Advertisment

ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തെന്ന് ജോസ് വിഭാഗം ഇലക്ഷന്‍ കമ്മീഷന് കത്ത് നല്‍കി. 312 പേര്‍ ഒപ്പിട്ട് തെരഞ്ഞെടുപ്പ് നടത്തിയതിന് തെളിവും നല്‍കി. സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്തത് 1969 ലെ ഇന്ദിരാഗാന്ധി v/s നിജലിംഗപ്പ കേസിലെ സുപ്രീംകോടതി ഉത്തരവിന്‍റെ പിന്‍ബലത്തിലെന്നും കമ്മീഷനില്‍ ജോസ് കെ മാണി. ഇന്നലത്തെ യോഗത്തിന് നിയമസാധുതയില്ലെന്ന് ജോസഫ് വിഭാഗവും കമ്മീഷനെ അറിയിക്കും !

New Update

ന്യൂഡല്‍ഹി:  കേരളാ കോണ്‍ഗ്രസ് അധികാരത്തര്‍ക്കത്തില്‍ ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിക്ക് നിയമസാധുത ലഭിച്ചേക്കുമെന്ന് സൂചന. ജോസ് കെ മാണിയെ പാര്‍ട്ടി ഭരണഘടനാ പ്രകാരം സംസ്ഥാന കമ്മിറ്റിയിലെ 312 അംഗങ്ങള്‍ ചേര്‍ന്ന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തെന്നുകാട്ടി ജോസ് കെ മാണി വിഭാഗം ഇലക്ഷന്‍ കമ്മീഷന് കത്ത് കൈമാറി.

Advertisment

ഇന്നലെ ഇ - മെയില്‍ മുഖേനയും ഇന്ന് രാവിലെ ഫാക്സ് മുഖേനയും അയച്ച കത്തിന്റെ ഒര്‍ജിനല്‍ പകര്‍പ്പ് രാവിലെ 11 മണിയോടെ പ്രത്യേക ദൂതന്‍ വശം ഇലക്ഷന്‍ കമ്മീഷനില്‍ എത്തിക്കുകയായിരുന്നു.

publive-image

യോഗം ചേര്‍ന്നതിന് തെളിവായി ഇലക്ഷന്‍ കമ്മീഷനിലുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 312 പേര്‍ ഒപ്പിട്ട് ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതിന്റെ രേഖകള്‍, സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്തതിന്റെ നടപടിക്രമങ്ങള്‍ സംബന്ധിച്ച തെളിവുകള്‍, സംസ്ഥാന സമിതി വിളിച്ചുകൂട്ടാന്‍ മാനദണ്ഡമാക്കിയ 1969 ലെ ഇന്ദിരാഗാന്ധി - നിജലിംഗപ്പ കേസിനെ ആധാരമാക്കിയുള്ള സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിപ്പകര്‍പ്പ് (ചൂണ്ടിക്കാട്ടി)  എന്നിവ ഉള്‍പ്പെടെയാണ് കത്ത് കൈമാറിയിരിക്കുന്നത്.

അതേസമയം, ജോസ് കെ മാണി വിഭാഗം ഇന്നലെ യോഗം ചേര്‍ന്ന നടപടിക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി ജോസഫ് വിഭാഗവും ഇന്ന് ഇലക്ഷന്‍ കമ്മീഷന് കത്ത് നല്‍കും. 10 ദിവസത്തെ നോട്ടീസ് നല്‍കിയല്ല യോഗം ചേര്‍ന്നത്, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയല്ല യോഗം വിളിക്കാന്‍ നോട്ടീസ് നല്‍കിയത്, യോഗം വിളിക്കാനുള്ള അധികാരം ചെയര്‍മാന്റെ ചുമതല വഹിക്കുന്ന വര്‍ക്കിംഗ് ചെയര്‍മാന് മാത്രമാണ് - എന്നീ മൂന്ന്‍ കാര്യങ്ങളാകും ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

publive-image

എന്നാല്‍ ജോസഫ് വിഭാഗം ഉന്നയിക്കാനിടയുള്ള വാദമുഖങ്ങള്‍ മുന്‍കൂട്ടി ഖണ്ഡിച്ചുകൊണ്ടുള്ള രേഖകള്‍ സഹിതവും കീഴ്വഴക്കങ്ങളും സുപ്രീംകോടതി വിധിയും ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കം.

1969 ല്‍ ഇന്ദിരാഗാന്ധി - നിജലിംഗപ്പ തര്‍ക്കത്തെ തുടര്‍ന്ന്‍ ഇന്ദിരാഗാന്ധി സംഘടനാ യോഗം വിളിച്ചു ചേര്‍ത്തതും പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുത്തതുമായ കീഴ്വഴക്കങ്ങള്‍ പ്രകാരമാണ് ജോസ് കെ മാണി വിഭാഗം ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടത്തിയത്. ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന്റെ നിയമവശങ്ങള്‍ പഠിപ്പിക്കാന്‍ കേരളാ കോണ്‍ഗ്രസ് നിയോഗിച്ച അഭിഭാഷക പാനല്‍ മുന്നോട്ട് വച്ച പ്ലാന്‍ പ്രകാരമായിരുന്നു ഈ നീക്കങ്ങള്‍.

അന്ന് ഇന്ദിരാഗാന്ധിയുടെ നടപടി സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ശരിവച്ചിരുന്നു.  ഇതുപ്രകാരം ചെയര്‍മാന്‍ ഇല്ലാതായാല്‍ യോഗം വിളിക്കാന്‍ ബാധ്യസ്ഥരായവര്‍ അതിനു തയാറായില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റിയുടെ നാലിലൊന്ന് പേര്‍ ചേര്‍ന്ന്‍ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ട് ചെയര്‍മാന്റെ ചുമതലയുള്ള ഭാരവാഹിക്ക് കത്ത് നല്‍കണം.

publive-image

കത്ത് നല്‍കി 10 ദിവസം കഴിഞ്ഞിട്ടും ചുമതലയുള്ളയാള്‍ യോഗം വിളിക്കാന്‍ തയാറായില്ലെങ്കില്‍ ഈ നാലിലൊന്ന് ഭാഗം ആള്‍ക്കാര്‍ക്ക് യോഗം ചേര്‍ന്ന്‍ സംസ്ഥാന കമ്മിറ്റി വിളിക്കാനായി മുതിര്‍ന്ന അംഗത്തെ ചുമതലപ്പെടുത്താം. അങ്ങനെ ചുമതലപ്പെടുത്തിയ വ്യക്തിയാണ് ഇന്നലത്തെ യോഗം വിളിച്ചത്.

ഈ യോഗത്തില്‍ സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം ആളുകള്‍ അംഗീകരിക്കുന്നയാള്‍ ചെയര്‍മാനാകും. അതാണ്‌ കേരളാ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഇന്നലെ സംഭവിച്ചത്. ഈ നടപടിക്രമങ്ങള്‍ സ്ഥാപിക്കാന്‍ ഇന്ദിരാഗാന്ധി - നിജലിംഗപ്പ കേസിലെ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ആറംഗ അഭിഭാഷക ടീം കഴിഞ്ഞ 4 ദിവസമായി കോട്ടയത്ത് ക്യാമ്പ് ചെയ്താണ് സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാനുള്ള കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

publive-image

ജോസ് വിഭാഗം ഞായറാഴ്ച സംസ്ഥാന കമ്മിറ്റി വിളിക്കും എന്നറിഞ്ഞിട്ടും കോടതിയെ സമീപിക്കാന്‍ ജോസഫിന് കഴിയാതിരുന്നത് ഈ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടു എന്നതിനാലാണ്. ജോസഫ് എതിര്‍ത്താലും സംസ്ഥാന കമ്മിറ്റി ചേരേണ്ടതില്ലെന്ന് പറയാന്‍ കോടതിയ്ക്കും കഴിയുമായിരുന്നില്ല. അത് മനസിലാക്കി തന്നെയാണ് ജോസഫ് കോടതിയെ സമീപിക്കാതിരുന്നത്. പകരം നടപടിക്രമങ്ങളിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഇലക്ഷന്‍ കമ്മീഷനെ സമീപിക്കുകയാണ് ജോസഫിന്റെ നീക്കം.

ഇന്നലത്തെ യോഗത്തില്‍ സംബന്ധിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ആദ്യം ജോസഫ് പറഞ്ഞെങ്കിലും പിന്നീടതും വിഴുങ്ങി. ചെയര്‍മാന്റെ താത്കാലിക ചുമതല മാത്രമാണ് ജോസഫിനുണ്ടായിരുന്നത്. താത്ക്കാലിക ചുമതലയുള്ളയാള്‍ക്ക് യോഗം വിളിക്കാന്‍ മാത്രമേ കഴിയൂ. ഭാരവാഹികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ അധികാരമില്ല.

publive-image

മുമ്പ് തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി ചേരാന്‍ നീക്കം നടത്തിയ പി ജെ ജോസഫിനെതിരെ കോടതിയെ സമീപിച്ച ആദിക്കാട് മനോജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നായിരുന്നു ആദ്യം ജോസഫ് പറഞ്ഞത്. പക്ഷെ പുറത്താക്കിയില്ല. പുറത്താക്കി തനിക്ക് കത്ത് നല്‍കണമെന്ന് ആദിക്കാട് മനോജ്‌ ജോസഫിനെ വെല്ലുവിളിച്ചിട്ടും നടപടി ഉണ്ടായില്ല.

അതിനാല്‍ തന്നെ ജോസ് കെ മാണി ചെയര്‍മാനാകുന്നതിന് മുമ്പ് തന്നെ ജോസഫ് വിഭാഗം വെട്ടിലായിരുന്നു. ഇപ്പോള്‍ ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത കത്ത് ഇലക്ഷന്‍ കമ്മീഷനിലെത്തിയതോടെ പന്ത് ഇനി ജോസിന്റെ കോര്‍ട്ടിലായി. ജോസ് കെ മാണിയെ ചെയര്‍മാനായി കമ്മീഷന്‍ അംഗീകരിച്ചാല്‍ പിന്നെ ജോസഫിനും മോന്‍സിനും അംഗീകരിക്കുകയെ മാര്‍ഗ്ഗം ഉണ്ടാകുകയുള്ളൂ.

എന്നാല്‍ ജോസഫ് വിഭാഗം തര്‍ക്കം ഉന്നയിച്ചാല്‍ കമ്മീഷന്‍ ഇരുകൂട്ടരെയും ഹിയറിംഗിന് വിളിക്കും. അതിനുശേഷമേ കമ്മീഷന്റെ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ.

 

 

kerala congress new pala ele
Advertisment