Advertisment

പദവി വീതംവയ്‌പ്പിൽ ധാരണയില്ല ! ഇനി സംസ്ഥാന കമ്മിറ്റി വിളിച്ച് ഇരുപക്ഷവും ചെയർമാൻ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ കേരളാ കോൺഗ്രസിന് യുഡിഎഫ് നിർദ്ദേശം ! വിജയിക്കുന്ന ചെയർമാനെ ഇരുകൂട്ടരും അംഗീകരിക്കണം. കമ്മിറ്റി ചേരാൻ സാവകാശം ചോദിച്ച് ഇരുപക്ഷവും ! വെള്ളിയാഴ്ചത്തെ മധ്യസ്ഥ ചർച്ച മാറ്റി !

New Update

കോട്ടയം:  കേരളാ കോൺഗ്രസിലെ തർക്കം തീർക്കാൻ യു ഡി എഫിന്റെ ആഭിമുഖ്യത്തിൽ നാളെ വിളിച്ചിരുന്ന 'മധ്യസ്ഥ ചർച്ച മാറ്റിവച്ചതായി സൂചന.

Advertisment

ഉഭയകക്ഷി ചർച്ചകളിൽ ഇരുകൂട്ടരും സമവായത്തിൽ ഒരു ധാരണയിൽ എത്താൻ കഴിയാതെ വന്നതോടെ കെ എം മാണിയുടെ കാലത്തെ സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്ത് ഇരുകൂട്ടരും തങ്ങളുടെ ചെയർമാൻ സ്ഥാനാർത്ഥികളെ മത്സരിച്ച്‌ വിജയിപ്പിക്കാൻ നേതാക്കൾ നിർദ്ദേശിച്ചിരുന്നു.

publive-image

എന്നാൽ സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടി മത്സരിക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്നും ഇക്കാര്യം തങ്ങൾക്ക് ഒപ്പമുള്ള നേതാക്കളുമായി കൂടിയാലോചിച്ച് അറിയിക്കാൻ സമയം വേണമെന്നും ഇരുകൂട്ടരും ആവശ്യപ്പെട്ടതനുസരിച്ചാണ് ചർച്ച മാറ്റിയത്.

അടുത്തയാഴ്ച വീണ്ടും ചർച്ചയ്ക്ക് ഇരുകൂട്ടരെയും ക്ഷണിച്ചേക്കും. ഉമ്മൻചാണ്ടിയുടെ അസൗകര്യം പരിഗണിച്ചാണ് ചർച്ച മാറ്റിയതെന്നാണ് വിശദീകരണം.

സി എഫ് തോമസ് ചെയർമാൻ, പി ജെ ജോസഫ് പാർട്ടി ലീഡർ, ജോസ് കെ മാണി വർക്കിംഗ് ചെയർമാൻ എന്ന പായ്‌ക്കേജിലായിരുന്നു ചർച്ചയുടെ തുടക്കം. എന്നാൽ ഉഭയകക്ഷി ചർച്ചകളിൽ ജോസ് കെ മാണിക്ക് വൈസ് ചെയർമാൻ പദവി എന്ന കാര്യമാണ് ജോസഫ് മുന്നോട്ട് വച്ചത്.

വർക്കിംഗ് ചെയർമാൻ സ്ഥാനത്ത് ജോസഫ് തുടരുമെന്നും ജോസഫ് വിഭാഗം അറിയിച്ചു. എന്നാൽ ഇത് ജോസ് കെ മാണി വിഭാഗം സമ്മതിച്ചില്ല.

publive-image

മാത്രമല്ല, ജോസ് കെ മാണി വർക്കിംഗ് ചെയർമാനും പി ജെ ജോസഫ് ലീഡറും സി എഫ് തോമസ് ചെയർമാനുമായുള്ള പായ്‌ക്കേജ് മാണിയുടെ മരണശേഷം ജോസ് കെ മാണിയും പി ജെ ജോസഫും തമ്മിൽ ധാരണയിലെത്തിയതാണെന്നും പിന്നീട് ഇത് ജോസഫ് വിഭാഗം തന്നെ അട്ടിമറിക്കുകയായിരുന്നെന്നും ജോസ് പക്ഷം പറയുന്നു.

മാത്രമല്ല, മാണിസാറിന്റെ കാലത്ത് തന്നെ ഏക വൈസ് ചെയർമാനായ ജോസ് കെ മാണിക്ക് ഇപ്പോൾ ചർച്ചയിലൂടെ അതേ പദവി നിലനിർത്തേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. എന്നാൽ ജോസ് കെ മാണിക്ക് വർക്കിംഗ് ചെയർമാൻ സ്ഥാനം വിട്ടുനൽകാൻ ജോസഫ് വിഭാഗം വഴങ്ങിയില്ല. ഇരുവിഭാഗം ധാരണയ്ക്ക് വഴങ്ങാത്ത സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി വിളിക്കാൻ ധാരണയായത്.

സംസ്ഥാന കമ്മിറ്റി യു ഡി എഫ് നിരീക്ഷിക്കും. കമ്മിറ്റിയിൽ ഇരുവിഭാഗവും തങ്ങളുടെ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുക. വിജയിക്കുന്ന ആളെ ഇരുപക്ഷവും അംഗീകരിക്കുക.

മാത്രമല്ല, വർക്കിംഗ് ചെയർമാൻ സ്ഥാനാർഥിക്ക് കിട്ടുന്ന വോട്ടുകളുടെ ശതമാന കണക്ക് പ്രകാരം മറ്റ് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുമ്പോൾ പ്രാതിനിധ്യം തീരുമാനിക്കുക എന്നതാണ് യു ഡി എഫ് നേതാക്കൾ മുന്നോട്ടുവച്ച പായ്‌ക്കേജ്.

സംസ്ഥാന കമ്മിറ്റിയുടെ ലിസ്റ്റ് നിലവിൽ കട്ടപ്പന കോടതിയുടെ മുമ്പിലുണ്ട്. ഈ ലിസ്റ്റിൽ തർക്കമുണ്ടെങ്കിൽ 99 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയുടെ ലിസ്റ്റ് ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചത് ജോയ് എബ്രഹാം ഒപ്പിട്ടത് കേരളാ കോൺഗ്രസ് വെബ്‌സൈറ്റിലുണ്ട്. ഇതിൽ ഇരുകൂട്ടരും അംഗീകരിക്കുന്ന ഒരു കമ്മിറ്റി വിളിച്ചുചേർക്കാനാണ് മധ്യസ്ഥരുടെ നിർദ്ദേശം.

publive-image

സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം സംബന്ധിച്ച് ഇരു വിഭാഗത്തിനും ആശങ്കയുണ്ട്. തങ്ങൾക്കാണ് കമ്മിറ്റികളിൽ ഭൂരിപക്ഷം എന്ന് പറയുമ്പോഴും ജോസ് കെ മാണി പക്ഷത്ത്തിനും ആത്മവിശ്വാസം പോരാ.

കാരണം കമ്മിറ്റി രൂപീകരിക്കുമ്പോൾ ജോസ് പക്ഷത്തായിരുന്ന സി എഫ് തോമസ്, തോമസ് ഉണ്ണിയാടൻ, ജോയ് എബ്രഹാം തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ ഒരു നിര തന്നെ ജോസഫിനൊപ്പം പോയി. ജോസഫിന് കമ്മിറ്റികളിൽ വൻ ഭൂരിപക്ഷമുണ്ടെന്ന് അദ്ദേഹം പലതവണ പരസ്യമായി അവകാശപ്പെട്ടതാണ്. അതിനാൽ ഈ നിർദ്ദേശത്തോട് ജോസഫിന് എതിർപ്പിന് സാധ്യതയില്ല.

എന്തായാലും സംസ്ഥാന കമ്മിറ്റി വിളിക്കുന്ന കാര്യത്തിൽ തീരുമാനം അറിയിക്കാൻ ഇരുകൂട്ടരും സാവകാശം ആവശ്യപ്പെടുകയായിരുന്നു. തങ്ങളുടെ പക്ഷത്തേക്ക് കൂടുതൽ പേരെ എത്തിക്കാനാണ് ഇരു പക്ഷവും ശ്രമിക്കുന്നത്. അക്കാര്യത്തിൽ ഉറപ്പായാൽ രണ്ടു ദിവസത്തിനകം ഇവർ തീരുമാനം അറിയിച്ചേക്കും.

സംസ്ഥാന കമ്മിറ്റിയാണോ സ്റ്റിയറിംഗ് കമ്മിറ്റിയാണോ ചേരേണ്ടതെന്ന കാര്യത്തിലും തീരുമാനം ഉണ്ടാകണം.

ജനാധിപത്യപരമല്ലാത്ത രീതിയിൽ അഞ്ചോ പത്തോ നേതാക്കൾ മാത്രം കൂടി ചെയർമാനെ തീരുമാനിക്കുന്നതിൽ എം എൽ എമാർക്ക് ഉൾപ്പെടെ എതിർപ്പുണ്ടായിരുന്നു. മാത്രമല്ല, കട്ടപ്പന കോടതിയുടെ അവസാന ഉത്തരവിലും സമവായം എന്നാൽ അംഗീകൃത കമ്മിറ്റികളിലെ ഭൂരിപക്ഷം ആയിരിക്കണം എന്ന് രേഖപ്പെടുത്തിയിരുന്നു.

അതിനാൽ കേരളാ കോൺഗ്രസിലെ അധികാര തർക്കം ഇനി ഭൂരിപക്ഷാഭിപ്രായ പ്രകാരം തീരുമാനിക്കാനാണ് സാധ്യത.

pala ele
Advertisment