Advertisment

ജോസഫ് പാർലമെന്ററി പാർട്ടി യോഗം വിളിച്ചത് എം പിമാരെ ഒഴിവാക്കി. യോഗം ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി ജോസ് കെ മാണി പക്ഷവും. ഇലക്ഷൻ കമ്മീഷനും കോടതിയും അന്തിമ തീർപ്പ് പറയുംവരെ യോഗം മാറ്റി വയ്ക്കണമെന്ന് റോഷി അഗസ്റ്റിനും ജയരാജു൦

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  കോടതിയുടെയും ഇലക്ഷൻ കമ്മീഷന്റെയും മുന്നിലുള്ള തർക്കങ്ങൾക്ക് പരിഹാരമാകുംമുമ്പ് കേരളാ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേരാനുള്ള പി ജെ ജോസഫിന്റെ നീക്കം പാളുന്നു. കേരളാ കോൺഗ്രസ് ഭരണഘടനയിലെ 22(1) ചട്ട പ്രകാരം യോഗം വിളിക്കേണ്ടതിനു പകരം നിയമസഭാ കക്ഷിയിൽ തന്റെ ഭൂരിപക്ഷം ഉറപ്പിക്കുംവിധം എം എൽ എമാരെ മാത്രമായാണ് ജോസഫ് യോഗത്തിന് ക്ഷണിച്ചിരിക്കുന്നത്.

Advertisment

നിലവിൽ കേരളാ കോൺഗ്രസിലെ 5 എം എൽ എമാരിൽ 3 പേർ ജോസഫ് പക്ഷവും 2 പേര് ജോസ് പക്ഷവുമാണ്. ഈ കണക്കുപ്രകാരം യോഗം നടന്നാൽ ജോസഫിന് ഭൂരിപക്ഷം ലഭിക്കും എന്ന കണക്കുകൂട്ടലിലാണ് ജോസഫ് വിഭാഗം.

publive-image

എന്നാൽ കേരളാ കോൺഗ്രസ് ഭരണഘടനാ പ്രകാരം ചെയർമാനും നിയമസഭയിലെയും പാർലമെന്റിലെയും അംഗങ്ങളും ചേർന്നതാണ് പാർലമെന്ററി പാർട്ടി. ഈ കമ്മിറ്റിയാണ് എല്ലാകാലവും കേരളാ കോൺഗ്രസിൽ പാർലമെന്ററി പാർട്ടി ലീഡറിനെയും നിയമസഭാ കക്ഷി ഭാരവാഹികളെയും തീരുമാനിക്കുക പതിവ്. എന്നാൽ നിലവിലെ പാർട്ടി ചട്ടപ്രകാരമുള്ള പാർലമെന്ററി പാർട്ടിയിൽ ജോസ് കെ മാണി വിഭാഗത്തിനാണ് ഭൂരിപക്ഷം. നിയമസഭാ കക്ഷിയിൽ ഇവർക്കുള്ള 2 എം എൽ എമാർക്കൊപ്പം പാർട്ടിയുടെ 2 എം പിമാരും ജോസ് പക്ഷത്തിനൊപ്പമാണ്.

ചെയർമാന്റെ കാര്യത്തിൽ തർക്കം നിലനിൽക്കുകയാണെങ്കിൽ പോലും പദവി ജോസ് കെ മാണിക്കാണെങ്കിലും പി ജെ ജോസഫിനാണെങ്കിലും സി എഫ് തോമസിനാണെങ്കിലും അവരെല്ലാം പാർലമെന്ററി പാർട്ടി അംഗങ്ങളാണ്. അതുപ്രകാരം 5 എം എൽ എമാരും 2 എം പിമാരും ഉൾപ്പെടെ നിലവിൽ പാർലമെന്ററി പാർട്ടിയുടെ അംഗസംഖ്യ 7 ആണ്. അതിൽ 3 പേർ ജോസഫിനൊപ്പവും 4 പേർ ജോസ് കെ മാണിക്കൊപ്പവുമാണ്. അതിനാലാണ് എം പിമാരെ ഒഴിവാക്കി എം എൽ എമാരെ മാത്രം ഉൾപ്പെടുത്തി യോഗം വിളിക്കാനുള്ള ജോസഫിന്റെ നീക്കം.

എന്നാൽ ഇടുക്കി കോടതിയിലും ഇലക്ഷൻ കമ്മീഷനിലും പാർട്ടിയിലെ തർക്കങ്ങൾ സംബന്ധിച്ച് നിലനിൽക്കുന്ന കേസുകളിൽ അന്തിമ തീർപ്പാകുന്ന വരെ തൽസ്ഥിതി തുടരണമെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട്.

നിലവിൽ നിയമസഭയിൽ ഡെപ്യൂട്ടി ലീഡർ എന്ന നിലയിൽ പി ജെ ജോസഫിന്റെ നേതൃത്വം പ്രൊഫ. ജയരാജു൦ റോഷി അഗസ്റ്റിനും അംഗീകരിക്കുന്നുണ്ട്. നിയമസഭയിൽ ഒറ്റക്കെട്ടായി തന്നെയാണ് കേരളാ കോൺഗ്രസ് പ്രവർത്തിക്കുന്നത്. അതിനാൽ ഇക്കാര്യത്തിൽ സഭയിൽ ഒരു പ്രതിസന്ധി ഇല്ലെന്നിരിക്കെ തിരക്കിട്ട് ചെയർമാനെ തെരഞ്ഞെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് റോഷിയും ജയരാജ്ഉം പി ജെ ജോസഫിന് കത്ത് നൽകി.

രജിസ്റ്ററായും പ്രത്യേക ദൂതൻ മുഖേനയും ഇവർ കത്ത് ജോസഫിനെ ഏൽപ്പിച്ചിട്ടുണ്ട്. ഇക്കാര്യം ജോസ് കെ മാണി വിഭാഗം സ്പീക്കറെയും അറിയിക്കും. ഇതോടെ ജോസഫ് വിഭാഗവും ഇന്ന് നിശ്ചയിച്ചിരുന്ന നിയമസഭാ കക്ഷി യോഗം മാറ്റി വയ്ക്കാൻ ആലോചിക്കുന്നതായാണ് സൂചന. കോട്ടയത്ത് സ്വകാര്യ ഹോട്ടലിൽ ആയിരുന്നു യോഗം വിളിച്ചിരുന്നത്.

പാലാ ഉപതെരഞ്ഞെടുപ്പിന് ശേഷവും കേരളാ കോൺഗ്രസ് തർക്കത്തിൽ പരിഹാരമായിട്ടില്ലെന്നു തെളിയിക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ.

 

pala ele
Advertisment