അന്ന് കാനം ഉള്‍പ്പെടെ പറഞ്ഞതൊക്കെ ഗീര്‍വാണം ? 92 എംഎല്‍എമാരുടെ ഭൂരിപക്ഷമുള്ള സര്‍ക്കാരിന് ‘ഭൂരിപക്ഷം’ ഉറപ്പിക്കാന്‍ 7.5 കോടി മുടക്കി ക്യാബിനറ്റ് തിളക്കത്തില്‍ ചീഫ് വിപ്പ് ? പി സി ജോര്‍ജ്ജിനെതിരെ കോടതിയില്‍ പോയതൊക്കെ പഴങ്കഥ !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, August 14, 2018

തിരുവനന്തപുരം:  ആദര്‍ശവും ധാര്‍മ്മികതയും പറയുന്നതിലും പ്രസംഗിക്കുന്നതിലും സമീപ കാലത്തായി സി പി ഐ നേതാക്കളെക്കാള്‍ മിടുക്ക് മറ്റാര്‍ക്കും കാണില്ല. കാണാം രാജേന്ദ്രനും മന്ത്രി വി എസ് സുനില്‍ കുമാറും ഉദാഹരണം.

അതുപോലൊരു വാക്കായിരുന്നു ഈ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ കാനം രാജേന്ദ്രന്‍ പറഞ്ഞത് – ഈ സര്‍ക്കാരില്‍ ചീഫ് വിപ്പ് ഉണ്ടായിരിക്കില്ല. കഴിഞ്ഞ സര്‍ക്കാരില്‍ ചീഫ് വിപ്പ് പദവി കൈകാര്യം ചെയ്തിരുന്നത് സി പി ഐയുടെ ബദ്ധ ശത്രുക്കളായ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പായിരുന്നു. അതിന്റെ വാശിക്കായിരുന്നു കാനം തന്നെ ചീഫ് വിപ്പിന്റെ കാര്യത്തില്‍ നേരിട്ട് പ്രഖ്യാപനം നടത്തിയത്.

പക്ഷേ, അന്ന് പറഞ്ഞത് ഗീര്‍വാണമെന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ആ അനാവശ്യ പദവി എടുത്ത് കാനം സ്വന്തം പോക്കറ്റിലിടുന്നതോടെ. ഒരു ചീഫ് വിപ്പെന്നാല്‍ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ സംബന്ധിച്ച് അതൊരു അവശ്യ പദവിയേയല്ല. അതേസമയം, മുന്‍ യു ഡി എഫ് സര്‍ക്കാരിന് അത് ആവശ്യമായിരുന്നു. ഭൂരിപക്ഷത്തിന് കഷ്ടി 2 അംഗങ്ങളുടെ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ചീഫ് വിപ്പ് അനിവാര്യമായിരുന്നു.

നിയമസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടെന്ന് ഓരോ ഘട്ടത്തിലും ഉറപ്പാക്കേണ്ട ജോലിയാണ് ചീഫ് വിപ്പിനുള്ളത്. അതിനായി വോട്ടെടുപ്പ് വേളയില്‍ എല്ലാ അംഗങ്ങള്‍ക്കും വിപ്പ് കൊടുക്കുക എന്ന ഒറ്റ ജോലിയാണ് ഈ സ്ഥാനക്കാരനുള്ളത്.

കഴിഞ്ഞ സര്‍ക്കാരിലായിരുന്നെങ്കില്‍ 2 എം എല്‍ എമാര്‍ മൂത്രമൊഴിക്കാന്‍ പോകുന്ന അവസരത്തിലും സര്‍ക്കാര്‍ വീഴുമായിരുന്നു. എന്നാല്‍ 71 ന് പകരം 92 എം എല്‍ എമാരുമുള്ള ഭരണ പക്ഷത്തിന് എന്ത് ഭൂരിപക്ഷം ഉറപ്പിക്കലാണ് നടപ്പിലാക്കാനുള്ളത്.

അതും ക്യാബിനറ്റ് റാങ്കിലാണത്രെ ഇത്തവണയും നിയന്ത്രണം. മന്ത്രിമാര്‍ക്ക് ലഭിക്കുന്ന അതേ ശമ്പളം, കാര്‍, വസതി, പേഴ്സണല്‍ സ്റ്റാഫ് ഇതെല്ലാം ഇത്രമാത്രം ആദര്‍ശം പറയുന്ന സി പി ഐ അംഗങ്ങള്‍ ഏറ്റെടുക്കുമോ എന്ന കൌതുകം കാത്തിരുന്നു കാണണം. വല്ലപ്പോഴും 92 എം എല്‍ എമാര്‍ക്ക് ഒരു വിപ്പ് നോട്ടീസ് അയയ്ക്കാന്‍ 25 പേഴ്സണല്‍ സ്റ്റാഫ് ഉണ്ടാകുമോ എന്നതും കാത്തിരുന്നു കാണണം. എങ്കിലേ കാനത്തിന്റെ ആദര്‍ശവും വ്യക്തമാകുകയുള്ളൂ.

മാത്രമല്ല, ഒരു ക്യാബിനറ്റ് റാങ്കുകാരന് ഒരുവര്‍ഷത്തെ ചിലവ് 7.5 കോടിയാണെന്നാണ്‌ ഇടത് മുന്നണി ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ ഇനി ചുമതലയേല്‍ക്കുന്ന ക്യാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പിനും വേണം ഒരു 7.5 കോടി. ഓരോ പാര്‍ട്ടിക്കും വിപ്പുള്ളതിനാല്‍ ഒരു ശിപായി വശം കൊടുത്തുവിടാവുന്ന വിപ്പ് നല്‍കാനാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചീഫ് വിപ്പിനെതിരെ കോടതിയെ സമീപിച്ചവര്‍ക്ക് ഈ 7.5 കോടി സഹിച്ച് ക്യാബിനറ്റ് റാങ്ക്.

×