Advertisment

പ്രണയത്തിന്റെ രക്തസാക്ഷികള്‍ - കെസിവൈഎം സംസ്ഥാന വ്യാപകമായി 29 ന് പ്രതിഷേധം സംഘടിപ്പിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:   കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെ വഞ്ചന നിറഞ്ഞ മാര്‍ഗ്ഗത്തിലൂടെ വശപ്പെടുത്തി പീഡനത്തിന് വിധേയമാക്കിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ മനഃപ്പൂര്‍വ്വം വരുത്തുന്ന അപാകതകളും, അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തുന്ന അട്ടിമറികളും ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഉന്നത അധികാരികളുടെ ഇടപെടല്‍ എത്രയും പെട്ടെന്ന് ഈ കേസില്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഇത്തരത്തില്‍ ഇരയാക്കപ്പെട്ട കുടുംബഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും സെപ്റ്റംബര്‍ 29, ഞായറാഴ്ച കേരളത്തിലെ എല്ലാ കെ.സി.വൈ.എം. യൂണിറ്റുകളുടേയും നേതൃത്വത്തില്‍ 'പ്രണയത്തിന്റെ രക്തസാക്ഷികള്‍' എന്ന പേരില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കണമെന്ന് കെ.സി.വൈ.എം. സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

Advertisment

publive-image

ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രം ബാധിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നമല്ല ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ മതവിഭാഗത്തില്‍പ്പെടുന്നവരും ഇതിന്റെ ഇരകളാണ്. കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്നതും പെണ്‍കുട്ടികളുടെ ഭാവിയെ നശിപ്പിക്കുന്നതുമായ ഇത്തരം അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാതി മത രാഷ്ട്രീയത്തിനതീതമായി പതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിന് യുവജനങ്ങള്‍ തയ്യാറാകണമെന്ന് കെ.സി.വെ.എം. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്‍ അഭിപ്രായപ്പെട്ടു.

ഒരു പെണ്‍കുട്ടിക്ക് ഇത്തരം അനുഭവം നേരിടേണ്ടിവന്നാല്‍, അഭിമാന പ്രശ്‌നത്തിന്റെ പേരിലോ ഭീഷണിയുടെ പേരിലോ പരാതിപ്പെടാനോ നിയമ നടപടികളിലേക്ക് പോകാനോ മതാപിതാക്കള്‍ക്ക് കഴിയുന്നില്ല. പരാതി നല്‍കുന്നതിന് മുമ്പ് 90 ശതമാനം സംഭവങ്ങളിലും പെണ്‍കുട്ടികളുടെ സുരക്ഷിതമായ ഭാവിയെ ചൊല്ലി അന്വേഷണ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഒത്തുതീര്‍പ്പിലേക്ക് നയിക്കുന്നതിനാല്‍ ഇത്തരത്തിലുള്ള സംഭവങ്ങളില്‍ തുടരന്വേഷണങ്ങള്‍ നടക്കുന്നില്ല. ഇത് പ്രതികള്‍ക്ക് പ്രോത്സാഹനമാകുന്നു.

പെണ്‍കുട്ടികളോട് പ്രണയം നടിച്ച് അടുത്തുകൂടി വിശ്വാസം നേടിയെടുത്തതിന് ശേഷം ലൈംഗികമായി ദുരുപയോഗിക്കുകയും, അതിന്റെ ഫോട്ടോയും വീഡിയോയും എടുത്ത് വിലപേശുകയും, മത പരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയും ചെയ്തിട്ടുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മതം എന്നതിനെക്കാള്‍ ചില മത തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകളും സംഘടനകളും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്ന സംശയം ശക്തമാണ്.

ഈ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് കെ.സി.വെ.എം. സംസ്ഥാന വ്യാപകമായി എല്ലാ യൂണിറ്റുകളിലും 'പ്രണയത്തിന്റെ രക്തസാക്ഷികള്‍' എന്ന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കൊച്ചി രൂപതയില്‍ നടക്കുന്ന സംസ്ഥാന തീരദേശ ക്യാമ്പിനോട് അനുബന്ധിച്ച് 29-ാം തീയതി ഞായറാഴ്ച ഫോര്‍ട്ട് കൊച്ചിയില്‍ വച്ച് ക്യാമ്പയിന് സംസ്ഥാനതലത്തില്‍ തുടക്കം കുറിക്കും.

സംസ്ഥാന ഭാരവാഹികളായ സിറിയക് ചാഴിക്കാടന്‍, ബിജോ പി ബാബു, ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ജോസ് റാല്‍ഫ്, ഡെലിന്‍ ഡേവിഡ്, തേജസ് മാത്യു കറുകയില്‍, സന്തോഷ് രാജ്, റോസ്‌മോള്‍ ജോസ്, ടീന കെ.എസ്, ഷാരോണ്‍ കെ റെജി, സിസ്റ്റര്‍ റോസ് മെറിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Advertisment