകരിച്ചപ്പോള്‍ ശക്തമായ വിമര്‍ശനമാണ് ഇസ്മയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതോടെ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ച് സംസ്ഥാന സെക്രട്ടറി പദവി സ്വപ്നം കാണുന്ന ഇസ്മയിലും പാര്‍ട്ടിയില്‍ പിടിമുറുക്കുകയാണ്.

 

Advertisment