Advertisment

കൊറോണ വൈറസിനെതിരായ കോഡ് 19 ഓണ്‍ലൈന്‍ ഹാക്കത്തോണില്‍ കണ്ണൂരിലെ വിദ്യാര്‍ത്ഥികള്‍ ജേതാക്കള്‍

New Update

കണ്ണൂര്‍:   കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി മോത്‌വാനി ജഡേജ ഫൗണ്ടേഷന്‍ കോഡ് 19 എന്ന പേരില്‍ സംഘടിപ്പിച്ച 72 മണിക്കൂര്‍ നീണ്ടു നിന്ന ഓണ്‍ലൈന്‍ ഹാക്കത്തോണില്‍ കണ്ണൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജിലെ സി. അഭിനന്ദ്, ശില്‍പ രാജീവ് എന്നിവര്‍ 10,000 ഡോളറിന്റെ ഒന്നാം സമ്മാനം കരസ്ഥമാക്കി.

Advertisment

publive-image

മില്ലേനിയല്‍ തലമുറയ്ക്കായുള്ള ആധുനിക സാങ്കല്‍പ്പിക ക്ലാസ്‌റൂം ഉള്‍പ്പെട്ട ഐ ക്ലാസ്‌റൂം എന്ന പ്രൊജക്റ്റായിരുന്നു സമ്മാനം നേടിയ ഇവരുടെ എന്‍ട്രി. ഇതില്‍, പകര്‍ച്ചവ്യാധിയുടെ കാലത്ത് വിദ്യാര്‍ത്ഥികളെ അധ്യാപകരുമായി സോഷ്യല്‍ മീഡിയ ഇന്റര്‍ഫേസിലൂടെ ബന്ധിപ്പിക്കുന്നു.

മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ആറു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അവതരിപ്പിച്ച കോവിഡ്19ന്റെ വിദൂര രോഗ നിര്‍ണയ പ്രൊജക്റ്റിനാണ് 5.000 ഡോളറിന്റെ രണ്ടാം സമ്മാനം.

ഇത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം പകരാനുള്ള സാധ്യത കുറയ്ക്കുന്നു. ടെലി വിറ്റല്‍ എന്ന ഇവരുടെ പരിഹാരം വെബ്ക്യാമിലൂടെയും ബ്രൗസറിലൂടെയും രോഗിയുടെ സുപ്രധാന സ്ഥിതി വിവരക്കണക്കുകള്‍ വിദൂരമായി പിടിച്ചെടുക്കുന്നു.

മൂന്നാം സ്ഥാനം മൂന്നു വിഭാഗങ്ങളായി തിരിച്ച് മൂന്ന് ടീമുകള്‍ക്കായി 3000 ഡോളറാണ് സമ്മാനത്തുകയായി നല്‍കിയത്.

സാമൂഹ്യ അകലം ഗെയിമായി മാറ്റി വീട്ടിലിരുന്ന് റിവാര്‍ഡുകള്‍ സ്വന്തമാക്കി വ്യാപാരികളില്‍ നിന്നും നേട്ടമുണ്ടാക്കാവുന്ന സോളോ കോയിന്‍, പകര്‍ച്ച വ്യാധിയെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയാനും യാഥാര്‍ത്ഥ വിവരങ്ങള്‍ മനസിലാക്കാനും കഴിയുന്ന കോവിഡ്19 ഫാസ്റ്റ് ചെക്കര്‍, ഏറ്റവും അടുത്തുള്ള കടക്കാരുമായും വിതരണക്കാരുമായും ജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന ഗ്രേപ്പ് കമ്യൂണിറ്റി എന്നിവയാണ് മൂന്നാം സ്ഥാനം നേടിയ മൂന്നു പ്രൊജക്റ്റുകള്‍.

കൂടാതെ നൂതനമായ പരിഹാരങ്ങള്‍ അവതരിപ്പിച്ച മറ്റ് 10 മികച്ച ആശയങ്ങള്‍ക്കും 1000 ഡോളര്‍ വീതം സമ്മാനം നല്‍കി.

ഇന്ത്യയിലെയും വിദേശത്തെയും ആയിരക്കണക്കിന് ഡെവലപ്പര്‍മാരാണ് വീട്ടിലിരുന്ന് ഓണ്‍ലൈന്‍ മല്‍സരത്തില്‍ പങ്കെടുത്തത്.

ആകര്‍ഷകമായ സോഷ്യല്‍ മീഡിയ പോലൊരു പ്ലാറ്റ്‌ഫോണിലൂടെ പഠനം എളുപ്പമാക്കുന്ന സാങ്കല്‍പ്പിക ക്ലാസ്‌റൂമായിരുന്നു തങ്ങളുടെ വിജയം നേടിയ എന്‍ട്രിയെന്നും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരസ്പരം വിനിമയത്തിലൂടെ സംശയങ്ങള്‍ തീര്‍ക്കാനും സഹായിക്കാനും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനും സാധിക്കുമെന്നും പകര്‍ച്ചവ്യാധികള്‍ പോലുള്ള അസാധാരണ കാലത്തും മുടക്കമില്ലാതെ പഠനം തുടരാമെന്നും ഫിസിക്കല്‍ ക്ലാസ് മുറികള്‍ക്കകത്തും പുറത്തും മെച്ചപ്പെട്ട പഠനത്തിനുള്ള ഉപകരണമായി ഇത് പ്രവര്‍ത്തിക്കുമെന്നും ഒന്നാം സ്ഥാനം നേടിയ 19കാരനായ സി. അഭിനന്ദ് പറഞ്ഞു.

ഒന്നിലധികം ആശയവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുപകരം, എല്ലാ പഠന സമൂഹങ്ങള്‍ക്കും പരസ്പരം ഇടപഴകുന്നതിനും വിഭവങ്ങള്‍ പങ്കിടുന്നതിനും തെരഞ്ഞെടുത്ത കോഴ്‌സുകളിലെ പുരോഗതിയുടെ ട്രാക്ക് സൂക്ഷിക്കുന്നതിനുമുള്ള പ്രായോഗിക പരിഹാരമായാണ് തങ്ങള്‍ ഈ പ്ലാറ്റ്‌ഫോം നിര്‍മ്മിച്ചതെന്നും ഉപകാരപ്രദമായ നിരവധി ആപ്ലിക്കേഷനുകള്‍ സംയോജിപ്പിച്ച് ഐക്ലാസ്‌റൂമിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നുവെന്നും ഒന്നാം സ്ഥാനം നേടിയ 20കാരിയായ ശില്‍പ രാജീവ് പറഞ്ഞു.

ലഭിച്ച എന്‍ട്രികളുടെ ഉയര്‍ന്ന നിലവാരവും പങ്കെടുത്തവര്‍ കാണിച്ച ഉല്‍സാഹവും അതിശയിപ്പിച്ചെന്നും കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടം സാധ്യമാക്കുന്നതിന് ഹാക്കര്‍മാരുടെയും ഉപദേശകരുടെയും ഒരു സമൂഹം, പ്രത്യേകിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവ വിദ്യാര്‍ത്ഥികള്‍, ഒത്തുചേര്‍ന്നെന്നും ഹാക്കത്തോണില്‍ അവതരിപ്പിച്ച നിലവാരമുള്ള പ്രൊജക്റ്റുകള്‍ കൊറോണ മൂലമുണ്ടായിട്ടുള്ള വെല്ലുവിളികളെ നേരിടുന്നതിന് സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും വിജയികള്‍ക്ക് നല്‍കിയ മൊത്തം സമ്മാനത്തുകയായ 34,000 ഡോളര്‍ അവരുടെ വെല്ലുവിളികള്‍ തിരിച്ചറിയാനും അവയെ വിപണിയിലേക്ക് എത്തിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോത്‌വാനി ജഡേജ ഫൗണ്ടേഷന്‍ സ്ഥാപകയും പ്രമുഖ സംരംഭകയും നിക്ഷേപകയും സാമൂഹ്യസേവകയുമായ ആശ ജഡേജ മോത്‌വാനി പറഞ്ഞു.

ടി ഐ ഇ മുംബൈ, ഐഎഎംഎഐ സ്റ്റാര്‍ട്ട്അപ്പ് ഫൗണ്ടേഷന്‍, മുംബൈ ഏഞ്ചല്‍സ് നെറ്റ്‌വര്‍ക്ക്, അസോസിയേഷന്‍ ഓഫ് ഡിസൈനേഴ്‌സ് ഓഫ് ഇന്ത്യ, സ്റ്റുമാഗ്‌സ് ആന്‍ഡ് ഗേള്‍സ്‌ക്രിപ്റ്റ് എന്നിവരുമായി ചേര്‍ന്നാണ് മോത്‌വാനി ജഡേജ ഫാമിലി ഫൗണ്ടേഷന്‍ കോഡ് 19 സംഘടിപ്പിച്ചത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (അഹമ്മദാബാദ്), ഐ ഐ ടി ഖരഗ്പൂര്‍, സെന്റര്‍ ഫോര്‍ എന്റര്‍പ്രെനുവര്‍ഷിപ്പ് - അശോക യൂണിവേഴ്‌സിറ്റി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കാളികളായിരുന്നു.

Advertisment