Advertisment

കെ.സി.വൈ.എം. സമാധാന ക്യാമ്പയിന്‍ ആരംഭിക്കുന്നു

New Update

എറണാകുളം:  കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമിതി, തീവ്രവാദപ്രവര്‍ത്തനങ്ങളും മതത്തിന്റെ പേരിലുള്ള ഭീകരപ്രവര്‍ത്തനങ്ങളും ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ വ്യാപകമാകുന്നതിനെതിരെ യുവജനങ്ങള്‍ സമാധാനത്തിന് എന്ന(YOUTH FOR PEACE ) ക്യാമ്പയിന് തുടക്കം കുറിക്കുന്നു.

Advertisment

അഞ്ച് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ക്യാമ്പയിനില്‍ പ്രാര്‍ത്ഥനാദീപം തെളിയിക്കല്‍, സമാധാന സദസ്, കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ 8 ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാകുന്ന സമാധാന സന്ദേശയാത്ര, ജൂലൈ 7 യുവജനദിനത്തില്‍ കേരത്തിലെ 4500 ല്‍പരം ഇടവകകളില്‍ PEACE WALK (സമാധാന നടത്തം), ഓഗസ്റ്റ് ആദ്യവാരം തിരുവനന്തപുരത്ത് വച്ച് അന്താരാഷ്ട്ര പീസ് കോണ്‍ഫ്രന്‍സ് എന്നിങ്ങനെയുള്ള വിവിധ പരിപാടികളില്‍ കേരളത്തിന്റെ പൊതു സമൂഹത്തിലേക്കും പ്രത്യേകിച്ച് കേരളത്തിലെ 50 ലക്ഷം യുവാക്കളിലേക്കും നേരിട്ട് കടന്ന് ചെല്ലുന്ന വിധത്തിലുള്ള ക്യാമ്പയിനുകളാണ് ക്രമീകരിച്ചിരിക്കുന്നത് എന്ന് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്‍ അറിയിച്ചു.

ഇതിന്റെ ഭാഗമായുള്ള പ്രാര്‍ത്ഥനാദീപം തെളിയിക്കല്‍ എല്ലാ രൂപതകളിലും കെ.സി.വൈ.എം. ന്റെ നേതൃത്വത്തില്‍ നടന്ന് വരുന്നു. കേരളത്തിലെ 32 രൂപതകളിലെയും അല്‍മായ സംഘടനാനേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് തീവ്രവാദം, മതഭീകരവാദം, ലോകസമാധാനം, മതേതരത്വം എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന സമാധാന സദസ് ജൂണ്‍ മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും.

ജൂണ്‍ 9-ാം തീയതി തലശ്ശേരി അതിരൂപതയുടെ ആതിഥേയത്വത്തില്‍ കാസര്‍കോട് നിന്നും ആരംഭിക്കുന്ന K2K സമാധാന സന്ദേശയാത്ര ദിവസം 4 രൂപതാ അതിര്‍ത്തികള്‍ പിന്നിട്ട് 16-ാം തീയതി കന്യാകുമാരിയില്‍ സമാപിക്കും. തുടര്‍ന്ന് ജൂലൈ 7-ാം തീയതി കേരളത്തിലെ എല്ലാ ഇടവക ദേവാലയ അതിര്‍ത്തികളിലും രാവിലെ 8 മണിക്കും 9.30 നും ഇടയ്ക്ക് കെ.സി.വൈ.എം. ന്റെ നേതൃത്വത്തില്‍ (PEACE WALK) സമാധാന നടത്തം സംഘടിപ്പിക്കും.

ഓഗസ്റ്റ് ആദ്യവാരം തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര പീസ് കോണ്‍ഫ്രന്‍സില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവജന പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്‍, ജനറല്‍ സെക്രട്ടറി ബിജോ പി. ബാബു, സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, എന്നിവര്‍ അറിയിച്ചു.

കെ.സി.വൈ.എം. സംസ്ഥാന ഭാരവാഹികളായ ജോസ് റാല്‍ഫ്, ഡെലിന്‍ ഡേവിഡ്, തേജസ് മാത്യു, സന്തോഷ് രാജ്, റോസ്‌മോള്‍ ജോസ്, റ്റീന കെ.എസ്., ഷാരോണ്‍ കെ. റെജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കും.

Advertisment